india

വിരാട് കൊഹ്‌ലിയും രോഹിത് ശർമ്മയും രവിചന്ദ്രൻ അശ്വിനുമൊക്കെ ടെസ്റ്റ് കുപ്പായം അഴിച്ചുവച്ചശേഷമുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ഇംഗ്ളണ്ട് പര്യടനം. നായകനായി ശുഭ്മാൻ ഗില്ലെന്ന ഇരുപത്തിയഞ്ചുകാരന്റെ പട്ടാഭിഷകം, സ്വന്തം മണ്ണിൽ ന്യൂസിലൻഡിനോടും കംഗാരുനാട്ടിൽ അവരോടും ടെസ്റ്റ് പരമ്പര കൈവിട്ടതിന്റെ ക്ഷീണം മാറാത്ത പരിശീലകൻ ഗൗതം ഗംഭീർ, പരമ്പരയിലെ അഞ്ചുമത്സരങ്ങളിലും കളിക്കാനുള്ള ഫിറ്റ്നസ് ഇല്ലാത്ത മുൻനിര പേസർ ജസ്‌പ്രീത് ബുംറ, ഇംഗ്ളണ്ടിൽ മുമ്പ് അധികം കളിച്ചിട്ടില്ലാത്ത താരനിര... അങ്ങനെ വെല്ലുവിളികൾ ഏറെയായിരുന്നു ഇന്ത്യയ്ക്കു മുന്നിൽ. സച്ചിൻ ടെൻഡുൽക്കർ - ആൻഡേഴ്സൺ ട്രോഫിയെന്ന് പേരുമാറ്റിയ പട്ടൗഡി ട്രോഫിക്കായി ഇന്ത്യ തിരിക്കുമ്പോൾ മറ്റൊരു പരമ്പര പരാജയമാണ് പലരും പ്രവചിച്ചത്. ജയവും തോൽവിയും മാറിമാറിവന്ന പരമ്പരയിൽ ഓവലിലെ അവസാന മത്സരത്തിലെ വിജയത്തോടെ ഇന്ത്യ 2-2ന് തുല്യത പാലിച്ചു.

ലീഡ്സിൽ നടന്ന ആദ്യ ടെസ്റ്റിൽ ജയം ആതിഥേയർക്കായിരുന്നെങ്കിൽ ബർമിംഗ്ഹാമിൽ ഇന്ത്യ തിരിച്ചടിച്ചു. ലോഡ്സിൽ വീണ്ടും ഇംഗ്ളീഷ് ജയം. മാഞ്ചസ്റ്ററിലെ മത്സരം സമനിലയിൽ കലാശിച്ചപ്പോൾ ഓവലിലെ അഞ്ചാം ടെസ്റ്റിന്റെ അഞ്ചാം ദിനം ഇംഗ്ളണ്ടിനെ ആറ് റൺസിന് കീഴടക്കിയാണ് ഇന്ത്യ പരമ്പര സമനിലയിൽ പിടിച്ചത്. ഇംഗ്ലീഷ് മണ്ണിൽ അടിയറവ് പറയാതെ തലയുയർത്തിയാണ് ഇന്ത്യ മടങ്ങുന്നത്. നായകനായുള്ള അരങ്ങേറ്റ പരമ്പരയിൽ നാലുസെഞ്ച്വറികളടക്കം 754 റൺസ് നേടിയ ശുഭ്മാൻ ഗില്ലിന്റെ പ്രകടനം എടുത്തുപറയണം. ഒരുപരമ്പരയിൽ ഏറ്റവും കൂടുതൽ റൺസെന്ന തന്റെ റെക്കാഡിന് 20 റൺസകലെയേ ഗിൽ എത്തിയുള്ളൂവെങ്കിലും ക്യാപ്ടൻസിയുടെ ഭാരം തോളിലേറ്റിയ ഗില്ലിന്റേത് തന്നേക്കാൾ മികച്ച പ്രകടനമാണെന്ന് മനസിൽ തട്ടിയാണ് സുനിൽ ഗാവസ്കർ പറഞ്ഞത്. കെ.എൽ. രാഹുൽ,റിഷഭ് പന്ത്, മലയാളിതാരം കരുൺ നായർ, സായ് സുദർശൻ തുടങ്ങിയവരൊക്കെ ഇന്ത്യൻ ബാറ്റിംഗിൽ മികവുകാട്ടി.

