ട്രാൻസ്ഷിപ്പ് ചെയ്ത സാധനങ്ങൾക്ക് തെക്കുകിഴക്കൻ ഏഷ്യയിലുടനീളം 40 ശതമാനം വരെ തീരുവയും പുതിയ ലെവികളും ഏർപ്പെടുത്തിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ ട്രംപിന്റെ പുതിയ താരിഫ് നിരോധനം ഏറെ ഗുണകരമായിരിക്കുന്നത് എതിരാളിയായ ചൈനയ്ക്കാണ്. വ്യാപാരത്തിലും സ്വാധീനത്തിലും യുഎസിന്റെ എതിരാളിയായ ചൈനയെ കൂടുതൽ ആകർഷകമായ നിർമ്മാണ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ് ട്രംപിന്റെ പുതിയ താരിഫ് നയങ്ങൾ.
വിയറ്റ്നാം, കംബോഡിയ, ഇന്തോനേഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലൂടെ തിരിച്ചുവിടുന്ന സാധനങ്ങളെ ലക്ഷ്യമിട്ട് ചൈനീസ് വ്യാപാര ആധിപത്യം തടയുക എന്ന ലക്ഷ്യത്തോടെയുള്ള ട്രംപിന്റെ തീരുവകൾ ആഗോള വിതരണ ശൃംഖലകളെ തടസപ്പെടുത്തുകയാണ്. ബദൽ കേന്ദ്രങ്ങളിലെ ഉയർന്ന ചെലവുകൾ കൊണ്ട് വലയുന്ന നിർമ്മാതാക്കളും കയറ്റുമതിക്കാരും, ഉത്പാദനത്തിന് വിലകുറഞ്ഞതും സുഗമവും കൂടുതൽ വിശ്വസനീയവുമായി തുടരുന്ന ചൈനയിലേയ്ക്ക് തിരികെ പോകുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. 'ചൈന പ്ലസ് വൺ' ബിസിനസ് തന്ത്രം പിന്തുടരുന്ന ഈ കമ്പനികൾ 2017 ൽ ട്രംപ് അധികാരത്തിൽ വന്നതിനുശേഷം ചൈനയ്ക്ക് പുറത്തേക്ക് തങ്ങളുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചിരുന്നു.
ചൈനയിൽ സാന്നിധ്യം നിലനിർത്തിക്കൊണ്ടുതന്നെ, മറ്റ് വികസ്വര രാജ്യങ്ങളിൽ ഉത്പാദന, വിതരണ ശൃംഖലകൾ സ്ഥാപിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് 'ചൈന പ്ലസ് വൺ'. ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുക, ഒരു വിപണിയിൽ അമിതമായി കേന്ദ്രീകരിക്കുന്നതുമായി ബന്ധപ്പെട്ട അപകടസാദ്ധ്യതകൾ കുറയ്ക്കുക, പുതിയ വിപണികൾ കയ്യടക്കുക എന്നതാണ് ഈ ബിസിനസ് തന്ത്രത്തിന്റെ ലക്ഷ്യം. അമേരിക്കയെ മികച്ചതാക്കാൻ ഇറങ്ങിത്തിരിച്ച ട്രംപ്, ഇതോടെ ചൈനയെ മികച്ച ഓപ്‌ഷനാക്കി മാറ്റുകയാണെന്നാണ് റിപ്പോർട്ടുകൾ.
ചൈനയുടെ ഉത്പാദന ശക്തി അമേരിക്കയ്ക്ക് വലിയ ഭീഷണിയായാണ് കണക്കാക്കിയിരുന്നത്. എന്നാൽ തെക്കുകിഴക്കൻ ഏഷ്യയിലുടനീളം ട്രാൻസ്ഷിപ്പ് ചെയ്ത സാധനങ്ങൾക്ക് 40 ശതമാനം വരെ തീരുവയും പുതിയ ലെവികളും ചുമത്തിയതോടെ ട്രംപ് ലോകോത്തര കമ്പനികളെ തിരികെ ചൈനയിലേയ്ക്ക് കൊണ്ടുപോകുന്ന സ്ഥിതിയാണ് സംജാതമാകുന്നത്.
ട്രംപിന്റെ പുതിയ താരിഫ് പ്രഖ്യാപനങ്ങൾക്ക് പിന്നാലെ ആഭ്യന്തര ഉത്‌പാദനത്തിന് ചെലവ് കുറഞ്ഞതായാണ് ചൈനീസ് വിദഗ്ദ്ധർ വ്യക്തമാക്കുന്നത്. 'ചൈന പ്ലസ് വൺ' തന്ത്രത്തെ ദുർബലപ്പെടുത്തുന്നതിലൂടെ പുതിയ താരിഫുകൾ ട്രംപിന് തിരിച്ചടിയാകുമെന്നും, കമ്പനികളെ ചൈനയിൽ നിന്ന് അകറ്റുന്നതിനുപകരം അവിടേയ്ക്ക് തിരികെ കൊണ്ടുപോകുമെന്നും മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ബിസിനസുകാരനായ അജയ് ബഗ്ഗ പറഞ്ഞു. ട്രംപിന്റെ താരിഫുകൾ ചൈനയിലെ ഉത്പാദനം വിലകുറഞ്ഞതാക്കുന്നുവെന്നും ബിസിനസ് രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ട്രംപിന്റെ വ്യാപാര യുദ്ധം ചൈനീസ് ഫാക്ടറികളെ വീണ്ടും ചെലവ് കുറഞ്ഞതും കൂടുതൽ സ്ഥിരതയുള്ളതുമായ ഓപ്ഷനാക്കി മാറ്റുകയാണെന്നും പലരും അഭിപ്രായപ്പെടുന്നു.
ചൈനീസ് കസ്റ്റംസ് ഡാറ്റ പ്രകാരം, ഏപ്രിലിൽ ചൈനയുടെ വിദേശ വ്യാപാര മൂല്യം വാർഷികാടിസ്ഥാനത്തിൽ എട്ട് ശതമാനം വർദ്ധിച്ചതായാണ് വ്യക്തമാക്കുന്നത്. ജനുവരിയിൽ ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം വ്യാപാരത്തിൽ സ്ഥിരമായ ഉയർച്ചയുണ്ടായതായും കണക്കുകളിൽ ചൂണ്ടിക്കാട്ടുന്നു. ട്രംപിന്റെ താരിഫ് യുദ്ധം തുടരുമ്പോഴും 2025 ഏപ്രിൽ മുതൽ ജൂൺ വരെ ചൈനയുടെ മൊത്ത ആഭ്യന്തര വരുമാനം 5.2 ശതമാനമാണ് വളർന്നത്.