ന്യൂഡൽഹി: ജമ്മു കാശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു. 79 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം ആർകെ പുരത്തെ വസതിയിലേക്ക് കൊണ്ടുപോകും. തുടർന്ന് നാളെ ലോധി ശ്മശാനത്തിൽ സംസ്‌കാരം നടക്കും.
1970കളിൽ എംഎൽഎ ആയാണ് സത്യമാൽ മാലിക് പാർലമെന്ററി ജീവിതം ആരംഭിച്ചത്. രാഷ്ട്രീയക്കാരൻ എന്ന നിലയിൽ അരനൂറ്റാണ്ടിനിടെ അദ്ദേഹം നിരവധി പാർട്ടികൾ മാറിമാറി ചേർന്നു. പടിഞ്ഞാറൻ യുപിയിലെ ബാഗ്പത് സ്വദേശിയായ അദ്ദേഹം ചൗധരി ചരൺ സിംഗിന്റെ ഭാരതീയ ക്രാന്തി ദളിന്റെ സീറ്റിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. 1980ൽ ലോക്ദൾ അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു. എന്നാൽ 1984ൽ അദ്ദേഹം കോൺഗ്രസിൽ ചേർന്നു, ശേഷം 1986ൽ അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്തയാളായിരുന്നു മാലിക്ക്. എന്നാൽ പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ കുറ്റപ്പെടുത്തിക്കൊണ്ട് അദ്ദേഹം രംഗത്തെത്തിയതോടെ ബന്ധത്തിൽ വിള്ളൽ വീണു. 40 സിആർപി എഫ് ജവാന്മാർ വീരമൃത്യു വരിച്ചത് സുരക്ഷാവീഴ്ചയാണെന്നും ഇക്കാര്യം മോദിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അത് പുറത്തുവിടരുതെന്ന് നിർദേശിച്ചെന്നുമായിരുന്നു മാലിക്കിന്റെ വെളിപ്പെടുത്തൽ.