ഓവല്‍ (ലണ്ടന്‍): ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഇന്ത്യയുടെ ബൗളിംഗ് നിരയ്ക്ക് എത്രകണ്ട് ഇംഗ്ലണ്ടിനെ വിറപ്പിക്കാന്‍ കഴിയുമെന്നതായിരുന്നു കടുത്ത ആരാധകര്‍ പോലും ഉന്നയിച്ചിരുന്ന സംശയം. ഓവലില്‍ ബുംറ കളിക്കുന്നില്ലെന്നറിഞ്ഞപ്പോള്‍ തന്നെ കളി പാതി വിജയിച്ച പ്രതീതിയായിരുന്നു ഇംഗ്ലണ്ടിന്. അനായാസ ജയത്തിലേക്ക് മുന്നേറിയ മത്സരം ആറ് റണ്‍സിന് അടിയറ വച്ച് മടങ്ങുമ്പോള്‍ ഇംഗ്ലീഷുകാരും ഒരു ക്രിക്കറ്റ് ആരാധകരും ഇനി സിറാജിനെ ബുംറയുടെ നിഴലായി കാണില്ല.
സ്റ്റാറ്റ്‌സുകള്‍ക്കും കണക്കുകള്‍ക്കുമപ്പുറം ചരിത്രം അടയാളപ്പെടുത്തുന്ന ചില താരങ്ങളുണ്ട്. അവരെ ഓര്‍ക്കുമ്പോള്‍ ആദ്യം മനസിലേക്കെത്തുക അവരുടെ മികച്ച പ്രകടനങ്ങള്‍ക്കപ്പുറം അവര്‍ കളിക്കളത്തില്‍ കാണിച്ച പോരാട്ടവീര്യമാവും ഒരു രാജ്യം ഉറ്റുനോക്കുമ്പോള്‍ അവിടെ അവര്‍ ഒഴുക്കിയ വിയര്‍പ്പിന്റെ കുപ്പായമാവും. അരങ്ങേറിയ നാള്‍ മുതല്‍ Whole hearted trier എന്ന വിശേഷണം സ്വന്തമാക്കിയ സിറാജ് അത്തരമൊരു താരമാണ്. സിറാജിന്റെ പേര് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്കെത്തുക ഹൃദയം കൊണ്ട് പന്തെറിയുന്നവനെന്ന വിശേഷണമാണ്.
കമന്റെറിയില്‍ രവി ശാസ്ത്രി പറഞ്ഞ പോലെ ഒരു ടെസ്റ്റിന്റെ ഏതൊരു സെഷനിലും ഒരേ എനെര്‍ജിയോടെ പോപ്പിങ്ങ് ക്രീസിലേക്ക് ഓടിയെത്തുന്നവന്‍. ഓവലില്‍ ആദ്യ ഇന്നിങ്‌സില്‍ 124/1 എന്ന നിലയില്‍ നിന്ന് ഇംഗ്ലീഷ് ടീം 247 ന് ഓള്‍ ഔട്ട് ആകുമ്പോള്‍ നിര്‍ണായകമായത് രണ്ടാം ദിവസം പോസ്റ്റ് ലഞ്ച് സെഷനില്‍ സിറാജ് തുടര്‍ച്ചയായി എട്ടോവറുകള്‍ എറിഞ്ഞ മാരത്തണ്‍ സ്‌പെല്ലാണ്. ശരിക്കും ഓവലില്‍ കളി ഇന്ത്യക്ക് അനുകൂലമാക്കിയതില്‍ ഈ സ്‌പെല്ലിന് വലിയ പങ്കുണ്ട്.
