അകാലനര മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി പേരുണ്ട്. ആരോഗ്യാവസ്ഥ മുതൽ ലൈഫ് സ്റ്റൈൽ വരെ നരയ്ക്ക് കാരണമാകാറുണ്ടെന്നാണ് പറയപ്പെടുന്നത്. നര മൂലം ആത്മവിശ്വാസം നഷ്ടപ്പെടുന്നവരുമേറെയാണ്. മറ്റുള്ളവരെ അഭിമുഖീകരിക്കാൻ വരെ പലർക്കും ബുദ്ധിമുട്ടായിരിക്കും. അത്തരം സാഹചര്യങ്ങളിൽ ഭൂരിഭാഗം പേരും മാർക്കറ്റിൽ കിട്ടുന്ന ഹെയർ ഡൈയെയാണ് ആശ്രയിക്കുന്നത്.
എന്നാൽ കെമിക്കലുകളൊന്നും ഉപയോഗിക്കാതെ തികച്ചും നാച്വറലായ രീതിയിൽ, യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ, വീട്ടിലിരുന്നുകൊണ്ട് ഹെയർ ഡൈ തയ്യാറാക്കാനായാൽ അതല്ലേ ഏറ്റവും നല്ലത്. വീട്ടിലുള്ള വെറും രണ്ട് ചേരുവകൾ ഉപയോഗിച്ച് മിനിട്ടുകൾക്കുള്ളിൽ കിടിലൻ ഹെയർ ഡൈ തയ്യാറാക്കാൻ സാധിക്കും. ഇത് തയ്യാറാക്കാൻ ബദാമും വെളിച്ചെണ്ണയും മാത്രമേ ആവശ്യമുള്ളൂ.
തയ്യാറാക്കുന്ന രീതി
അഞ്ച് ബദാം എടുക്കുക (മുടിയുടെ നീളവും നരയുടെ വ്യാപതിയുമൊക്കെ അനുസരിച്ച് അളവിൽ വ്യത്യാസം വരുത്താം). ഇത് ചീനച്ചട്ടിയിലോ മറ്റോ ഇട്ട് കറുപ്പ് നിറമാകുന്നതുവരെ ചൂടാക്കുകയാണ് വേണ്ടത്. പറ്റുമെങ്കിൽ തീയിലിട്ട് ചെയ്താലും മതി. എന്നാൽ അധികം കരിഞ്ഞുപോകാതിരിക്കാൻ ശ്രദ്ധിക്കണം. ചൂടാറിയ ശേഷം ഇത് നന്നായി പൊടിച്ചെടുക്കണം.
ഈ പൊടിയിലേക്ക് അൽപം വെളിച്ചെണ്ണ ചേർത്ത് പേസ്റ്റ് രൂപത്തിൽ നന്നായി യോജിപ്പിക്കുക. വെളിച്ചെണ്ണ അധികമായിപ്പോകരുത്. എണ്ണമയം ഒട്ടുമില്ലാത്ത മുടിയിൽ വേണം ഇത് തേയ്ക്കാൻ. നരയിൽ പുരട്ടിക്കൊടുക്കാം. എന്നാൽ അപ്പോൾത്തന്നെ കഴുകണമെന്നൊന്നുമില്ല. കുളിക്കുമ്പോൾ ചെമ്പരത്തി താളി ഉപയോഗിക്കുക.
അതേസമയം, എല്ലാവരുടെയും മുടി ഒരുപോലെയല്ല. മാത്രമല്ല പ്രകൃതിദത്ത സാധനങ്ങൾ മാത്രം ഉപയോഗിക്കുന്നതിനാൽത്തന്നെ എല്ലാവർക്കും ആദ്യ ഉപയോഗത്തിൽത്തന്നെ പൂർണമായ റിസൽട്ട് ലഭിക്കണമെന്നില്ല.