egyptian

ഒരു ചെറിയ ടെസ്റ്റ് കിറ്റ് ഉപയോഗിച്ചാണ് ഇന്നത്തെ കാലത്ത് ഗ‌ർഭം സ്ഥിരീകരിക്കുന്നത്. ഡോക്ടറുടെ അടുത്തുപോലും പോകാതെ വീട്ടിൽ നിന്ന് തന്നെ ഈ കിറ്റ് ഉപയോഗിച്ച് പരിശോധിക്കാം.രണ്ട് തുള്ളി മൂത്രം മാത്രം മതി അതിന്. എന്നാൽ ഈ സാങ്കേതിക വിദ്യയ്ക്ക് മുൻപ് യുവതികൾ ഏങ്ങനെയാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയിരുന്നതെന്ന് അറിയാമോ? നൂറ്റാണ്ടുകൾക്ക് മുൻപ് അത് എങ്ങനെയാണ് കണ്ടെത്തിയതെന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ബിസി 1359 കാലഘട്ടത്തിലെ ഈജിപ്തിൽ നിന്നുള്ള ഒരു കൗതുകമായ രീതിയാണ് ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. ആ കാലഘട്ടത്തിലെ സ്ത്രീകൾ ഗർഭ നിർണയത്തിന് ബാർലിയും ഗോതമ്പും ഉപയോഗിച്ചിരുന്നതായി ചരിത്രകാരന്മാർ പറയുന്നു. കുട്ടിയുടെ ലിംഗനിർണയവും ഇതിലൂടെ നടത്താറുണ്ട്. അത് ഏങ്ങനെയെന്ന് നോക്കാം.

ആദ്യം രണ്ട് ചാക്കുകളിലായി ഗോതമ്പും ബാർലിയും എടുക്കുന്നു. ശേഷം അതിലേക്ക് യുവതിയുടെ മൂത്രം ശേഖരിച്ച് ഒഴിക്കുന്നു. ഈ ചാക്കിൽ ഗോതമ്പോ ബാർലിയോ മുളച്ചാൽ ആ യുവതി ഗ‌ർഭിണിയാണെന്നാണ് അർത്ഥം. അതിൽ ബാർലിയാണ് ആദ്യം മുളയുന്നതെങ്കിൽ അത് ഒരു ആൺകുട്ടിയാണ്. ഗോതമ്പാണ് ആദ്യം മുളയ്ക്കുന്നതെങ്കിൽ അത് ഒരു പെൺകുട്ടിയായിരിക്കുമെന്നും അക്കാലത്ത് വിശ്വസിച്ചിരുന്നു.

രണ്ട് ചാക്കിലും ഒന്നും മുളച്ചില്ലെങ്കിൽ ഫലം നെഗറ്റീവായി കണക്കാക്കുന്നു. ആധുനിക ഗവേഷകർ ഈ രീതി പരീക്ഷിച്ചുനോക്കിയിട്ടുണ്ട്. 1963ൽ നടത്തിയ ഒരു പഠനത്തിൽ ഗർഭിണിയായ ഒരു സ്ത്രീയുടെ മൂത്രത്തിലെ ഹോർമോൺ മാറ്റങ്ങൾ വിത്ത് മുളയ്ക്കുന്നതിനെ സ്വാധീനിക്കുമെന്ന് കണ്ടെത്തി. പക്ഷേ ലിംഗ നിർണയത്തിൽ ഈ രീതി ശരിയാകുമോയെന്ന് ഇപ്പോഴും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

View this post on Instagram

A post shared by InfoNEST (@infon3st)