അവസാന ദിവസം ജയത്തിലേക്ക് 35 റണ്‍സ് മാത്രം അകലെ നില്‍ക്കുമ്പോള്‍ ആന്‍ഡേഴ്‌സണ്‍ - ടെന്‍ഡുല്‍ക്കര്‍ ട്രോഫിയില്‍ മുത്തമിടാമെന്ന് ഇംഗ്ലീഷ് താരങ്ങള്‍ കരുതിയിട്ടുണ്ടാകും. രണ്ട് ബൗണ്ടറികള്‍ അടങ്ങിയ ആദ്യ ഓവര്‍ പ്രസിദ്ധ് കൃഷ്ണ സമ്മാനിക്കുമ്പോഴും ഒരു വാമപ്പ് ഡെലിവറിയുടെ പൊലും ആവശ്യമില്ലാതെ തന്റെ ആദ്യ ഓവറിലെ എല്ലാ പന്തുകളും ഗുഡ് ലെങ്ങ്തില്‍ പതിപ്പിക്കുന്ന കൃത്യത സമ്മാനിക്കാന്‍ സിറാജിന് കഴിഞ്ഞു. കൃത്യതയ്‌ക്കൊപ്പം 140 കിലോമീറ്റര്‍ വേഗതയും കൂടിയായപ്പോള്‍ സിറാജിന്റെ പ്രഹരശേഷി പിന്നെയും വര്‍ദ്ധിച്ചു.
നിര്‍ണായക സമയത് ഹാരി ബ്രൂക്കിന്റെ ഒരു ക്യാച്ച് കൈവിട്ടതിന്റെ നിരാശയ്ക്ക് ശേഷം, മുഹമ്മദ് സിറാജ് ധൈര്യത്തോടെ തിരിച്ചുവന്നു, വില്ലനില്‍ നിന്ന് അയാള്‍ ഹീറോ പരിവേഷത്തിലേക്ക് എത്ര വേഗമാണ് കുതിച്ചത്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് സിറാജ് ഇന്ന് ഇന്ത്യക്ക് വേണ്ടി പന്തെറിയാന്‍ ഇറങ്ങിയത്.അദ്ദേഹത്തിന്റെ ഊര്‍ജം വാക്കുകളില്‍ നിന്ന് വ്യക്തമാണ്. രാവിലെ ഉണര്‍ന്നപ്പോള്‍ ഗൂഗിളില്‍ പോയി വിശ്വാസത്തിന്റെ ഒരു ചിത്രം കണ്ടെത്തി. ഞാന്‍ അത് എന്റെ വാള്‍പേപ്പറാക്കി, ഞാന്‍ അത് ചെയ്യും എന്ന് പറഞ്ഞു,' മത്സരശേഷം സിറാജിന്റെ വാക്കുകളാണ്.
ബൂമ്രയുടെ മികവിന്റെ അടുത്ത് വെക്കാനില്ലെന്നും നല്ല പിന്തുണ നല്‍കുന്നില്ലെന്നും സിറാജ് പലപ്പോഴും പഴി കേട്ടിട്ടുണ്ട്. എന്തിന് ഇന്ത്യയുടെ തന്നെ മികച്ച 10 ബൗളര്‍മാരുടെ ലിസ്റ്റില്‍ പോലും വരാന്‍ സാദ്ധ്യത ഇല്ലാത്ത താരമെന്നും വിമര്‍ശനം കേട്ടിട്ടുണ്ടെങ്കിലും പക്ഷെ പ്രതിബദ്ധതയുടെ കണക്കെടുത്താല്‍ സിറാജ് ഒരു തരത്തിലും പിന്നിലല്ല. ഓസ്‌ട്രേലിയക്കെതിരെ തുടര്‍ച്ചയായ 5 ടെസ്റ്റുകള്‍ 2 മാസം നീണ്ട ഐ .പി.എല്‍ ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായ 5 ടെസ്റ്റുകള്‍, എന്നിട്ടും തളരാതെ ചോര നീരാക്കി പന്തെറിയുകയാണ്. പരമ്പര സമനിലയിലാക്കി തലയുയര്‍ത്തി ഇന്ത്യ മടങ്ങുമ്പോള്‍ ലീഡിംഗ് വിക്കറ്റ് ടേക്കറായി ടീമിന്റെ ബൗളിംഗ് നിരയെ മുന്നില്‍ നിന്ന് നയിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് 'ഡിഎസ്പി സിറാജ്'.