കുറച്ചുമണിക്കൂറുകൾ കൂടി പിന്നിട്ടാൽ കൂറ്റൻ ഛിന്നഗ്രഹം ഭൂമിയുടെ ഭ്രമണപഥത്തിലെത്തുമെന്ന് നാസ. മണിക്കൂറിൽ 13,401 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഛിന്നഗ്രഹത്തിന് 130 അടി വീതിയാണുള്ളത്. നിലവിൽ ഭൂമിയുടെ 924000 മെെൽ അകലെയായിട്ടാകും ഛിന്നഗ്രഹം എത്തുക. ഏയ്റ്റൻ ഗ്രൂപ്പിൽ വരുന്ന ഛിന്നഗ്രഹമായ 2025 OT4 ആണ് നാളെ ഭൂമിക്കടുത്ത് എത്തുന്നത്. ഈ സംഘത്തിൽപ്പെട്ട ഛിന്നഗ്രഹങ്ങൾ പതിവായി ഭൂമിക്കടുത്തെത്താറുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
ഭൂമിയ്ക്ക് 7.4 കിലോമീറ്റർ അടുത്തെത്തിയാൽ മാത്രമേ ഛിന്നഗ്രഹങ്ങൾ അപകടകാരികളാകൂ. അതുമാത്രവുമല്ല അതിന് 85 മീറ്ററിൽ കൂടുതൽ വീതിയും വേണം. എന്നാൽ നാളെ ഭൂമിക്കരിൽ എത്തുന്ന 2025 OT4ന് ഇത് രണ്ടുമില്ലെന്നും ഭയക്കേണ്ടെന്നുമാണ് ശാസ്ത്രജ്ഞർ പറയുന്നത്. 2025 OT4നെ ശ്രദ്ധാപൂർവം നിരീക്ഷിച്ച് വരികയാണ് നാസ. അന്തരീക്ഷത്തിലെ ചില മാറ്റം പോലും അതിന്റെ വേഗത്തിലും സഞ്ചാര പാതയിലും മാറ്റാം വരുത്താൻ സാദ്ധ്യതയുണ്ട്.
അതേസമയം, 53 മുതൽ 67 മീറ്റർ വരെ ചുറ്റളവുള്ള വമ്പനൊരു ഛിന്നഗ്രഹം (2024 വൈആർ4) ഏഴ് വർഷത്തിനകം ഭൂമിയ്ക്ക് ഭീഷണിയാകുമെന്ന പഠനങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. 2024 വൈആർ4നെക്കുറിച്ച് പുതിയൊരു വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. യൂറോപ്യൻ സ്പേസ് ഏജൻസി (ഇഎസ്എ) പുറത്തുവിട്ട വിവരം അനുസരിച്ച് ഭൂമിക്ക് പകരം ഈ ഛിന്നഗ്രഹം ചന്ദ്രനിലാകും പതിക്കുക എന്നാണ് അത്. ചന്ദ്രനിൽ ഇത് ചെറിയ നാശവും ഉണ്ടാക്കിയേക്കും.
കണക്കുകൂട്ടുന്ന തീയതിയനുസരിച്ച് 2032 ഡിസംബർ 22നാണ് ഛിന്നഗ്രഹം ചന്ദ്രന് സമീപമെത്തുക. ചന്ദ്രനിൽ പതിക്കാനുള്ള സാദ്ധ്യത ഇപ്പോഴത്തെ കണക്കിൽ നാല് ശതമാനമാണ്. 2024 ഡിസംബർ 27ന് ചിലിയിലെ അറ്റ്ലസ് ടെലിസ്കോപ്പാണ് 2024 വൈആർ4 എന്ന ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ഭൂമിയിൽ പതിക്കുമോ എന്ന സംശയം അന്ന് ഈ ഛിന്നഗ്രഹത്തിന്റെ കാര്യത്തിൽ ബഹിരാകാശ വിദഗ്ദ്ധർക്ക് ഉണ്ടായിരുന്നു. അത്യാവശ്യം വലുപ്പമുള്ളതിനാൽ പതിച്ചാൽ ഭൂമിയിൽ നാശം സൃഷ്ടിക്കാൻ കഴിയുന്നതാണ് ഈ ഛിന്നഗ്രഹം. വന്നുവീണാൽ ഒരു നഗരത്തെ ഒന്നാകെ തകർക്കാൻ കഴിയുന്നതിനാൽ ഇതിനെ സിറ്റി കില്ലർ എന്നും ഇതിനെ വിളിക്കുന്നു.