ഇന്നത്തെ കാലത്ത് മിക്കവാറും യുവതീയുവാക്കളും നേരിടുന്ന ഒരു പ്രശ്‌നമാണ് അമിതവണ്ണം. തടി കുറയ്ക്കാൻ ജിമ്മും വർക്കൗട്ടിനും ഡയറ്റിനും പുറമെ പലവിധ എളുപ്പവഴികൾ തേടുന്നവരും നിരവധിയാണ്. ഇതിനായി പലവിധ പാനീയങ്ങൾ പരീക്ഷിക്കുന്നവരുമുണ്ട്. കൃത്യമായും മുടങ്ങാതെയുമുള്ള വ്യായാമം, ആരോഗ്യകരമായ ഭക്ഷണക്രമം എന്നിവയാണ് അമിതവണ്ണത്തെ പിടിച്ചുകെട്ടാനുള്ള ഫലപ്രദമായ മാർഗങ്ങൾ. ഇതിനൊപ്പം ചില നുറുങ്ങുവിദ്യകളും കൂടെക്കൂട്ടാം.
ചായ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. ദിവസം രണ്ടുനേരമെങ്കിലും ചായ കുടിക്കുന്നവരാണ് മലയാളികൾ. സങ്കടം വരുമ്പോഴും സന്തോഷം വരുമ്പോഴും രോഗങ്ങൾ ഉള്ളപ്പോഴുമൊക്കെ ചായയെ കൂട്ടുപിടിക്കാറുണ്ട് മിക്കവരും. എന്നാൽ പതിവായി മധുരമുള്ള പാൽച്ചായ കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല. പതിവ് പാൽച്ചായയ്ക്കും കട്ടൻ ചായയ്ക്കും പകരമായി വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ചായ പരിചയപ്പെട്ടാലോ?
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ഗ്ളാസ് കറുവാപ്പട്ട ചായ പതിവാക്കാം. ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കുന്നതിനും ദീർഘനേരം വയർ നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കുന്നതിനും കറുവാപ്പട്ട ചായ സഹായിക്കും. മാത്രമല്ല, ഈ ചായ ദഹനത്തെ മെച്ചപ്പെടുത്തുകയും കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. കറുവാപ്പട്ടയിലെ ആന്റിഓക്‌സിഡന്റുകൾ പ്രി മെൻസ്ട്രുവൽ സിൻഡ്രോം( പിഎംഎസ്) കുറയ്ക്കാനും സഹായിക്കുന്നു.
തയ്യാറാക്കേണ്ട വിധം
വെള്ളം, തേയില, കറുവാപ്പട്ട, പുതിനയില, ഇഞ്ചി എന്നിവയാണ് കറുവാപ്പട്ട ചായ തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ. ആവശ്യമുള്ളവർക്ക് പഞ്ചസാരയും ചേർക്കാം. ആദ്യം വെള്ളം നന്നായി തിളപ്പിച്ചതിനുശേഷം തേയില, കറുവാപ്പട്ട, പുതിനയില, ഇഞ്ചി എന്നിവ ചേർക്കാം. ഇത് അരിച്ചതിനുശേഷം കുടിക്കാം. ആരോഗ്യഗുണങ്ങൾ ഏറെയാണെങ്കിലും മിതമായ അളവിൽ മാത്രമേ കറുവാപ്പട്ട ചായ കുടിക്കാൻ പാടുള്ളൂ.