gurmeet-ram-rahim-singh

ന്യൂഡൽഹി: ബലാത്സംഗക്കേസ് പ്രതി ദേരാ സച്ചാ സൗദാ തലവനും സ്വയം പ്രഖ്യാപിത ആൾദൈവവുമായ ഗുർമീത് റാം റഹിം സിംഗിന് പരോൾ. 40 ദിവസത്തെ പരോൾ ലഭിച്ച സിംഗ് ജയിലിൽ നിന്ന് പുറത്തിറങ്ങി. 2017ൽ കേസിൽ ശിക്ഷിക്കപ്പെട്ടതിനുശേഷം 14ാം തവണയാണ് സിംഗിന് പരോൾ ലഭിക്കുന്നത്.


മൂന്ന് മാസം മുൻപായിരുന്നു ഇതിനുമുൻപ് സിംഗിന് പരോൾ ലഭിച്ചത്. 21 ദിവസം പരോളിലിറങ്ങി മടങ്ങിയെത്തിയതിനുശേഷമാണ് വീണ്ടും 40 ദിവസത്തെ പരോൾ ലഭിച്ചിരിക്കുന്നത്. രണ്ടുപേരെ ബലാത്സംഗം ചെയ്ത കേസിൽ 2017ലാണ് കോടതി സിംഗിനെ 20 വർഷത്തെ തടവിന് ശിക്ഷിച്ചത്. 2019ൽ പത്രപ്രവർത്തകനായ രാമചന്ദ്ര ഛത്രപതിയുടെ കൊലപാതകത്തിലും സിംഗിനെയും മറ്റ് മൂന്നുപേരെയും ശിക്ഷിച്ചിരുന്നു. 2002ൽ മാനേജറായിരുന്ന രഞ്ജിത് സിംഗിനെ കൊലപ്പെടുത്തിയ കേസിൽ സിംഗിന് ജീവപര്യന്തം ശിക്ഷ ലഭിച്ചു. സിംഗിനെതിരെ രഞ്ജിത് ആരോപണങ്ങളുന്നയിച്ചിരുന്നു. എന്നാൽ 2024ൽ അന്വേഷണത്തിലെ വീഴ്‌ച ചൂണ്ടിക്കാട്ടി കുറ്റവിമുക്തനാക്കി.

ഗുർമീത് തന്റെ ആശ്രമത്തിൽ സ്ത്രീകളെ പീഡിപ്പിക്കുന്നുവെന്ന അജ്ഞാത കത്ത് രാമചന്ദ്ര പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കൊലപാതകം. ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ലഭിച്ച ഊമക്കത്തിലൂടെയാണ് പീഡന വിവരം പുറത്തുവന്നത്. തുടർന്ന് ഗുർമീത് റാം റഹിം സിംഗിനെതിരെ കേസെടുക്കാൻ 2002ൽ പഞ്ചാബ്, ഹരിയാന ഹൈക്കോടതികൾ സി.ബി.ഐയോട് ആവശ്യപ്പെടുകയായിരുന്നു. സിനിമ മേഖലയിലും ഗുർമീത് പേരെടുത്തിരുന്നു.