kavitha

കരൾ പൊള്ളിയെന്നുള്ളം കദനക്കടലായി

കരകവിയുമ്പോൾ പറയുവാൻ വെമ്പിയ

കഠിന സത്യങ്ങളിനിയെങ്കിലും നിങ്ങൾ

അറിയണം; പറയേണ്ടതെന്റെ കർത്തവ്യവും.

ഉയിരായിരുന്നെനിക്കെന്റെ ജ്യേഷ്ഠൻ, മഹാ

പ്രതിഭ ലോകോത്തമൻ സച്ചിന്മയൻ പരൻ

സാകേതമാ തിരുപാണികളിൽ ഭദ്രം
ലോകർക്കനാമയം ജീവിതം നിർമ്മലം

ആകെത്തകിടം മറിയുവാനീ വിധം

നീതികേടെങ്ങിനെ വന്നതെന്നോർപ്പു ഞാൻ.

മൂഢഉപദേശത്തിൽ അമ്മ മയങ്ങിയ

ശാപനിമിഷത്തെ ഞാനും ശപിപ്പതേ

രാമകുമാരനെന്നമ്മയ്ക്കുമേറ്റവും പ്രിയ

നെന്നെക്കാളുമാരോമലായവൻ.


തോഴിയാം മന്ഥര ചൊല്ലി ഉപജാപ
നേരുകേടിൽപ്പെട്ടുപോയീ ജനനിയും

എന്റെ സൗഭാഗ്യം, പ്രതാപം, പ്രഭുത്വവും

എന്നുടെ ജ്യേഷ്ഠനതുതന്നെ നിർണയം .


മോഹിച്ചതില്ല ഞാൻ, രാജ്യം; കിരീടവും,
മോദമെനിയ്ക്ക് രാജാവായി രാമനെ

പട്ടാഭിഷേകം നടത്തിയീ രാജ്യത്തെ

സ്വർഗതുല്യം ഉയർത്തീടുവാനല്ലയോ!

രണ്ടുനാൾ കേകേയമെത്തി തിരിച്ചുവ-

ന്നീപ്പുരം പുക്കറിഞ്ഞീടിന നേരത്ത്

നിന്ദ്യ, മധമ, മഭിശപ്ത വാർത്തകൾ

നിന്നെരിഞ്ഞെൻ മനം നീചപ്രവൃത്തിയിൽ.

രാമകുമാരകൻ ജ്യേഷ്ഠനു വേണ്ടിയെൻ

ജീവനെത്തന്നെയും നൽകാനിരിപ്പു ഞാൻ.

ആരുമെന്നിൽപ്പരം ആരോപിച്ചീടൊലാ

ഗൂഢമായ് ഞാൻ രാജ്യമോഹിയല്ലൊട്ടുമേ.

രാമനെയെൻ താതനാകും ദശരഥ

രാജനു തുല്യം കരുതിയോൻ ഞാൻ സദാ...