മിസിസ് ചാറ്റർജി v/s നോർവേ സിനിമയിൽ ദേബിക ചാറ്റർജി എന്ന അമ്മ വേഷം അവതരിപ്പിച്ചപ്പോൾ പലവട്ടം റാണി മുഖർജിക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല. സിനിമ കണ്ട അമ്മ പ്രേക്ഷകരും സങ്കടം നിയന്ത്രിക്കാനാവാതെ വിതുമ്പി. യഥാർത്ഥ സംഭവം ആയിരുന്നു സിനിമയുടെ വിഷയം എന്ന് അറിഞ്ഞപ്പോൾ മൂന്നു പതിറ്റാണ്ട് എത്തിയ തന്റെ ചലച്ചിത്ര ജീവിതത്തിലെ ഏറ്റവും മികച്ച വേഷം എന്ന് റാണി മുഖർജി തിരിച്ചറിഞ്ഞു. എന്നാൽ മികച്ച നടി എന്ന ദേശീയ അംഗീകാരം തേടി വരുമെന്ന് പ്രതീക്ഷിച്ചതേയില്ല. ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയപ്പോൾ റാണിയെ മുൻപത്തേക്കാൾ സിനിമ ചേർത്തു പിടിച്ചു. ആദ്യ ദേശീയ അംഗീകാരവുമായി 47 -ാം വയസിലും ആരാധകരെ അത്ഭുതപ്പെടുത്തുകയാണ് റാണി മുഖർജി . മികച്ച നടൻ പുരസ്കാരം ഷാരൂഖ് ഖാനും നേടിയപ്പോൾ വർഷങ്ങൾക്കിപ്പുറം ബോളിവുഡിലെ ആ പഴയ താരജോഡികൾ വീണ്ടും ശ്രദ്ധ ആകർഷിക്കുന്നു.
സെക്കന്റ് ഇന്നിംഗ്സ്
സിനിമാ കുടുംബത്തിൽ ജനിച്ചതിനാൽ ബി ടൗണിൽ എത്താൻ റാണി മുഖർജിക്ക് എളുപ്പമായിരുന്നു. അച്ഛൻ റാം മുഖർജി സംവിധാനം ചെയ്ത ബംഗാളി ചിത്രം ബിയർ ഫൂലിൽ അരങ്ങേറ്റം . രാജാ കി ആയേഗി ബാരാത്ത് എന്ന ചിത്രത്തിലൂടെ ഹിന്ദിയിൽ . രണ്ടായിരത്തിന്റെ തുടക്കം ആണ് റാണിയുടെ കരിയറിന്റെ മികച്ച സമയം. ഹം തും, വീർ സാറ, ചൽത്തേ ചൽത്തേ ഉൾപ്പെടെ സിനിമകൾ എല്ലാം വിജയം നേടി. എന്നാൽ അപ്രതീക്ഷിത പരാജയവും കരിയറിലുണ്ടായി. ആ സമയത്താണ് നിർമ്മാതാവും സംവിധായകനും യഷ് രാജ് ഫിലിംസ് ഉടമയുമായ ആദിത്യ ചോപ്രയുമായുള്ള വിവാഹം. 2014ൽ പ്രദീപ് സർക്കാറിന്റെ മർദാനിക്ക് ശേഷം റാണി സിനിമയിൽ സജീവമായില്ല. നാലുവർഷത്തിനുശേഷം ഹിച്ച്കിയിൽ നായിക വേഷം ചെയ്തു മടങ്ങി എത്തി. ഹിച്ച് കി 200 കോടിയിലേറെ കളക്ഷൻ ആഗോളതലത്തിൽ നേടി. മർദാനിയുടെ തുടർച്ചയായി എത്തിയ മർദാനി 2ഉം വാണിജ്യ വിജയം കരസ്ഥമാക്കി . പിന്നീട് നാലു വർഷത്തിന് ശേഷം മിസിസ് ചാറ്റർജി v/s നോർവേ.
