ആർത്തവകാലത്ത് തുണി, സാനിറ്ററി പാഡുകൾ, ടാംപണുകൾ തുടങ്ങിയവയേക്കാളെല്ലാം സുരക്ഷിതം മെൻസ്ട്രൽ കപ്പുകളാണെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല പല ഡോക്ടർമാരും ഇത് നിർദേശിക്കുന്നുമുണ്ട്. അതിനാൽത്തന്നെ മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. അതേസമയം, വിമാനത്തിൽ യാത്ര ചെയ്യുന്ന സ്ത്രീകൾ മെൻസ്ട്രൽ കപ്പ് ഉപയോഗിക്കരുതെന്ന് ഒരു യുവതി പറയുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിലടക്കം ഇപ്പോൾ വൈറലാവുകയാണ്.
'എൽ വിവി' എന്ന പേരിലുള്ള ടിക് ടോക്കർ പങ്കുവച്ച വീഡിയോയാണ് വൈറലാവുന്നത്. മെൻസ്ട്രൽ ഉത്‌പന്നങ്ങളും കാബിൻ സമ്മർദ്ദവും 30,000 അടി ഉയരത്തിൽ നല്ലതല്ല എന്നും വേദന അനുഭവപ്പെട്ടുവെന്നുമാണ് വീഡിയോയിൽ യുവതി പറയുന്നത്. വിമാനത്തിലായിരിക്കെ കപ്പ് അകത്തേയ്ക്ക് കയറിപ്പോയെന്നും കഠിനമായ വയറുവേദനയുണ്ടായെന്നും യുവതി പങ്കുവച്ചു. തുടർന്ന് ഇതുസംബന്ധിച്ച ആശങ്കകൾ വ്യാപകമാവുകയായിരുന്നു. വിമാനത്തിൽ മെൻസ്ട്രൽ കപ്പ് ഉപയോഗിച്ചാൽ എന്താണ് സംഭവിക്കുക എന്ന ചോദ്യമാണ് കൂടുതലും ഉയർന്നത്.
തുടർന്ന് ഇതുസംബന്ധിച്ച് വിശദീകരണം നൽകിയിരിക്കുകയാണ് ഡോ. ജെന്നിഫർ പെന. വിമാനത്തിൽ മെൻസ്ട്രൽ കപ്പ് ധരിക്കുന്നത് പൊതുവെ സുരക്ഷിതവും സൗകര്യപ്രദവുമാണെന്ന് ഡോക്‌ടർ വ്യക്തമാക്കി. വിമാനത്തിൽ യാത്ര ചെയ്യവേ മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്ന മിക്ക ആളുകൾക്കും ഒരു പ്രശ്‌നവും അനുഭവപ്പെടാറില്ല. കപ്പിന് 12 മണിക്കൂർ വരെ സംരക്ഷണം നൽകാൻ കഴിയും. ഇത് ദീർഘദൂര വിമാന യാത്രകൾക്ക് അനുയോജ്യമാണെന്നും ഡോക്ടർ ചൂണ്ടിക്കാട്ടി.
സാധാരണയായി കാബിൻ സമ്മർദ്ദം മെൻസ്‌ട്രൽ കപ്പിന്റെ സീലിനെ ബാധിക്കാറില്ല. ചിലർക്ക് നേരിയ തോതിൽ അനുഭവപ്പെടാം. ഫ്ളൈറ്റ് യാത്രയ്ക്ക് മുൻപായി കപ്പ് ശരിയായ രീതിയിൽ ധരിച്ചില്ലെങ്കിൽ ചോർച്ചയ്ക്ക് കാരണമായേക്കാം. കാബിനിലെ കുറഞ്ഞ ഈർപ്പം ശരീരം വരളുന്നതിന് കാരണമാകാമെന്നും ഇത് കപ്പ് ഉപയോഗത്തിൽ ചിലർക്ക് അസ്വസ്ഥതയുണ്ടാക്കാമെന്നും ഡോക്‌ടർ പെന പറഞ്ഞു. എന്നാൽ വിമാനയാത്രയിൽ മറ്റ് ഉത്‌പന്നങ്ങളേക്കാൾ ഏറ്റവും സുഖപ്രദം മെൻസ്‌ട്രൽ കപ്പ് ആണെന്നും ഡോ. ജെന്നിഫർ പെന വ്യക്തമാക്കി.