d

തിരുവനന്തപുരം: സ്‌കൂളുകളിലും ആശുപത്രികളിലും ഉൾപ്പെടെ ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങളുണ്ടെങ്കിൽ അവയുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകാനാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴയിലും കോട്ടയത്തും അടക്കം സംസ്ഥാനത്ത് പലയിടങ്ങളിലും സ്കൂൾ കെട്ടിടങ്ങളും ആശുപത്രികളും തകർന്നുവീണ് ദുരന്തമുണ്ടായ സാഹചര്യത്തിലാണിത്. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ വിളിച്ചുചേർന്ന ഉന്നതതലയോഗത്തിൽ സംസ്ഥാന ദുരന്തനിവാരണ വകുപ്പിനോട് രണ്ടാഴ്ചക്കുള്ളിൽ വീഴാറായ കെട്ടിടങ്ങളുടെ പൂർണ്ണമായ വിവരം തരംതിരിച്ച് നൽകാനും ആവശ്യപ്പെട്ടു.

പൊളിച്ചു മാറ്റേണ്ടവ,അറ്റകുറ്റപ്പണി വേണ്ടവ എന്നിങ്ങനെയാണ് വേർതിരിച്ച് നൽകേണ്ടത്. തകർന്നുവീഴാനിടയുള്ള സ്കൂൾ കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ നടപടിയെടുക്കാനും മുഖ്യമന്ത്രി പറഞ്ഞു. അവധി ദിവസങ്ങൾക്ക് മുൻഗണന നൽകി വേണം സ്‌കൂൾ കെട്ടിടങ്ങൾ പൊളിക്കാൻ. പൊളിച്ചുമാറ്റിയ സ്‌കൂൾ കെടിടങ്ങൾ പണിയും വരെ ക്ലാസുകൾ നടത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പി.ടി.എയും വിദ്യാഭ്യാസ വകുപ്പും പകരം സംവിധാനം കണ്ടെത്തണം. അൺ എയ്ഡഡ് സ്‌കൂൾ കെട്ടിടങ്ങളുടെയും സുരക്ഷാ പരിശോധന ഇതോടൊപ്പം നടത്താനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

അപകടാവസ്ഥയിലുള്ള പൊതുകെട്ടിടങ്ങളുടെ വിശദാംശങ്ങൾ രേഖപ്പെടുത്താൻ സോഫ്റ്റ് വെയറുണ്ടാക്കും. റവന്യു വകുപ്പ് മന്ത്രി കെ.രാജൻ,ധനമന്ത്രി കെ.എൻ.ബാലഗോപാൽ,പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്,പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി,ആരോഗ്യമന്ത്രി വീണാ ജോർജ്,ചീഫ് സെക്രട്ടറി ഡോ. എ.ജയതിലക് എന്നിവരും ജില്ലാ കളക്ടർമാരും യോഗത്തിൽ പങ്കെടുത്തു.