കട്ടിയേറിയ തോടുകളുള്ള ജീവികളാണ് ഞണ്ടുകളും കൊഞ്ചുമെല്ലാം. ക്രസ്‌റ്റേഷ്യൻസ് എന്ന് വിളിക്കപ്പെടുന്ന ഇവയ്‌ക്ക് വേദന അറിയാനുള്ള കഴിവില്ല എന്ന് പൊതുവെ വിശ്വാസമുണ്ട്. എന്നാൽ അത്തരം വിശ്വാസങ്ങൾ തെറ്റാണെന്ന് ഗവേഷണങ്ങളിൽ തെളിഞ്ഞിരിക്കുകയാണ്. ഗോഥെൻബർഗ് സർവകലാശാലയിലെ ശാസ്ത്ര പ്രസിദ്ധീകരണമായ ബയോളജിയിൽ വന്ന പഠനത്തിൽ ഞണ്ടുകളും കൊഞ്ചുകളും വിവിധ കട്ടിയേറിയ തോടുള്ള അത്തരം ജീവികളും വേദന അറിയുന്നുണ്ട് എന്ന് പരീക്ഷണത്തിൽ വ്യക്തമായതായി അറിയിക്കുന്നു.
ഷോർ ക്രാബുകൾ എന്നതരം ഞണ്ടുകളെ ഇതിനായി ഗവേഷകർ പഠനവിധേയമാക്കി. ഭക്ഷണത്തിനായി നാം ഞണ്ടുകളെ തിളച്ചവെള്ളത്തിലും മറ്റും ഇടുമ്പോൾ എങ്ങനെ അവയ്‌ക്ക് അനുഭവപ്പെടുന്നു എന്ന് അവയിൽ പരീക്ഷിച്ചപ്പോൾ വ്യക്തമായ വേദനയുടെ പ്രതികരണം തന്നെ അവ നടത്തി. ഡോ.ലിനി സ്‌നെഡോൺ, ഗവേഷണ വിദ്യാർത്ഥി എലെഫ്‌തേരിയോസ് കസിയോരസ് എന്നിവരുടെ ഗവേഷണ സംഘം ആണ് ഞണ്ടിൽ പരീക്ഷണം നടത്തിയത്. വിനാഗിരിയടക്കമുള്ളവയോട് അവയുടെ ശരീരത്തിലെ മൃദുവായ കലകളും നാടികളുമൊക്കെ എങ്ങനെ പ്രതികരിക്കുന്നു എന്ന് പരീക്ഷണം നടത്തി.
വളരെ ഹ്രസ്വവും എന്നാൽ ശക്തവുമായ പ്രതികരണമാണ് ഞണ്ടുകളുടെ തലച്ചോർ ഇതിനോട് നടത്തിയത്. 'ഇപ്പോൾ കണ്ടത് റിഫ്ളക്‌സ് അല്ല. വേദന അറിയുന്ന സംവിധാനം ശരീരത്തിൽ പ്രവർത്തിക്കുന്നു എന്നാണ് ഇതിനർത്ഥം.' കസിയോരസ് പറയുന്നു. നോസിസെപ്‌റ്റോർസ് എന്ന വേദന അറിയാനുള്ള സംവിധാനം ഇവയിലുണ്ടെന്ന് കണ്ടെത്തി. ഞണ്ടുകൾക്കും കൊഞ്ചിനും ക്രേഫിഷ് പോലെ ഈ ഗണത്തിൽ പെട്ട എല്ലാ ജീവികൾക്കും ഇത്തരത്തിലാണ് വേദനയെ അറിയാനാകുക എന്ന് ഗവേഷകർ മനസിലാക്കി.
മറ്റ് ജീവികളെ ജീവനോടെ ഭക്ഷിക്കുന്നതിന് വിവിധ രാജ്യങ്ങളിൽ നിയമം മൂലം നിരോധനമുണ്ട്. എന്നാൽ ഞണ്ടടക്കം ക്രസ്‌റ്റേഷ്യനുകളെ ജീവനോടെ വേവിച്ച് ഭക്ഷിക്കുന്നതിന് മിക്കയിടത്തും തടസമില്ല. ഈ പഠനത്തിലൂടെ ഞണ്ടടക്കം ജീവികൾക്ക് അത്തരം ക്രൂരമായ രീതിയിൽ പാചകം ചെയ്‌തല്ല ഭക്ഷിക്കുന്നത് എന്ന് വാങ്ങുന്നയാൾ ഉറപ്പുവരുത്താനും പാചകം ചെയ്യുന്നതിന് മറ്റ് വഴികൾ തേടാൻ അത് തയ്യാറാക്കുന്നവരും കരുതുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.