gulf

ദുബായ്: ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് നേരിട്ടുള്ള ഇറക്കുമതിക്ക് ഉയർന്ന താരിഫ് ഏർപ്പെടുത്തിയാൽ യുഎഇയിലും സൗദി അറേബ്യയിലും കമ്പനികൾ സ്ഥാപിക്കുമെന്ന് വ്യവസായികൾ. ഇനിമുതൽ ഇന്ത്യ 25 ശതമാനം അധിക ഇറക്കുമതി തീരുവ കൂടി നൽകേണ്ടിവരുമെന്ന് ഇന്നലെ യുഎസ് പ്രസിഡന്റ് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വ്യവസായികളുടെ നീക്കം.

പുതിയ യുഎസ് താരിഫ് വ്യവസ്ഥ പ്രകാരം, യുഎഇയിൽ നിന്നും സൗദി അറേബ്യയിൽ നിന്നും കയറ്റുമതി ചെയ്യുന്നവയ്‌ക്ക് പത്ത് ശതമാനം മാത്രമാണ് താരിഫ്. അതിനാൽ, ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യാൻ 50 ശതമാനം തീരുവ ഏർപ്പെടുത്തിയ സ്റ്റീൽ, അലുമിനിയം പോലുള്ളവയുടെ കമ്പനികൾ യുഎഇ, സൗദി എന്നിവിടങ്ങളിലേക്ക് മാറ്റുന്നത് ഏറെ ഗുണംചെയ്യും. ഇതോടെ, യുഎസിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയുടെ ആഘാതം കുറയ്‌ക്കാനും സാധിക്കും. ഇതിനായി യുഎസിലെ പല ക്ലയന്റുകളും യുഎഇയിലെ പുതിയ കമ്പനിയിൽ നിക്ഷേപം നടത്താനും തയ്യാറാകും.

ദുബായ് ഇൻഡസ്ട്രിയൽ സിറ്റി, കിസാദ് ഇൻഡസ്ട്രിയൽ സോൺ തുടങ്ങിയ സ്ഥലങ്ങളാണ് ഇന്ത്യൻ കമ്പനികൾ ലക്ഷ്യമിട്ടിരിക്കുന്നത്. യുഎഇയിൽ ഉൽപ്പാദന സൗകര്യങ്ങളും കൂടുതലാണ്. യുഎസ് താരിഫ് വർദ്ധിപ്പിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്ന് കൂടുതൽ കമ്പനികൾ യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് ചേക്കേറും. ഇത് കൂടുതലും ഗുണം ചെയ്യുന്നത് പ്രവാസികൾക്കാണ്. കൂടുതൽ കമ്പനികൾ വരുന്നതോടെ മലയാളികൾക്കുള്ള തൊഴിൽ സാദ്ധ്യതയും വർദ്ധിക്കും.

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള ഇറക്കുമതി തീരുവ വെറും അഞ്ച് ശതമാനമാണ്. ഇത് ബിസിനസുകാ‌ർക്ക് ഏറെ ഗുണം ചെയ്യും. ആവശ്യക്കാരേറെയുള്ള വസ്‌തുക്കൾ തീരുവ ഇല്ലാതെ തന്നെ ഇറക്കുമതി ചെയ്യാം. ഇന്ത്യൻ ബിസിനസുകാർ ഗൾഫ് രാജ്യങ്ങളിൽ നിക്ഷേപം നടത്തുന്നത് ഏറെ ഗുണം ചെയ്യുമെന്നാണ് വ്യവസായ ഗവേഷകരും പറയുന്നത്.