elephant

വന്യജീവികളും മനുഷ്യരും തമ്മിൽ പലപ്പോഴും ഹൃദയത്തിൽ തൊടുന്ന ബന്ധമുണ്ടാകാറുണ്ട്. പണ്ടുകാലങ്ങൾ മുതൽ തന്നെ മനുഷ്യർ വന്യജീവികളെ സംരക്ഷിച്ചുവളർത്താറുണ്ട്. മനുഷ്യരും മൃഗങ്ങളും തമ്മിലെ ഊഷ്മളമായ ബന്ധത്തെ കാണിക്കുന്ന അനവധി വീഡിയോകളും നമ്മൾ കണ്ടിട്ടുണ്ടാവും. അത്തരത്തിൽ ഹൃദയഭേദകമായ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്.

ഒരു ആനയും ഒരു സ്ത്രീയും തമ്മിലെ സ്‌നേഹമാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. സേവ് എലിഫന്റ് ഫൗണ്ടേഷൻ സ്ഥാപകയായ ലേക് ചൈല‌ർട്ട് പങ്കുവച്ച വീഡിയോയാണ് വൈറലാവുന്നത്. ഫാ മായ് എന്ന ആനയ്ക്ക് ചൈലർട്ട് പാട്ടുപാടി കൊടുക്കുന്നതും ഇതുകേട്ട് ആന യുവതിയെ പിടിവിടാൻ സമ്മതിക്കാതെ ചേർത്തുപിടിച്ചുവച്ചിരിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

ആനകൾക്ക് തന്റെ പാട്ട് കേൾക്കാനിഷ്ടമാണെന്നും പ്രത്യേകിച്ച് ഫാ മായ് തന്നെ പോകാൻ സമ്മതിക്കാറില്ലെന്നും ചൈല‌ർട്ട് പറയുന്നു. 'എല്ലാ ഉച്ച സമയങ്ങളും വിശ്രമത്തിനുള്ള സമയമാണ്. ആനക്കൂട്ടം മരച്ചുവട്ടിൽ ഒത്തുകൂടുന്നത് എനിക്കും അവർക്കൊപ്പം സമയം ചെലവഴിക്കാനുള്ള അവസരമാണ്.

ഒരുമിച്ച് നിൽക്കുമ്പോൾ അവരുടെ ഏറ്റവും പ്രിയപ്പെട്ട കാര്യങ്ങളിലൊന്ന് ഞാൻ പാട്ടുപാടുന്നതാണ്. പ്രത്യേകിച്ച് ഫാ മായ്, പാട്ട് ആസ്വദിക്കുകയാണെങ്കിൽ എന്നെ പോകാൻ സമ്മതിക്കാറില്ല. പാട്ട് അവസാനിക്കുന്നതുവരെ എന്നെ അവിടെതന്നെ പിടിച്ചുനിർത്തും. പാട്ട് ആനകൾക്ക് സന്തോഷം നൽകുക മാത്രമല്ല, അവരുടെ ഹൃദയത്തെ കൂടുതൽ മൃദുലമാക്കാനും അവരെ കൂടുതൽ മയപ്പെടുത്താനും സഹായിക്കും'- എന്ന അടിക്കുറിപ്പോടെയാണ് ചൈല‌ർട്ട് വീഡിയോ പങ്കുവച്ചത്.