വൃത്തിയാക്കാൻ ആളില്ലെന്ന്
തിരുവനന്തപുരം: പാളയം യൂണിവേഴ്സിറ്റി കോളേജിന് മുന്നിലെ കുടിവെള്ള കിയോസ്‌കിൽ വെള്ളം കണ്ടിട്ട് രണ്ട് വർഷം. കിയോസ്കുകൾ സ്ഥാപിച്ചശേഷം കുറച്ചുകാലം മാത്രമായിരുന്നു വെള്ളമുണ്ടായിരുന്നത്. യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികളായിരുന്നു കൂടുതലും കിയോസ്കിലെ കുടിവെള്ളത്തെ ആശ്രയിച്ചിരുന്നത്. സമീപത്ത് ബസ് കാത്തുനിൽക്കുന്ന യാത്രക്കാരും യൂണിവേഴ്സിറ്റി ലൈബ്രറിയിൽ വരുന്ന കുട്ടികളും കിയോസ്‌കിലെ വെള്ളമുപയോഗിച്ചിരുന്നു.
കിയോസ്കുകൾ വൃത്തിയാക്കാൻ നഗരസഭ ചുമതലപ്പെടുത്തിയ ആളുകളുമുണ്ടായിരുന്നു.എന്നാൽ പിന്നീട് വൃത്തിയാക്കൽ നിലച്ചു.പതിയെ ഇവയുടെ പ്രവർത്തനവും നിലയ്ക്കുകയായിരുന്നു. നിലവിൽ വിദ്യാർത്ഥികളടക്കമുള്ളവർ സമീപത്തെ ഭക്ഷണശാലകളിൽ നിന്നാണ് കുടിവെള്ളം എടുക്കുന്നത്.എത്രയുംവേഗം ഈ കിയോസ്ക് വൃത്തിയാക്കി കുടിവെള്ളം നൽകണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.
കിയോസ്ക് സ്ഥാപിച്ചത് - 2021
ചെലവ്-2.2 കോടി
നഗരസഭയുടെ നേതൃത്വത്തിൽ സ്മാർട്ട് സിറ്റിയുടെ ഭാഗമായാണ് കിയോസ്‌കുകൾ സ്ഥാപിച്ചത്
പുത്തരിക്കണ്ടം,തകരപ്പറമ്പ് എന്നിവിടങ്ങളിലും കുടിവെള്ള കിയോസ്‌കുകൾ സ്ഥാപിച്ചിരുന്നു. ഇവയും വൃത്തിഹീനമായിരുന്നെങ്കിലും പിന്നീട് വൃത്തിയാക്കി.
പലതവണ നഗരസഭയ്ക്ക് പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. എത്രയുംവേഗം കുടിവെള്ള കിയോസ്കുകൾ പ്രവർത്തിപ്പിക്കണം.
കോളേജ് വിദ്യാർത്ഥികൾ
രണ്ട് വർഷത്തിലധികമായി കുടിവെള്ള കിയോസ്കുകൾ പ്രവർത്തിച്ചിട്ട്. കുടിവെള്ളം ലഭിക്കണമെങ്കിൽ കടയിൽ നിന്ന് വാങ്ങേണ്ട അവസ്ഥയാണ്.
കോളേജ് ജീവനക്കാരൻ