ഇന്നു മനുഷ്യസമൂഹം നേരിടുന്ന ഒരു വലിയ വിപത്ത് പ്രകൃതിയെ അവഗണിച്ചുകൊണ്ടുള്ള വികസനവും പ്രകൃതി വിഭവങ്ങളുടെ ശോഷണവുമാണ്. പരിസ്ഥിതി സംരക്ഷണ ദിനവും പ്രകൃതിവിഭവ സംരക്ഷണ ദിനവുമൊക്കെ എല്ലാവർഷവും നമ്മൾ ആചരിക്കാറുണ്ടെങ്കിലും നമ്മൾ യുദ്ധരംഗത്തെന്നപോലെ ജാഗ്രതയോടെ നീങ്ങേണ്ടിയിരിക്കുന്നു. കഴിഞ്ഞ പതിനായിരം വർഷം കൊണ്ട് ഭൂമിയിലെ വനങ്ങൾക്കുണ്ടായ നാശത്തിന്റെ പകുതിയും കഴിഞ്ഞ ഒരു നൂറ്റാണ്ടിലാണ് സംഭവിച്ചിട്ടുള്ളത് എന്ന് അറിയുമ്പോൾ പ്രശ്നത്തിന്റെ ഗൗരവം ഊഹിക്കാവുന്നതേയുള്ളൂ. നമ്മുടെ പരമ്പരാഗത കൃഷി നശിച്ചു, കൃഷിസ്ഥലങ്ങൾ നശിച്ചു, കുളങ്ങളും പുഴകളും കാവുകളും നശിച്ചു. നല്ല ഭക്ഷണവും നല്ല വെള്ളവും നല്ല വായുവും കിട്ടാതായി. സമുദ്രത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ഇന്ന് ജലജീവികളെ ഏറ്റവുമധികം കൊന്നൊടുക്കുന്നത് സ്രാവുകളോ തിമിംഗലങ്ങളോ ഒന്നുമല്ല, മനുഷ്യനിർമ്മിതമായ പ്ലാസ്റ്റിക് ആണ്. ബഹിരാകാശം പോലും മലിനീകരണത്തിൽ നിന്ന് മുക്തമല്ല. അവിടെ ഉപഗ്രഹങ്ങളുടെ അവശിഷ്ടങ്ങൾ കറങ്ങി നടക്കുന്നത് വൈകാതെ നമുക്ക് തന്നെ ഭീഷണിയാവും.
വാഴത്തോട്ടത്തിൽ കയറിയ ആനക്കൂട്ടത്തെപ്പോലെ മനുഷ്യൻ ഇന്ന് പ്രകൃതിയെ ചവിട്ടി മെതിക്കുകയാണ്. ലോകത്തിൽ നൂറു കോടിയിലധികം ജനങ്ങൾക്ക് ശുദ്ധജലം പോയിട്ട്, മാലിന്യം കലർന്ന വെള്ളം പോലും കുടിക്കാൻ കിട്ടുന്നില്ല. ഇരുപതു ലക്ഷം പേരാണ് ഓരോ വർഷവും മലിനജലം കുടിച്ചിട്ടുണ്ടാകുന്ന പലതരം അസുഖങ്ങളാൽ മരണപ്പെടുന്നത്. ഓരോ മിനിറ്റിലും ഓരോ കുട്ടി വീതം മരിക്കുന്നു.
ഇരിക്കുന്ന കൊമ്പ് മുറിച്ച വിഡ്ഢിയെ പോലെയാണ് മനുഷ്യൻ ഇന്ന് വിവേകശൂന്യമായി പ്രകൃതിയെ ചൂഷണം ചെയ്യുന്നത്. നമ്മുടെ വികസനത്വര അന്ധമാണ്. മുമ്പ് ഒരു കുടുംബത്തിന് ഒരു കാർ മാത്രമാണുണ്ടായിരുന്നത്. ഇന്ന്, ഭൂമിയിലെ ഒരു ശരാശരി കുടുംബം അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ നിരവധി വാഹനങ്ങൾ ഉപയോഗിക്കുന്നു. നേരത്തെ നമ്മുടെ നാട്ടിൽ ഒരു കൂട്ടുകുടുംബത്തിൽ അൻപതോ നൂറോ ആളുകൾ വരെ താമസിക്കുമായിരുന്നു. ഇന്ന് പലരും വലിയ കൊട്ടാരം പോലുള്ള വീടുകൾ പണിയുന്നു, രണ്ടോ മൂന്നോ പേർ മാത്രമേ അവിടെ താമസിക്കുന്നുള്ളൂ. ഓരോ കിടപ്പു മുറിയിലും പ്രത്യേകം കുളിമുറിയുണ്ട്. നമ്മുടെ കേരളത്തിൽ തന്നെ ആൾ താമസം ഇല്ലാതെ ഒഴിഞ്ഞുകിടക്കുന്ന കൂറ്റൻ വീടുകൾ എത്രയെങ്കിലും കാണാം. സുഖസൗകര്യങ്ങളും ആഡംബരങ്ങളും എത്ര ലഭിച്ചാലും മനുഷ്യനു മതിയാകുന്നില്ല. വെട്ടുകിളി കൃഷി സ്ഥലങ്ങൾ നശിപ്പിക്കുന്നത് പോലെയാണ് മനുഷ്യൻ ഭൂമിയിലെപ്രകൃതി വിഭവങ്ങൾ തീർത്തുകൊണ്ടിരിക്കുന്നത്. സഹജീവികളെക്കുറിച്ചോ, മറ്റു ജീവ ജാലങ്ങളെക്കുറിച്ചോ, വരും തലമുറയെക്കുറിച്ചോ അവന് ചിന്തയില്ല.
വികസനവും പരിസ്ഥിതി സംരക്ഷണവും ഒരു പക്ഷിയുടെ രണ്ടു ചിറകുകൾ പോലെയാണ്. വികസനത്തിന്റെ പേരിൽ പരിസ്ഥിതിയെ നശിപ്പിക്കുന്നത് ഒരു ചിറക് മുറിച്ചുകളയുന്നതിന് തുല്യമാണ്. വികസനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിച്ച പല രാജ്യങ്ങളും അതിൽ അടങ്ങിയ അപകടം തിരിച്ചറിഞ്ഞിരിക്കുന്നു. വികസനവും പരിസ്ഥിതി സംരക്ഷണവും സന്തുലനം ചെയ്തുകൊണ്ടു പോകേണ്ടതുണ്ട്. പ്രകൃതിയെ നശിപ്പിക്കുന്ന വികസനമല്ല പ്രകൃതിയെ വീണ്ടെടുക്കുന്ന വികസനമാണ് ഇന്ന് നമുക്കാവശ്യം.