മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിൽ നിന്ന് നടൻ ജഗദീഷ് പിന്മാറിയത് ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. സംഘടനയ്ക്ക് ഒരു വനിതാ പ്രസിഡന്റ് വരട്ടയെന്ന ആഗ്രഹത്താൽ പിന്മാറിയെന്നാണ് ജഗദീഷ് വിശദീകരിച്ചത്. ജഗദീഷ് പിന്മാറിയതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൂടുതൽ സാദ്ധ്യത നടി ശ്വേതാ മോനോനായി. ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, ദേവൻ എന്നിവരാണ് മറ്റ് മത്സരാർത്ഥികൾ.
എന്നാൽ ജഗദീഷ് ഭാരവാഹി തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയത് തോൽക്കുമെന്ന ഭയത്താലാണെന്ന് പറയുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലാണ് ദിനേശ് ഇക്കാര്യം വ്യക്തമാക്കുന്നത്. അമ്മയിലെ അംഗങ്ങളായ 22 പേരോടും ആർക്ക് വോട്ട് ചെയ്യുമെന്ന് ചോദിച്ചപ്പോൾ ഒരിക്കലും ജഗദീഷിന് ചെയ്യില്ലെന്നും അദ്ദേഹം വിശ്വസിക്കാൻ കൊള്ളില്ലെന്നും അവർ പറഞ്ഞതായും ശാന്തിവിള ദിനേശ് അവകാശപ്പെടുന്നു.
ശാന്തിവിള ദിനേശിന്റെ വാക്കുകളിലേക്ക്
'അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ദേവൻ അടക്കം മത്സരിക്കുന്നുണ്ട്. ഒരേയൊരു വനിതയെ ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നുള്ളൂ. ശ്വേതാ മേനോൻ. മത്സരം മുറുകി വന്നപ്പോൾ ജഗദീഷ് ഒരു സമ്മർ ഷോട്ടടിച്ചു. മമ്മൂട്ടി-മോഹൻലാൽ എന്നിവർ നിർബന്ധിച്ചാൽ, ഞാൻ നാമനിർദ്ദേശ പത്രിക പിൻവലിക്കാം, ഒരു വനിത പ്രസിഡന്റ് ആകട്ടെ എന്നങ്ങ് പ്രഖ്യാപിച്ചു. ഈ പറഞ്ഞ മൂന്ന് പേരും കമാ എന്നൊരു അക്ഷരം മിണ്ടിയില്ല. കാരണം, ആർക്കും മത്സരിക്കാം എന്നാണല്ലോ മോഹൻലാൽ പറഞ്ഞത്.
എന്നാൽ ഞാനങ്ങ് പിൻവലിച്ചേക്കാം എന്നായി ജഗദീഷ്. പത്തനാപുരത്ത് ഗണേശിനെതിരെ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ചു. ഒരാവശ്യമില്ലാത്ത തീരുമാനമായിരുന്നു അത്. ബുദ്ധിമാന് ചില സമയത്ത് സംഭവിക്കുന്ന മണ്ടത്തരത്തിൽ ഒന്നായിരുന്നു അത്. അന്നവിടെ മത്സരിച്ച ബിജെപി സ്ഥാനാർത്ഥി ഭീമൻ രഘുവായിരുന്നു. രഘുവും ബിജെപി വിട്ടു. ജഗദീഷും കോൺഗ്രസ് വിട്ടു. മോഹൻലാൽ ഗണേശിന് പിന്തുണ പ്രഖ്യാപിച്ച് പത്തനാപുരത്ത് പ്രസംഗിച്ചു. ജഗദീഷിനെപ്പറ്റി ഒരക്ഷരം പറഞ്ഞുമില്ല അന്വേഷിച്ചുമില്ല.
അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചാൽ താൻ നന്നായി തോൽക്കുമെന്നും ജഗദീഷിന് അറിയാമെന്നാണ് എന്റെ വിശ്വാസം ഇല്ലെങ്കിൽ അവർ എല്ലാവരും ചേർന്ന് എന്നെ തോൽപ്പിക്കുമെന്ന് അറിയാം. വിഷമം തോന്നരുത് താങ്കൾക്ക്, അമ്മയിലെ 22 വോട്ടർമാരോട് ഞാൻ ചോദിച്ചു. ഒരാളും ദേവന്റെ പേര് പറഞ്ഞില്ല, 22 പേരും പറഞ്ഞത് ശ്വേതയുടെ പേരാണ്. വെറുതെ തോൽക്കുന്നവർക്ക് എന്തിനാണ് വോട്ട് നൽകുന്നതെന്ന് അവർ ചോദിച്ചു. ജഗദീഷിനെ വിശ്വസിക്കാൻ കൊള്ളില്ലെന്നാണ് 22 പേരിൽ മൂന്ന് പേര് എന്നോട് പറഞ്ഞത്. സുഖിപ്പിച്ച് ജനാധിപത്യം പറയും, പക്ഷേ, ചെയ്യില്ല എന്നാണ് സാറിനെക്കുറിച്ച് അമ്മയുടെ മക്കൾ പറയുന്നത്. ഇക്കാര്യം ആദ്യം മനസിലാക്കിയത് ജഗദീഷായിരിക്കാം. അതുകൊണ്ട് അന്തസായി പിന്മാറി'- ശാന്തിവിള പറഞ്ഞു.