kochi-metro

കൊച്ചി: കൊച്ചി മെട്രോയിൽ യാത്ര ചെയ്യാനെത്തുന്നവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് ടിക്കറ്റ് എടുക്കാനുള്ള നീണ്ടനിര. പലർക്കും ഇതേത്തുടർന്ന് കൃത്യസമയത്തിന് ലക്ഷ്യസ്ഥാനത്തേക്ക് എത്താൻ സാധിക്കില്ല. ഇപ്പോഴിതാ ഇതിന് പരിഹാരമായി കൊച്ചിയിലെ എല്ലാ മെട്രോ സ്‌റ്റേഷനുകളിലും യുപിഐ അടിസ്ഥാനമാക്കിയുള്ള ടിക്കറ്റ് വെൻഡിംഗ് മെഷിൻ സ്ഥാപിച്ചു. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ സി നാഗരാജു ഉദ്ഘാടനം ചെയ്തു. വേഗതയേറിയതും കൂടുതൽ ഉപഭോക്തൃ സൗഹൃദവുമായ ടിക്കറ്റിംഗ് അനുഭവം യാത്രക്കാർക്ക് നൽകുകയെന്നതാണ് പുതിയ സംരംഭത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

യാത്രക്കാർക്ക് എത്രയും വേഗത്തിൽ ടിക്കറ്റെടുത്ത് യാത്ര ചെയ്യാൻ ഒരുക്കുന്ന സൗകര്യങ്ങളിൽ ഏറ്റവും പുതിയതാണ് ഇതെന്ന് കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ പറഞ്ഞു. ഇന്ത്യയിൽ ചുരുക്കം മെട്രോ സ്‌റ്റേഷനുകളിൽ മാത്രമാണ് യുപിഐ ആധാരമാക്കി പ്രവർത്തിക്കുന്ന വെൻഡിംഗ് മെഷിനുള്ളത്. ടിക്കറ്റെടുക്കൽ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റാനാണ് കൊച്ചി മെട്രോ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കെഎംആർഎല്ലിന്റെ ഡിജിറ്റൽ ടിക്കറ്റുകൾ നിലവിൽ ഒഎൻഡിസി പ്ലാറ്റ്‌ഫോമുകളായ ഗൂഗിൾ വാലറ്റ്, പേടിഎം, ഫോൺപേ, റെഡ്ബസ്, ടമ്മോക്, യാത്രി, ഈസ്‌മൈട്രിപ്പ്, റാപ്പിഡോ, ടെലിഗ്രാം (മൈ മെട്രോ കൊച്ചി), കേരള സവാരി എന്നിവയുൾപ്പെടെ നിരവധി ആപ്ലിക്കേഷനുകൾ വഴി ലഭ്യമാണ്. വാട്സാപ്പ് സേവന അധിഷ്ഠിത ടിക്കറ്റിംഗ് സംവിധാനവും പ്രവർത്തിക്കുന്നുണ്ട്. ഉദ്ഘാടന ചടങ്ങിൽ കെഎംആർഎൽ ഡയറക്ടർമാരായ സഞ്ജയ് കുമാർ (സിസ്റ്റംസ്), ഡോ. എംപി രാം നവാസ് (പ്രോജക്ട്സ്), ചീഫ് ജനറൽ മാനേജർമാരായ എ മണികണ്ഠൻ, ഷാജി ജനാർദ്ദനൻ, ജനറൽ മാനേജർമാരായ മിനി ഛബ്ര (എച്ച്ആർ), ജിഷു ജോൺ സ്‌കറിയ (ലീഗൽ), ടി.സി.ജോൺസൺ (എസ് ആൻഡ് ടി), ജയനന്ദ സോമസുന്ദരം (ജോയിന്റ് ജനറൽ മാനേജർ, എസ് ആൻഡ് ടി), പി.എസ് രഞ്ജിത് (അസി. മാനേജർ എഎഫ്സി) എന്നിവർ പങ്കെടുത്തു.