ഇംഗ്ളണ്ടിനെ 6 റൺസിന് കീഴടക്കി ടെസ്റ്റ് പരമ്പര 2-2ന് സമനില
ഓവൽ: നാലേ നാലു വിക്കറ്റ് വീഴ്ത്താൻ സിറാജിനെ കുന്തമുനയാക്കി ഇന്ത്യ. 35 റൺസ് കൂടി നേടാൻ ഒടിഞ്ഞ കൈ സ്ളിംഗിലിട്ട് ക്രിസ് വോക്സിനെ വരെ ക്രീസിലിറക്കി ഇംഗ്ളണ്ട്. ഓരോ പന്തിലും നെഞ്ചിടിപ്പുയർന്ന ഓവൽ ഗ്രൗണ്ടിൽ ഒടുവിൽ യുവ ഇന്ത്യയുടെ ഇതിഹാസ വിജയം.
അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ അഞ്ചാം ദിനം ഇംഗ്ളണ്ടിനെ ആറുറൺസകലെ ആൾഔട്ടാക്കി അഞ്ചുമത്സര പരമ്പര 2-2ന് സമനിലയിലാക്കി. 3-1ന്റെ തോൽവിയുടെ വക്കിൽ നിന്നാണ് ഇന്ത്യ അവിശ്വസനീയമായി തിരിച്ചടിച്ചത്. വിരാടും രോഹിതുമില്ലാഞ്ഞിട്ടും ഗില്ലിന്റെ നേതൃത്വത്തിൽ പുത്തൻ ടീം ഇന്ത്യൻ ക്രിക്കറ്റിനെ വേറേ ലെവലിലേക്ക് ഉയർത്തിയിരിക്കുന്നു.
രണ്ടാം ഇന്നിംഗ്സിൽ 374 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ളണ്ട് നാലാം ദിനം 339/6 എന്ന നിലയിലായിരുന്നു. അവസാനദിനം ജെയ്മീ സ്മിത്തിനേയും(2) ജെയ്മീ ഓവർട്ടണിനെയും (9) സിറാജും ജോഷ് ടംഗിനെ(0) പ്രസിദ്ധ് കൃഷ്ണയും പുറത്താക്കിയതോടെ ഇംഗ്ളണ്ട് 357/9 എന്നനിലയിലെത്തി. ഇതോടെ ഇടംകൈ സ്ളിംഗിലിട്ട് വോക്സ് ക്രീസിലേക്ക്. വോക്സിന് സ്ട്രൈക്ക് നൽകാതെ 10 റൺസ്കൂടി നേടിയ ഗസ്അറ്റ്കിൻസണിന്റെ കുറ്റി പത്താം ഓവറിന്റെ ആദ്യപന്തിൽ പറത്തി സിറാജ് ഇന്ത്യയ്ക്ക് വിസ്മയവിജയം സമ്മാനിച്ചു.
ആദ്യ ഇന്നിംഗ്സിൽ നാലും രണ്ടാം ഇന്നിംഗ്സിൽ അഞ്ചും വിക്കറ്റ് നേടിയ സിറാജ് പ്ളേയർ ഓഫ് ദ മാച്ചായി. ശുഭ്മാൻ ഗില്ലും ഇംഗ്ളീഷ് ബാറ്റർ ഹാരി ബ്രൂക്കും പ്ളേയർ ഒഫ് ദ സിരീസ് പങ്കിട്ടു.
ചോരത്തിളപ്പിന്റെ ജയം
1. പടനയിച്ച ഗില്ലിന്റേയും യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, സിറാജ്, ആകാശ്ദീപ് തുടങ്ങിയവരുടെയും മികച്ച പ്രകടനങ്ങളാണ് പരമ്പര സമനിലയിലെത്തിച്ചത്
2. ഫിറ്റ്നസ് പ്രശ്നങ്ങൾ മൂലം ബുംറയെ എല്ലാ ടെസ്റ്റിലും കളിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ബുംറയില്ളാതിരുന്ന രണ്ട് ടെസ്റ്റുകളിലും വിജയം നേടിയത് യുവപേസർമാരുടെ ആത്മവിശ്വാസം കൊണ്ടാണ്
3. നായകനായുള്ള ആദ്യ പരമ്പരയുടെ ഭാരമുണ്ടായിട്ടും 754 റൺസാണ് ഗിൽ അടിച്ചുകൂട്ടിയത്. പുത്തൻ ടീമിന്റെ വീര്യം 140 കോടി ഇന്ത്യക്കാർക്ക് ആഹ്ളാദവും പ്രതീക്ഷയും പകരുന്നതായി