d

ന്യൂഡൽഹി: ക്രിമിനൽ കേസുകളും രാഷ്‌ട്രീയസാഹചര്യവും കാരണം മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, സംസ്ഥാന മന്ത്രി സ്ഥാനങ്ങളിൽ കാലാവധി തികയ്‌ക്കാത്ത നേതാവാണ് ഇന്നലെ അന്തരിച്ച ജെ.എം.എം നേതാവ് ഷിബു സോറൻ.

1992ൽ പി.വി. നരംസിംഹറാവു സർക്കാരിന് അനുകൂലമായി വോട്ടു ചെയ്യാൻ കൈക്കൂലി വാങ്ങിയെന്ന ആരോപണവും നേരിട്ടു.

2004 ൽ, മൻമോഹൻ സർക്കാരിൽ കൽക്കരി മന്ത്രിയായിരിക്കെ കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട് രാജിവച്ചു. ജാമ്യം ലഭിച്ച് വീണ്ടും മന്ത്രിയായെങ്കിലും 2005 ൽ, ജാർഖണ്ഡ് മുഖ്യമന്ത്രിയാകാൻ വീണ്ടും രാജി. ഭൂരിപക്ഷം തെളിയിക്കാനാകാതെ 9-ാം ദിവസം മുഖ്യമന്ത്രി പദമൊഴിഞ്ഞു. 2006-ൽ മുൻ സെക്രട്ടറി ശശിനാഥ് ഝയുടെ കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട് കേന്ദ്ര കൽക്കരി മന്ത്രി സ്ഥാനം രാജിവച്ചു. 2008ൽ രണ്ടാം തവണ മുഖ്യമന്ത്രിയായപ്പോൾ ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനാൽ കാലാവധി തികയ്‌ക്കാനായില്ല. ജാർഖണ്ഡിൽ ബി.ജെ.പിയുടെ സഖ്യകക്ഷിയായിരിക്കെ യു.പി.എ സർക്കാർ പാർലമെന്റിൽ കൊണ്ടുവന്ന പ്രമേയത്തെ പിന്തുണച്ചതിനെ തുടർന്നാണ് 2010ൽ മുഖ്യമന്ത്രി പദത്തിൽ നിന്ന് രാജിവച്ചത്.

കോൺഗ്രസുമായും ബി.ജെ.പിയുമായും സാഹചര്യം അനുസരിച്ച് സഖ്യം ചേർന്നാണ് ജെ.എം.എമ്മിനെ വളർത്തിയത്.

നാല് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിൽ, 1980-2014 വരെ എട്ട് തവണ ദുംകയിൽ നിന്ന് ലോക്‌സഭാംഗം. 2019ൽ അടക്കം മൂന്നു തവണ തോറ്റു. രണ്ട് തവണ രാജ്യസഭാംഗവുമായി.

രാഷ്‌ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ തുടങ്ങിയവർ ആശുപത്രിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു.