puli

മണ്ണാർക്കാട്: ആനമൂളിയിൽ വീട്ടുമുറ്റത്ത് പുലിയെത്തി. ചൊവ്വാഴ്ച പുലർച്ചെ 1.15നാണ് പ്രദേശവാസിയായ നിസാമിന്റെ വീട്ടുമുറ്റത്ത് പുലിയെത്തിയത്. വീട്ടിലെ സി.സി.ടി.വി കാമറയിലാണ് പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. വനാതിർത്തിയോട് ചേർന്നാണ് വീട്. വീട്ടുമുറ്റംവരെ എത്തിയ പുലിയെ കണ്ട് വീടിനു മുൻപിൽ കിടന്ന നായ്ക്കൾ നിറുത്താതെ കുരച്ചു. ശബ്ദംകേട്ട് വീട്ടുടമ വാതിലിനു സമീപമെത്തിയതോടെ പുലി സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഓടിമറയുകയും ചെയ്തു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ദൃശ്യങ്ങൾ പരിശോധിച്ചു. സമീപത്തും തിരച്ചിൽ നടത്തി. തുടർദിവസങ്ങളിൽ നിരീക്ഷണം ശക്തമാക്കുമെന്ന് ഇവർ അറിയിച്ചു.