നല്ല കട്ടിയുള്ള കറുത്ത തലമുടി ആഗ്രഹിക്കാത്തവർ കുറവാണ്. മുടി വളർത്താൻ എന്തൊക്കെ വഴികൾ നോക്കിയാലും കൊഴിച്ചിലാകും ഫലം. ഇതിന് കാരണങ്ങൾ പലതാണ്. ശരീരത്തിൽ പോഷകങ്ങൾ കുറഞ്ഞാലും മുടികൊഴിച്ചിൽ ഉണ്ടാകും. അതിനാൽ ഭക്ഷണത്തിലും നിങ്ങൾ ശ്രദ്ധിക്കണം. ഇനി കാലാവസ്ഥാ മാറ്റമോ മറ്റ് കാരണങ്ങളോ മൂലമുണ്ടാകുന്ന മുടികൊഴിച്ചിലും നരയും തടയാൻ ഒരു എളുപ്പമാർഗമുണ്ട്. ഇത് വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്. ഈ ഹെയർ ഓയിൽ തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നും തയ്യാറാക്കേണ്ട രീതിയും നോക്കാം.
ആവശ്യമായ സാധനങ്ങൾ
വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ
ആവണക്കെണ്ണ - 1.5 ടേബിൾസ്പൂൺ
വൈറ്റമിൻ ഇ ഓയിൽ - അര ടീസ്പൂൺ
റോസ്മേരി - കാൽ ടീസ്പൂൺ
തയ്യാറാക്കേണ്ട വിധം
ഒരു പാത്രത്തിൽ വെള്ളം വച്ച് ചൂടാക്കണം. അതിന് മുകളിൽ മറ്റൊരു പാത്രത്തിൽ ഈ ചേരുവകളെല്ലാം ചേർത്ത് യോജിപ്പിച്ച് ചൂടാക്കിയെടുക്കണം. ഇതിനെ ഡബിൾ ബോയിലിംഗ് രീതി എന്നാണ് പറയുന്നത്. ഒരുപാട് ചൂടാക്കേണ്ട ആവശ്യമില്ല.
ഉപയോഗിക്കേണ്ട രീതി
ശിരോചർമത്തിലും മുടിയിലും ഈ എണ്ണ പുരട്ടിക്കൊടുക്കണം. 15 - 20 മിനിട്ട് വച്ചശേഷം കഴുകി കളയാവുന്നതാണ്. മൈൽഡ് ഷാംപൂ അല്ലെങ്കിൽ താളി മാത്രം ഇതിനായി ഉപയോഗിക്കുക. ആഴ്ചയിൽ മൂന്ന് തവണയെങ്കിലും ഇങ്ങനെ ചെയ്യണം. ഒരു മാസത്തിൽ തന്നെ മുടിയുടെ നീളം കൂടുന്നത് നിങ്ങൾക്ക് കാണാം. മുടി കൊഴിച്ചിലും കുറയും.