dosa

മലയാളികളുടെ പ്രിയ ഭക്ഷണങ്ങളായ ദോശയ്ക്കും ഇഡലിക്കും ആവശ്യമായ മാവ് ഇനി വേഗത്തിൽ ഉണ്ടാക്കാം. അരിയും ഉഴുന്നും അരച്ചശേഷം ഇത് മാവ് ആയി രൂപാന്തരം പ്രാപിക്കുന്നതിന് മണിക്കൂറുകൾ കാത്തിരിക്കേണ്ട. ഇതിനുള്ള പരിഹാരം കണ്ടെത്തിയിരിക്കുകയാണ് കഴക്കൂട്ടം സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ മൈക്രോബയോമിലെ ഗവേഷകര്‍.

നിശ്ചിത സമയം കൊണ്ട് കൃത്യതയോടെയും പാകത്തിനും ഇഡലി, ദോശ, അപ്പം പോലുള്ള ആഹാര സാധനങ്ങളുടെ മാവ് തയ്യാറാക്കാന്‍ ആവശ്യമായ സൂക്ഷ്മാണുക്കളുടെ ഒരു സങ്കലനം -സ്റ്റാര്‍ട്ടര്‍ കള്‍ച്ചര്‍ ആണ് സെന്റര്‍ ഫോര്‍ എക്സ്സലന്‍സ് ഇന്‍ മൈക്രോബയോം ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്.

ഏവര്‍ക്കും ഉപകാരപ്രദമാകുന്ന സ്റ്റാര്‍ട്ടര്‍ കള്‍ച്ചര്‍, കാപ്‌സ്യൂള്‍ അല്ലെങ്കില്‍ ഗ്രേയ്ന്‍സ് രൂപത്തില്‍ ഇറക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഗവേഷകര്‍. ബാക്ടീരിയയുടെ ഫലപ്രാപ്തി പരിശോധനയാണ് പൂര്‍ത്തിയായിരിക്കുന്നത്. ടെസ്റ്റിംഗും ക്യാരക്ടറൈസേഷനും പുരോഗമിക്കുകയാണ്. രണ്ട് മാസത്തിനുള്ളില്‍ കാപ്സ്യൂള്‍ രൂപത്തിലാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ശാസ്ത്രജ്ഞരായ ഡോ.കാര്‍ത്തികയും അപര്‍ണ ശങ്കറും അറിയിച്ചു.

ആഗോള തലത്തില്‍ തന്നെ ഏറെ വിപണി സാദ്ധ്യതയുള്ള പ്രൊഡക്ടുകള്‍ എത്രയും വേഗം വിപണിയിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ മൈക്രോബയോം എന്ന് ഡയറക്ടര്‍ ഡോ.സാബു തോമസ് അറിയിച്ചു.