ഓണം, ക്രിസ്‌മസ് തുടങ്ങിയ ആഘോഷങ്ങൾക്ക് സമ്മാന കൂപ്പൺ എടുക്കുന്നവർ ധാരാളമുണ്ട്. ടിവി, ഫ്രിഡ്‌ജ്, വാഷിംഗ് മെഷീൻ തുടങ്ങിയവയാണ് ഇതിൽ സമ്മാനമായി നൽകുന്നത്. ടിക്കറ്റ് വില 100 അല്ലെങ്കിൽ 50 രൂപ ആയിരിക്കും. എന്നാൽ, ഇപ്പോഴിതാ വർഷങ്ങൾക്ക് മുമ്പ് അതായത് 1933ലെ ഒരു സമ്മാന കൂപ്പണാണ് പുറത്തുവന്നിരിക്കുന്നത്. വളരെയധികം കൗതുകം തോന്നുന്ന ഈ കൂപ്പണിലെ ഒന്നാം സമ്മാനം എന്താണെന്നുൾപ്പെടെ നോക്കാം. ഇത് അക്കാലത്തെ ലോട്ടറി ടിക്കറ്റാണോ എന്ന സംശയവും ഉയരുന്നുണ്ട്.
'പരമാനന്ദഭാഗ്യഷോടതി' എന്നാണ് ഈ ടിക്കറ്റിന് മുകളിൽ എഴുതിയിരിക്കുന്നത്. ഏതാണ്ട് 100 വർഷം പഴക്കമുള്ള ഈ ടിക്കറ്റിന് വില 2 അണയാണ്. ഇതിൽ ഒന്നാം സമ്മാനം 100 രൂപയാണ്. ഇന്നത്തെ ലക്ഷങ്ങൾ വിലവരും അന്നത്തെ 100 രൂപയ്‌ക്ക്. രണ്ടാം സമ്മാനം 75 രൂപ വിലവരുന്ന ഒരു ചുമർ ക്ലോക്കാണ്. മൂന്നാം സമ്മാനം 50 രൂപ വിലവരുന്ന സൈക്കിൾ, നാലാം സമ്മാനം ഒരു കറവ പശുവും കിടാവും. അഞ്ചാം സമ്മാനം പ്ലാവിൻ തടിയിൽ പണിത വട്ടമേശ. ലേഡീസ് കുടകൾ, സ്വദേശി ചേല, ദോത്തി, മേശ, അര കുത്തു തോർത്ത്, ഷർട്ട് തുണി, സോഡ ഗ്ലാസ് എന്നിവയാണ് മറ്റ് സമ്മാനങ്ങൾ.
ഏറ്റവും വലിയ അതിശയം അതല്ല, ആർക്കും വേണ്ടാത്ത അവസാന സ്ഥാനം അതായത് മൂന്നൂറാം സമ്മാനമായി ലഭിക്കുന്നത് ഒരു പവന്റെ സ്വർണമോതിരമാണ്. അന്നത്തെ കാലത്ത് സ്വർണത്തിന്റെ ഇന്നത്തെപ്പോലെ വിലയില്ലായിരുന്നു എന്നതിന്റെ തെളിവാണിത്. ഏകദേശം 22രൂപയാണ് അന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഇന്നത്തെ കാലത്തായിരുന്നെങ്കിൽ ഒന്നോ രണ്ടോ സ്ഥാനത്ത് സ്വർണം എത്തിയേനെ. പശുവിനെയും കിടാവിനെയും വാങ്ങണമെങ്കിൽ ഇന്ന് 75,000 രൂപയാകും. പ്ലാവിൽ തീർത്ത മേശയ്‌ക്ക് 50,000 രൂപയാകും. സ്വർണത്തിന് 70,000 കടന്നു. പുതുതലമുറയെ വളരെയേറെ അതിശയിപ്പിക്കുന്നതാണ് ഈ നറുക്കെടുപ്പ് ടിക്കറ്റ്.