തിരുവനന്തപുരം.കടൽക്ഷോഭ ഭീഷണിയിലായിരുന്ന ശംഖുംമുഖത്തെ ആറാട്ട് മണ്ഡപം സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി.ആന്റണി രാജു എം എൽ എയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നുള്ള 35 ലക്ഷം രൂപ വകയിരുത്തിയാണ് ഇറിഗേഷൻ വകുപ്പിന്റെ ജോലികൾ ആരംഭിച്ചത്. ശക്തമായ തിരമാലയടിക്കുന്നതാണ് തീരമില്ലാതാകുന്നതിനും മണ്ഡപം തകർച്ചാഭീഷണി നേരിടുന്നതിനുമുള്ള പ്രധാന കാരണം. മണ്ഡപം സംരക്ഷിക്കണമെന്നാവശ്യം ശക്തമായതോടെയാണ് പദ്ധതി ആവിഷ്‌കരിച്ചത്.
ജിയോ ട്യൂബുകൾ
മണ്ഡപത്തിൽ നിന്ന് പത്ത് മീറ്റർ മാറി ജിയോ ട്യൂബുകൾ നിരത്തുകയാണ് ചെയ്യുന്നത്. പോളി പ്രൊപ്പലൈൻ ജിയോ ബാഗുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. 120 മീറ്ററാണ് പദ്ധതി. ഇതുവഴി തിരമാലയുടെ ശക്തി കടലിൽത്തന്നെ കുറയ്ക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. സംരക്ഷണജോലികൾ അതിവേഗം പൂർത്തിയാക്കാനാണ് തീരുമാനം. ശംഖുംമുഖം തീരം മുൻ വർഷങ്ങളേക്കാൾ കൂടുതൽ കടലെടുത്തിരുന്നു. തീരമില്ലാത്തതിനാൽ ആറാട്ട് കൽമണ്ഡപത്തിന്റെ ചുറ്രിലുമായിരുന്നു വള്ളങ്ങൾ നിറുത്തിയിട്ടിരുന്നത്. ദിവസേന ആയിരക്കണക്കിന് വിനോദ സഞ്ചാരികളെത്തുന്ന തലസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ശംഖുംമുഖത്തിന്റെ മുഖംകൂടിയാണ് പുരാതനമായ ഈ നിർമ്മിതി.
ആറാട്ട് മണ്ഡപത്തിന്റെ പ്രസക്തി
നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രപ്രധാനമായ ശിലാ നിർമ്മിതിയാണിത്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന ആറാട്ട്ഘോഷയാത്രയിൽ വിഗ്രഹങ്ങളെ മണ്ഡപത്തിലെത്തിച്ചാണ് പൂജ ചെയ്യുന്നത്.
മൂന്നാഴ്ചയ്ക്കകം പ്രവൃത്തി പൂർത്തീകരിക്കും.
ആന്റണി രാജു എം എൽ എ