''മനുഷ്യർ തമ്മിലെ വിരോധങ്ങൾക്ക് എത്രകാലം ആയുസുണ്ടാകാമെന്നാണ് നിങ്ങൾ വിചാരിക്കുന്നത്! അത്തരമൊരു കാര്യത്തെപ്പറ്റി എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? വിരോധപ്പെട്ടിരിക്കുന്നവരുടെ ആയുഷ്ക്കാലം മുഴുവനും? അതോ, അവരിലൊരാളിന്റെ കണ്ണടയുന്നതുവരെ! മനുഷ്യനല്ലേ ജീവി, കൊന്നാലും, തിന്നാലും പകയടങ്ങുമോ! ഭൂമിയിൽ മനുഷ്യർ തമ്മിലെ ആദ്യത്തെ കലാപക്കൊടി ഉയർത്തിയത് ആരായിരിക്കും? സംശയമെന്താ, രക്തബന്ധമുള്ള സഹോദരന്മാർ തമ്മിൽ തന്നെയായിരുന്നല്ലോ! ഓർമ്മയില്ലേ, ആദാമിന്റെ മക്കളെ, കയിനെയും, ഹാബേലിനെയും. ഹാബേലിനെ, കയിൻ കൊലപ്പെടുത്തി. അങ്ങനെ, ഹാബേൽ മനുഷ്യക്കുരുതിയുടെ ആദ്യത്തെ ഇരയായിയെന്നാണ് പാശ്ചാത്യപുരാണ കഥയെങ്കിൽ, നമ്മുടെ പുരാണങ്ങളിലും കുരുതികൾക്ക് ക്ഷാമവുമുണ്ടായിരുന്നോ? മഹാഭാരതത്തിലെ കരുത്തുറ്റ കഥാപാത്രങ്ങളിലൊന്നായിരുല്ലോ അശ്വത്ഥാമാവ്. അമിതമായ കോപവും, പ്രതികാര ചിന്തകളും എപ്രകാരമാണ് ഒരു വ്യക്തിയുടെ അധഃപതനത്തിന് കാരണമാകുന്നതെന്ന് അശ്വത്ഥാമാവിന്റെ ജീവിതകഥയിലൂടെ വരച്ചുകാട്ടിയിരിക്കുകയല്ലേ മഹാഭാരത കഥാകാരൻ. അത് നമുക്കൊന്നുകാണണ്ടേ?"" പതിവിന് വിപരീതമായി, എന്തുകൊണ്ടാണ് പ്രഭാഷകൻ നെഗറ്റിവ് ചിന്തകളിൽ അടിവരയിടുന്നത് എന്നഭാവമായിരുന്നു സദസ്യരിൽ ചില മുഖങ്ങളിലെങ്കിലും കണ്ടത്. എന്നാൽ, ജീവിതത്തിന്റെ വഴി തന്നെ അടഞ്ഞുപോയ കഥപറഞ്ഞാലല്ലേ അത്തരമൊരവസ്ഥയുടെ ഗുണദോഷങ്ങൾ ബോദ്ധ്യപ്പെടുത്താൻ കഴിയുയെന്ന ചിന്തയിലായിരുന്നു പ്രഭാഷകൻ. സദസ്യരിലെ വ്യത്യസ്തഭാവങ്ങൾ പൂർണ്ണമായി ഉൾക്കൊണ്ടപോലെ എല്ലാവരേയും നോക്കി ചെറുപുഞ്ചിരിയോടെ പ്രഭാഷകൻ ഇപ്രകാരം തുടർന്നു:
''പാണ്ഡവ കൗരവ രാജകുമാരന്മാരുടെ രാജകീയ ഗുരുവായ ദ്രോണാചാര്യരുടെ മകനായിരുന്നു അശ്വത്ഥാമാവെന്ന് നമുക്കറിയാം. കൗരവരുടെ നേതാവായ ദുര്യോധനന്റെ അടുത്ത സുഹൃത്തായിരുന്ന അശ്വത്ഥാമാവ്, പിതാവിന്റെ ശിക്ഷണത്തിൽ കുരു രാജകുമാരന്മാരോടൊപ്പം സൈനിക പരിശീലനം നേടുന്നു. അശ്വത്ഥാമാവിന് പിതാവിൽ നിന്ന് നാരായണാസ്ത്രം, ബ്രഹ്മശിരാസ്ത്രം എന്നിവയുൾപ്പെടെ നിരവധി ആകാശായുധങ്ങളെക്കുറിച്ചുള്ള അറിവ് ലഭിക്കുന്നു. പാണ്ഡവരും കൗരവരും തമ്മിലുള്ള കുരുക്ഷേത്ര യുദ്ധത്തിൽ, കൗരവരുടെ പക്ഷത്ത് നിന്ന് പോരാടുന്ന അദ്ദേഹം യുദ്ധാവസാനത്തോടെ അവരുടെ വിഭാഗത്തിൽ നിന്ന് അവശേഷിക്കുന്ന മൂന്ന് യോദ്ധാക്കളിൽ ഒരാളായി ഉയർന്നുവരുന്നു. പിതാവിന്റെ അനുഗ്രഹത്തോടെ, യുദ്ധം ഔപചാരികമായി അവസാനിച്ചതിന് ശേഷം, അശ്വത്ഥാമാവ് ശിവന് ഒരു യാഗം കഴിച്ച് അമാനുഷിക ശക്തിയും ആയുധവും നേടുന്നു. പാണ്ഡവ പാളയത്തിൽ ഒരു രാത്രി ആക്രമണം നടത്തുകയും ദ്രോണരെ ശിരഛേദം ചെയ്ത പാണ്ഡവ സൈന്യത്തിന്റെ കമാൻഡറായ ധൃഷ്ടദ്യുമ്നനെയും പാണ്ഡവരുടെ രാജ്ഞിയായ ദ്രൗപദിയുടെ പുത്രന്മാർ ഉൾപ്പെടെയുള്ള ശേഷിക്കുന്ന യോദ്ധാക്കളെയും കൊല്ലുകയും ചെയ്യുന്നു. മറുപടിയായി പാണ്ഡവർ അദ്ദേഹത്തെ പിന്തുടരുന്നു, നേരിടുമ്പോൾ, അശ്വത്ഥാമാവ് ബ്രഹ്മശിരാസ്ത്രം വിട്ടയക്കുന്നു. പിന്നീട്, ആയുധം ഓർമ്മിക്കാൻ കഴിയാതെ, അശ്വത്ഥാമാവ് പകരം പാണ്ഡവ വംശത്തെയും പരീക്ഷിത്ത് ഗർഭിണിയായ ഉത്തര ഉൾപ്പെടെയുള്ള പാണ്ഡവ സ്ത്രീകളെയും ലക്ഷ്യമിടുന്നു. കുട്ടി മരിച്ചെങ്കിലും, ശ്രീകൃഷ്ണൻ പിന്നീട് കുഞ്ഞിനെ പുനർജീവിപ്പിക്കുന്നു. ഈ പ്രവൃത്തികൾക്കുള്ള ശിക്ഷയായി, ശ്രീകൃഷ്ണൻ അശ്വത്ഥാമാവിനെ മൂവായിരം വർഷം ഭൂമിയിൽ അലഞ്ഞു നടക്കാൻ ശപിക്കുന്നു. പിന്നീട് അദ്ദേഹം വനങ്ങളിലേക്ക് പിൻവാങ്ങുന്നു. ഇതാണ് ആ ദുരന്തജീവിതത്തെപ്പറ്റി എനിക്കറിയാവുന്ന കഥ. അശ്വത്ഥാമാവ് തീർച്ചയായും ഒരു ചിരഞ്ജീവിതന്നെയാണ് എന്നാണല്ലോ ഇന്നത്തെ മനുഷ്യരുടെ അധമ പ്രവർത്തികൾ നമ്മെ ഓർമ്മപ്പെടുത്തുന്നത്. തീവ്രതയിൽ വ്യത്യാസം വരുമെങ്കിലും, എല്ലാ മനുഷ്യരിലും 'അശ്വത്ഥാമാവ് ' ഉറങ്ങിക്കിടപ്പുണ്ട്. എന്നാൽ, ചിലരിലാകട്ടെ 'അശ്വത്ഥാമാവ് ഉറങ്ങാറേയില്ല. അവരിലധികവും ഇപ്പോൾ ജയിലിലാണെന്നുമാത്രം! അപ്പോൾ ഇത്രയെങ്കിലുമോർക്കുക: നമ്മുടെ വാക്കുകളെ സൂക്ഷിക്കുക. കാരണം, വാക്കിൽ നിന്നാണ് ശനി. പഞ്ചാംഗത്തിൽ നിന്നല്ല! സ്വന്തം വാക്കിലെ ശനിയാണ്, വിനയായി തീരുന്നത്! അങ്ങനെ, വിന, വിദ്വേഷമായി മാറുന്നു. വിദ്വേഷം, വൈരാഗ്യമായി വളരുന്നു. വൈരാഗ്യം, വാശിയായി ഉള്ളിലുറക്കുന്നു. വാശി, നാശമായി തീരുന്നുയെന്ന് തിരിച്ചറിവുള്ളവർ, ജീവിതാനുഭവങ്ങളായി പണ്ടേ നമുക്ക് പങ്കുവച്ചുതന്നിട്ടുണ്ടല്ലോ! ഇനി സ്വയംവിലയിരുത്തി നോക്കുക, നമ്മളെവിടെ നില്ക്കുന്നുയെന്ന്, സ്വയം തിരുത്തിയാൽ നാട്ടിൽ തന്നെ നിൽക്കാം, ജയിലിൽ പോകണ്ട!"" സദസിൽ നിന്നുയർന്ന കൂട്ടച്ചിരിയിൽ പ്രഭാഷകനും കൂടിച്ചേർന്നു.