ആൾറൗണ്ടർമാരായ രവീന്ദ്ര ജഡേജയും വാഷിംഗ്ടൺ സുന്ദറും മാഞ്ചസ്റ്ററിൽ സെഞ്ച്വറിയടിച്ച് നേടിയ സമനില വിജയതുല്യമായിരുന്നു.

പരമ്പരയിലാകെ ഒരു സെഞ്ച്വറിയും അഞ്ച് അർദ്ധസെഞ്ച്വറികളുമടക്കം 516 റൺസും ഏഴുവിക്കറ്റുകളും നേടി രവീന്ദ്ര ജഡേജ അവിസ്മരണീയ ഫോമിലായിരുന്നു. ബുറംയ്ക്ക് മൂന്ന് മത്സരങ്ങൾ മാത്രം കളിക്കാൻ അവസരം ലഭിച്ചപ്പോൾ ഉത്തരവാദിത്വം തോളിലേറ്റിയ സിറാജ് അഞ്ചു കളികളിൽ 186 ഓവറോളം എറിഞ്ഞ് 23 വിക്കറ്റുകൾ വീഴ്ത്തി പരമ്പരയിലെതന്നെ ടോപ് വിക്കറ്റ് ടേക്കറായി. മൂന്ന് കളികളിൽനിന്ന് ബുംറയും പ്രസിദ്ധും 14 വിക്കറ്റുകൾ വീതം സ്വന്തമാക്കി. രണ്ടാം ടെസ്റ്റിൽ ആറുവിക്കറ്റ് വീഴ്ത്തിയ ആകാശ്ദീപും തന്റെ മുദ്ര പതിപ്പിച്ചു. ഈ പരമ്പരയിലെ വിജയം ഇന്ത്യയുടേയും ഇംഗ്ളണ്ടിന്റേതും മാത്രമല്ല, ടെസ്റ്റ് ക്രിക്കറ്റിന്റേതും കൂടിയാണ്. രണ്ടും മൂന്നും ദിവസംകൊണ്ട് ടെസ്റ്റ് മത്സരങ്ങൾ അവസാനിക്കുന്ന കാലത്ത് ഈ പരമ്പരയിലെ എല്ലാ മത്സരങ്ങളും അഞ്ചുദിവസം പൂർത്തിയാക്കിയെന്നതാണ് പ്രധാനം. മാഞ്ചസ്റ്ററിലെ സമനിലകൾ പോലും വിരസമായിരുന്നില്ല. 21 സെഞ്ച്വറികളാണ് അഞ്ചുമത്സരങ്ങളിൽനിന്ന് പിറന്നത്. 29 അർദ്ധസെഞ്ച്വറികളും.

അതേസമയം ഇത് ബാറ്റർമാരുടെ മാത്രം പരമ്പരയായിരുന്നില്ല. അഞ്ചുമത്സരങ്ങളിൽ ആകെ വീഴ്ത്താനാവുന്ന 200 വിക്കറ്റുകളിൽ 183 എണ്ണവും വീണു. എട്ടുതവണ അഞ്ചുവിക്കറ്റ് നേട്ടം ആഘോഷിക്കപ്പെട്ടു. ഓൾറൗണ്ടർമാരുടെ പ്രകടനവും നിർണായകമായി. പേരുകേട്ട പടയാളികളുമായി നേടുന്ന വിജയങ്ങളെക്കാൾ വാഴ്ത്തപ്പെടേണ്ടതാണ് ക്രിക്കറ്റിൽ ചെറുനിര നേടിയെടുക്കുന്ന സമനിലകൾ. ഈ പര്യടനം ഇന്ത്യൻ ക്രിക്കറ്റിന് ഭാവിയിലേക്കുള്ള വഴികാട്ടിയാണ്. താരനിരയുടെ വലിപ്പമല്ല, മനക്കരുത്താണ് പ്രധാനമെന്ന പാഠമാണ് ഒന്നരമാസംകൊണ്ട് ഇന്ത്യ പഠിച്ചത്. പുതിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ആദ്യ പരമ്പരയാണിത്. വരുംകാല വെല്ലുവിളികളെ ഇതിലും മനോഹരമായി നേരിട്ട് ലോകചാമ്പ്യന്മാർക്കുള്ള ചെങ്കോൽ കയ്യിലേന്താൻ ഗില്ലിനും കൂട്ടർക്കും കഴിയട്ടെ. അഭിമാന താരങ്ങൾക്ക് കലവറയില്ലാത്ത അഭിനന്ദനങ്ങൾ.