രണ്ടു കുട്ടികളുടെ ദേബിക
ദേശീയ പുരസ്കാരം തേടിയെത്തിയപ്പോൾ റാണി മുഖർജിയുടെ ആദ്യ പ്രതികരണവും 30 വർഷത്തെ പ്രവർത്തനത്തിന്റെ അംഗീകാരം എന്നായിരുന്നു. ദേബിക ചാറ്റർജി എന്ന റാണിയുടെ അമ്മ വേഷത്തെ പ്രേക്ഷകരും ഏറ്റുവാങ്ങി. അമ്മയുടെ കൈയിൽ കുട്ടികൾ സുരക്ഷിതരല്ല എന്ന കാരണത്താൽ ദേബികയുടെ കൈയിൽ നിന്ന് നോർവേയിലെ ശിശു സംരക്ഷണ വിഭാഗം ഇവരുടെ കുട്ടികളെ പിടിച്ചെടുത്തതും തുടർ പോരാട്ടവുമാണ് പ്രമേയം. രണ്ടും മൂന്നും വയസുള്ള കുട്ടികളുടെ അമ്മയായി അതിശയിപ്പിക്കുന്ന പ്രകടനം തന്നെ കാഴ്ചവച്ചു. കുട്ടികളെ നഷ്ടപ്പെടുന്ന അമ്മയുടെ പ്രകടനം കൊണ്ട് ശക്തമായ സ്ത്രീകഥാപാത്രമായി ബോളിവുഡിൽ ദേബിക നിലനിൽക്കുക തന്നെ ചെയ്യും.
ഈ 'കൂട്ട് " തുടരും
ഷാരൂഖ് ഖാനും റാണി മുഖർജിയും ഹിന്ദി സിനിമാ പ്രേക്ഷകരുടെ പ്രിയ താരജോഡികൾ പോലെ ഇരുവർക്കുമിടയിലെ സൗഹൃദത്തിന്റെ ആഴവും വലുതാണ്. ഒരുമിച്ച് അഭിനയിച്ച കുഛ് കുഛ് ഹോതാ ഹേ, കഭി ഖുഷി കഭി ഗം, കഭി അൽവിദ നാ കെഹ്ന തുടങ്ങിയ ചിത്രങ്ങൾ എല്ലാം പ്രേക്ഷക സ്വീകാര്യത നേടി . സ്ക്രീനിലെ കഥാപാത്രങ്ങളായി മാത്രമല്ല, സിനിമക്ക് പുറത്തേക്കും ഇരുവരുടെയും സൗഹൃദം നീണ്ടു. സിനിമയിൽ നിന്ന് റാണി മുഖർജി ഇടവേളയെടുത്തു വീണ്ടും തിരിച്ചെത്തിയപ്പോൾ ഇരുവർക്കും ദേശീയ പുരസ്കാരം ലഭിച്ചതും ഇരട്ടി മധുരമായി. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന കിംഗ് സിനിമയിലൂടെ ഷാരൂഖ്-റാണി ജോഡികൾ വർഷങ്ങൾക്കുശേഷം ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധക ലോകം. ഷാരൂഖിന്റെ മകൾ സുഹാന ഖാന്റെ അമ്മ വേഷം ആണ് റാണി മുഖർജി അവതരിപ്പിക്കുന്നത്. ദീപിക പദുകോണും താരനിരയിൽ ഇടംപിടിച്ചിട്ടുണ്ട്. സിനിമയിലും സുഹാനയുടെ അച്ഛൻ ഷാരൂഖ് ആയിരിക്കുമോ എന്ന് മാത്രം ഇനി ,അറിഞ്ഞാൽ മതി.
വയസ് : 47
ഭർത്താവ് : ആദിത്യ ചോപ്ര
മകൾ : ആദിര ചോപ്ര
പ്രതിഫലം : 5 കോടി
സിനിമകൾ : 50
വാഹനങ്ങൾ : ഓഡി ക്യൂ 7, മെഴ്സിഡസ് ബെൻസ് ഇ- ക്ലാസ്, ബി.എം.ഡബ്ല്യൂ 7 സീരിസ്, റേഞ്ച് റോവർ വോഗ്
പ്രിയ നടൻ : ഷാരൂഖ് ഖാൻ
സുഹൃത്തുക്കൾ : കരൺ ജോഹർ, വൈഭവി മർചന്റ്
താമസം : മുംബയ്, ജൂഹു