mp-sudha-ramakrishnan

ന്യൂഡൽഹി: ഡൽഹിയിൽ പ്രഭാത സവാരിക്കിറങ്ങിയ കോൺഗ്രസ് എംപി സുധാ രാമകൃഷ്ണന്റെ നാല് പവൻ സ്വർണമാല പൊട്ടിച്ചതായി പരാതി. തമിഴ്നാട്ടിലെ മയിലാടുതുറെെയിൽ നിന്നുള്ള ലോക്സഭാ അംഗമാണ് സുധാ രാമകൃഷ്ണൻ. ഡിഎംകെ എം പി രാജാത്തിയോടൊപ്പം ചാണക്യപുരിയിലെ പോളണ്ട് എംബസിക്ക് സമീപം നടക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം. മുഖംമൂടി ധരിച്ചെത്തിയ ഒരാൾ സ്കൂട്ടറിൽ വന്ന് തന്റെ മാല തട്ടിയെടുക്കുകയായിരുന്നുവെന്ന് എംപി പരാതിയിൽ പറയുന്നു.


'പുലർച്ചെ 6.15നും 6.20നും ഇടയ്ക്ക് പോളണ്ട് എംബസിയുടെ ഗേറ്റ് മൂന്നിനും നാലിനും സമീപത്ത് ഇരിക്കുമ്പോൾ, ഹെൽമെറ്റ് ധരിച്ച് മുഖം പൂർണമായി മറച്ച് സ്കൂട്ടറിൽ എതിർദിശയിൽ നിന്ന് വന്ന ഒരാൾ എന്റെ സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞു',- സുധാ രാമകൃഷ്ണൻ പറഞ്ഞു. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ പങ്കെടുത്തുന്നതിനായി ഡൽഹിയിലെത്തിയതായിരുന്നു സുധാ രാമകൃഷ്ണൻ.

കഴുത്തിൽ നിന്ന് മാല വലിച്ചെടുത്തപ്പോൾ പരിക്കേറ്റതായും ഇവർ വ്യക്തമാക്കി. ഒരു പാർലമെന്റ് അംഗമായ സ്ത്രീക്ക് അതിസുരക്ഷാ മേഖലയിൽ പോലും സുരക്ഷിതമായി നടക്കാൻ കഴിയുന്നില്ലെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിൽ എംപി വ്യക്തമാക്കുന്നു. കുറ്റവാളിയെ കണ്ടെത്താൻ ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നൽകണമെന്നും തന്റെ സ്വർണമാല വീണ്ടെടുക്കാനും നീതി ലഭ്യമാക്കാനും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും സുധാ രാമകൃഷ്ണൻ അഭ്യന്തര മന്ത്രിയോട് അഭ്യർത്ഥിച്ചു.