pic

ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടരുന്ന ഭീഷണികളെ ശക്തമായി വിമർശിച്ച് ഇന്ത്യ. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ യു.എസും യൂറോപ്യൻ യൂണിയനും ഇന്ത്യയെ ലക്ഷ്യമിടുന്നെന്നും ഇത് അംഗീകരിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. 'രാജ്യസുരക്ഷയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കും. ഇന്ത്യയെ കു​റ്റപ്പെടുത്തുന്ന രാജ്യങ്ങൾക്കും റഷ്യയുമായി വ്യാപാരബന്ധമുണ്ട്. യുക്രെയിൻ യുദ്ധം തുടങ്ങിയ ശേഷം വിതരണ ശൃംഖലകളിലുണ്ടായ മാറ്റങ്ങളെ തുടർന്നാണ് ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നത്" - വിദേശകാര്യ മന്ത്രാലയ വക്താവ് രൺദീപ് ജയ്സ്വാൾ ചൂണ്ടിക്കാട്ടി. അതിനിടെ, ഇന്ത്യക്കെതിരെയുള്ള ട്രംപിന്റെ ഭീഷണികൾ നിയമവിരുദ്ധമെന്ന് റഷ്യ വ്യക്തമാക്കി. റഷ്യയുമായുള്ള വ്യാപാരം നിറുത്താൻ രാജ്യങ്ങൾക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നത് അംഗീകരിക്കാനാകില്ല. വ്യാപാര പങ്കാളികളെ തിരഞ്ഞെടുക്കൽ പരമാധികാര രാജ്യങ്ങളുടെ അവകാശമാണെന്നും റഷ്യ ഓർമ്മിപ്പിച്ചു. ഇന്ത്യയടക്കം റഷ്യയുമായി വ്യാപാര ബന്ധം തുടരുന്ന രാജ്യങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെ കഴിഞ്ഞ മാസം ഭീഷണി മുഴക്കിയതും വിവാദമായിരുന്നു.

# 'ഇരട്ടത്താപ്പ് വേണ്ട"

(ഇന്ത്യയുടെ വിശദീകരണം)

 ആഗോള ഊർജ്ജ വിപണിയുടെ സ്ഥിരത ശക്തിപ്പെടുത്താൻ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയെ ആദ്യം യു.എസും പ്രോത്സാഹിപ്പിച്ചു

 ഇന്ത്യയുടെ ഇറക്കുമതി രാജ്യത്തെ ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഊർജം ഉറപ്പാക്കാൻ

 യു.എസ് പല്ലേഡിയവും യുറേനിയം ഹെക്‌സാഫ്ലൂറൈഡും വളങ്ങളും കെമിക്കലുകളും റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നു

 2024ൽ യൂറോപ്യൻ യൂണിയൻ റഷ്യയുമായി 67.5 ബില്യൺ യൂറോയുടെ ഉഭയകക്ഷി വ്യാപാരം നടത്തി

 ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ല

 രാജ്യത്തിന്റെ താത്പര്യങ്ങളും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കാനുള്ള എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കും

# യൂറോപ്പിനും റഷ്യയെ വേണം !

യുക്രെയിൻ യുദ്ധത്തിന്റെ പേരിൽ റഷ്യൻ വാതക, എണ്ണ ഇറക്കുമതി യൂറോപ്യൻ യൂണിയൻ കുറച്ചുവരികയാണ്. എന്നാൽ ഫോസിൽ ഇന്ധനങ്ങൾക്കും പ്രകൃതി വാതകങ്ങൾക്കും യൂറോപ്പ് റഷ്യയെ ആശ്രയിക്കുന്നു. ഫ്രാൻസ്, ഓസ്ട്രിയ, സ്പെയിൻ, ഗ്രീസ്, ഇറ്റലി എന്നിവർ കഴിഞ്ഞ വർഷം ഗണ്യമായ അളവിൽ റഷ്യൻ ഫോസിൽ ഇന്ധനങ്ങൾ വാങ്ങി. 2024ൽ യൂറോപ്പിലെ പ്രകൃതി വാതക ഇറക്കുമതിയുടെ 18 ശതമാനവും റഷ്യയിൽ നിന്നായിരുന്നു. സ്ലോവാക്യയും ഹംഗറിയും പൈപ്പ്ലൈൻ വഴി റഷ്യൻ വാതകം ഇപ്പോഴും വൻതോതിൽ ഇറക്കുമതി ചെയ്യുന്നു. റഷ്യൻ വാതക നിരോധനത്തെ ഇവർ എതിക്കുന്നുമുണ്ട്.