kerala-solar-

തിരുവനന്തപുരം: ബാറ്ററി സ്റ്റോറേജില്ലാതെ നിലവിലെ രീതിയിൽ പുരപ്പുറ സോളാർ സ്ഥാപിക്കുന്നത് തുടർന്നാൽ നിലവിൽ യൂണിറ്റിന് 19 പൈസ കൂട്ടേണ്ടി വരുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. 2034 ആകുമ്പോഴേക്കും ഇത് യൂണിറ്റിന് 39 പൈസയായി ഉയരും. പുരപ്പുറ സോളാർ സംവിധാനത്തിലെ അപാകത മൂലം കെ.എസ്.ഇ.ബിക്ക് 500 കോടിയാണ് ഇപ്പോഴത്തെ നഷ്ടം.

സംസ്ഥാനത്ത് 1.30 കോടി വൈദ്യുതി ഉപഭോക്താക്കളുണ്ട്. അതിൽ രണ്ടു ശതമാനം പേർ മാത്രമാണ് പുരപ്പുറ സോളാർ സ്ഥാപിച്ചിരിക്കുന്നത്.അവരുണ്ടാക്കുന്ന നഷ്ടം നികത്താൻ ബാക്കി 98 ശതമാനം ഉപഭോക്താക്കളിൽ നിന്നും അധിക തുക ഈടാക്കേണ്ടി വരും.അത് തടയാനാണ് പുതിയ ഹരിത ഊർജ്ജ ചട്ടഭേദഗതിക്കുള്ള ശ്രമം തുടരുന്നതെന്നും കെ.എസ്.ഇ.ബി.അറിയിച്ചു.

കേരളത്തിൽ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യം സൗരോർജ്ജോത്പാദനമില്ലാത്ത വൈകന്നേരം 6 മണിക്കും രാത്രി 11 മണിക്കും ഇടയിലാണ്. പുരപ്പുറ സൗരോർജ്ജ നിലയങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 36% മാത്രമാണ് പകൽ സമയത്ത് ഉപയോഗിക്കുന്നത്.നിലവിലെ വ്യവസ്ഥകൾ പ്രകാരം, പുരപ്പുറ സോളാർ ഉൽപാദകർ പകൽ സമയത്ത് ഗ്രിഡിലേക്ക് നൽകുന്നതിന് തുല്യമായ വൈദ്യുതി,വൈകുന്നേരങ്ങളിൽ അവർക്ക് തിരികെ നൽകാൻ കെഎസ്ഇബി ബാധ്യസ്ഥമാണ്. ഈ സമയത്ത് വൈദ്യുതിയുടെ ലഭ്യത കുറവും വില വളരെ കൂടുതലുമാണ്. ഇത് കെ എസ് ഇ ബിക്ക് വലിയ സാമ്പത്തിക ആഘാതമുണ്ടാക്കുന്നു.