ഭുവനേശ്വർ: നാട്ടുകാർ ചേർന്ന് യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം അണക്കെട്ടിൽ തള്ളി. ഒഡീഷയിലെ ഗജപതി ജില്ലയിൽ ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. യുവാവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ലിംഗംമുറിച്ച് മാറ്റി. അടുത്തുള്ള ഹരഭംഗി അണക്കെട്ടിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.
മന്ത്രവാദം നടത്തിയെന്ന് ആരോപിച്ചായിരുന്നു ഒരു കൂട്ടം ഗ്രാമവാസികൾ യുവാവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. രണ്ടാഴ്ച മുമ്പ് നടന്ന ഒരു സ്ത്രീയുടെ മരണത്തിന് പിന്നിൽ ഇയാളാണെന്നാണെന്നാണ് ഗ്രാമവാസികൾ സംശയിക്കുന്നത്. ഞായറാഴ്ച രാവിലെയാണ് റിസർവോയറിൽ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്. ജനനേന്ദ്രിയം മുറിച്ചുമാറ്റിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ 14പേർ അറസ്റ്റിലായിട്ടുണ്ട്.
നാട്ടുകാരുടെ ഭീഷണിയെത്തുടർന്ന് ഗ്രാമം വിട്ട് ഗഞ്ചം ജില്ലയിലെ തന്റെ അമ്മായിയപ്പന്റെ വീട്ടിൽ യുവാവ് ഒളിവിൽ കഴിയുകയായിരുന്നു.എന്നാൽ സഹോദരിയോട് നോക്കാൻ ഏൽപ്പിച്ച തന്റെ കന്നുകാലികളെ കൊണ്ടുപോകാൻ ശനിയാഴ്ച ഗ്രാമത്തിലേക്ക് മടങ്ങുമ്പോഴാണ് യുവാവിനെ നാട്ടുകാർ വളയുകയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയും ചെയ്‌തത്.