nirupama

പെരിങ്ങോം: വാക്കുകൾക്ക് പ്രാണൻ നൽകാൻ അറിയുന്ന കുഞ്ഞു വിരലുകൾ. ഭാവനയുടെ ചിറകുകളിൽ പറക്കുന്ന മനസ്. പെരിങ്ങോംവയക്കര പഞ്ചായത്തിലെ പോത്താംകണ്ടം ഗവ.യുപി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി നിരുപമ കവിതയുടെ ലോകത്ത് പാറിപ്പറക്കുകയാണ്. പ്രകൃതിയുടെ മനോഹാരിതയും ജീവിതത്തിന്റെ ആഴമായ സത്യങ്ങളും ഈ കവിതകളിൽ പ്രതിഫലിക്കുന്നു.

പോത്താംകണ്ടം ആശ്രമത്തിനു സമീപത്തെ ആനിത്തോട്ടത്തിൽ രതീഷിന്റെയും സൗമ്യയുടെയും മകളായ നിരുപമ ഒന്നാംക്ളാസിൽ വച്ചുതന്നെ എഴുത്തിലുള്ള പ്രത്യേക താൽപര്യം അറിയിച്ചുതുടങ്ങിയതാണ്. തുടക്കത്തിൽ വെറുതെ അക്ഷരങ്ങൾ കുത്തിക്കുറിച്ചായിരുന്നു തുടക്കം.യാത്ര ഡയറിയിലൂടെ വികസിച്ചാണ് പുഴകളും പൂക്കളും മഴയുമെല്ലാം നിറയുന്ന കവിതകളിൽ എത്തിനിൽക്കുന്നത്.


ഏഴാം ക്ലാസുകാരി ചേച്ചി നിരഞ്ജനയും കുഞ്ഞനുജത്തി നൈതികയും കൂടെയുണ്ട്. മുത്തച്ഛൻ രവിയുടെയും മുത്തശ്ശി പുഷ്പകുമാരിയുടെയും പ്രോത്സാഹനങ്ങൾ അവളുടെ കഴിവുകൾ വളർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നു. സ്‌കൂളിലെ അധ്യാപകരും നിരുപമയുടെ കഴിവുകൾ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നു.

ചില കവിതകളിൽ ഒരു കുട്ടിയുടെ നിഷ്‌കളങ്കമായ സ്വപ്നങ്ങളും ഭാവനയുടെ ഉയരങ്ങളും കാണാം.ഒഴിവു സമയങ്ങളിലും ഇടവേളകളിലും നിരുപമ എഴുതുന്നു. ഓരോ കവിതയും ആദ്യം വീട്ടുകാരെ കാണിക്കും, പിന്നെ സ്‌കൂളിൽ അദ്ധ്യാകരുടെ അഭിപ്രായം തേടും.

ഒന്നാംക്ളാസിൽ തേനെഴുത്തിൽ

ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 14 സ്‌കൂളിലെ കുഞ്ഞുങ്ങൾ ഉൾപ്പെട്ട 'തേനെഴുത്ത്' എന്ന പ്രസിദ്ധീകരണത്തിന്റെ ഒന്നാം ലക്കത്തിൽ നിരുപമയുടെ ഡയറി തിരഞ്ഞെടുക്കപ്പെട്ടു. എഴുതാനുള്ള കഴിവിനുള്ള ആദ്യ അംഗീകാരമായിരുന്നു ഇത്.