v-shivankutty

തിരുവനന്തപുരം: ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ പ്രകടനം ദേശീയ ചലച്ചിത്ര അവാർഡുകളിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ രൂക്ഷ വിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി. ആടുജീവിതത്തെ മാറ്റിനിർത്തിയത് എന്തുകൊണ്ടാണെന്ന് മന്ത്രി ചോദിച്ചു. ഷാരൂഖ് ഖാന് മികച്ച നടനുള്ള പുരസ്‌കാരവും കേരള സ്റ്റോറിക്ക് മികച്ച സംവിധായകനുള്ള പുരസ്‌കാരവും ലഭിച്ചതിനെ തുടർന്നുള്ള തർക്കം സിനിമാ ലോകത്ത് ചർച്ചയാകുന്നതിനിടെയാണ് പ്രതികരണവുമായി വി ശിവൻകുട്ടി രംഗത്തെത്തിയത്.

ആടുജീവിതത്തെ ഒഴിവാക്കിയത് പക്ഷപാതമോ മുൻകൂർ ധാരണയും വച്ചുകൊണ്ടുള്ള നടപടിയാണെന്ന് മന്ത്രി പറഞ്ഞു. കേരളസ്റ്റോറിക്ക് ഏറ്റവും നല്ല സംവിധായകനുള്ള അവാർഡ് കൊടുത്തതിനു പിന്നിൽ ശക്തമായ ബിജെപി രാഷ്ട്രീയം ഉണ്ടെന്നും വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു. ഷാരൂഖ് ഖാനെ നിക്ക് ഇഷ്ടമാണെന്നും എന്നാൽ ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ പ്രകടനം തന്നെയാണ് മികച്ചതെന്നും ആടുജീവിതം എന്ന സിനിമ മൊത്തത്തിൽ തഴഞ്ഞതെന്തിനാണെന്നും അദ്ദേഹം ചോദിക്കുന്നു.

ജൂറി ചെയർമാനെ വിമർശിച്ച് കഴിഞ്ഞ ദിവസം സംവിധായകൻ ബ്ലെസിയും രംഗത്തെത്തിയിയിരുന്നു. മുമ്പ് അദ്ദേഹം ആടുജീവിതത്തെ പുകഴ്ത്തിപ്പറഞ്ഞിട്ട് ഇപ്പോൾ തള്ളിപ്പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നാണ് ബ്ളെസി അഭിപ്രായപ്പെട്ടത്.