mrunal-thakur

നടൻ ധനുഷും രജനീകാന്തിന്റെ മകൾ ഐശ്വര്യയും തമ്മിലുള്ള വിവാഹമോചനം തമിഴ് സിനിമാ ലോകത്ത് ഏറെ ചർച്ചയായിരുന്നു. 2022 മുതൽ പിരിഞ്ഞ് താമസിക്കുന്ന ഇരുവരും കഴിഞ്ഞ വർഷമാണ് നിയമപരമായി ബന്ധം വേർപെടുത്തിയത്. ഇപ്പോഴിതാ ഒരു വർഷം പിന്നിടുമ്പോൾ ധനുഷിന്റെ പുതിയ പ്രണയബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിൽ പരക്കുന്നത്. നടി മൃണാൾ താക്കൂറുമായി ധനുഷ് പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. അടുത്തിടെ ചില പരിപാടികളിൽ ഇരുവരുടെയും ഒരുമിച്ചുള്ള സാന്നിദ്ധ്യമാണ് ഗോസിപ്പുകൾക്ക് ശക്തി പകർന്നത്.

കഴിഞ്ഞ ആഗസ്റ്റ് ഒന്നിനായിരുന്നു മൃണാൾ താക്കൂറിന്റെ പിറന്നാളാഘോഷം നടന്നത്. ഈ ആഘോഷപരിപാടിയിൽ ധനുഷ് എത്തിയിരുന്നു. കൂടാതെ മൃണാളിന്റെ ബോളിവുഡ് ചിത്രം സൺ ഓഫ് സർദാർ 2 എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനത്തിനും ധനുഷ് മുംബയിലെത്തിയിരുന്നു. ഈ ചടങ്ങിൽ മൃണാളും ധനുഷും കൈപിടിച്ച് സൗഹൃദം പങ്കിടുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നുണ്ട്. ധനുഷും മൃണാളും ഡേറ്റിംഗിലാണോ? എന്ന തലക്കെട്ടോടെയാണ് ഇതിന്റെ വീഡിയോ പ്രചരിക്കുന്നത്.

മൃണാളും ധനുഷും ഒരുമിച്ച് കാണുന്നത് ഇതാദ്യമല്ല. ജൂലായ് 3 ന്, ധനുഷിന്റെ വരാനിരിക്കുന്ന ചിത്രമായ തേരേ ഇഷ്‌ക് മേയ്ക്കായി എഴുത്തുകാരിയും നിർമ്മാതാവുമായ കനിക ദില്ലൺ സംഘടിപ്പിച്ച പാർട്ടിയിൽ നടി പങ്കെടുത്തിരുന്നു. ധനുഷും മൃണാളും ഒരുമിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രങ്ങളുണ്ട് കനിക പങ്കുവച്ചതിൽ. എന്നാൽ ഇതുവരെ ധനുഷോ മൃണാളോ കിംവദന്തികളെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. താരങ്ങൾ പ്രണയത്തിലാണെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.