ലോകേശ്വരനായ പരമശിവന്റെ സദ്യോജാതം, വാമദേവം, അഘോരം, തത്പുരുഷൻ, ഈശാനം എന്നീ പഞ്ചമുഖങ്ങളിൽ നിന്നാണ് യഥാക്രമം ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങൾ ഉണ്ടായതെന്ന് എല്ലാവർക്കുമറിയാം. ഈ പഞ്ചഭൂതങ്ങൾ പ്രതിനിധാനം ചെയ്യുന്ന ശിവക്ഷേത്രങ്ങളാണ് കാഞ്ചീപുരത്തെ ഏകാംബരേശ്വര ക്ഷേത്രം (ഭൂമി), തിരുച്ചിറപ്പള്ളിയിലെ (തിരുവാനൈക്കാവ്) ജംബുകേശ്വര ക്ഷേത്രം (ജലം), തിരുവണ്ണാമലൈയിലെ അരുണാചലേശ്വര ക്ഷേത്രം (അഗ്നി), കാളഹസ്തിയിലെ ക്ഷേത്രം (വായു), ചിദംബര നടരാജ ക്ഷേത്രം (ആകാശം) എന്നിവ. ഈ ക്ഷേത്രങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങൾ അടങ്ങുന്ന പുസ്തകമാണ് ഡോ. ടി.ജെ. സരസ്വതി അമ്മ എഴുതിയ 'പഞ്ചഭൂത ക്ഷേത്രങ്ങൾ."
സത്യത്തിൽ പുസ്തകം വായിച്ചപ്പോൾ ആ അമ്മയെ മനസുകൊണ്ട് ഞാൻ നമസ്കരിച്ചു പോയി. കാരണം ഈ ക്ഷേത്രങ്ങളിൽ തിരുവണ്ണാമലൈ ഒഴികെ മറ്റു നാല് ക്ഷേത്രങ്ങളിലും ഞാൻ ദർശനം നടത്തിയിട്ടുണ്ട്. കർണാടക സംഗീതമാണ് എന്റെ മേഖല. മുത്തുസ്വാമി ദീക്ഷിതർ രചിച്ച പഞ്ചലിംഗ സ്ഥലകൃതികൾ പഠിച്ചിട്ടുണ്ട്. അതുകൊണ്ട് ഈ ക്ഷേത്രങ്ങളുടെ സംഗീതപരമായ മഹാത്മ്യവും സവിശേഷതകളും മാത്രമാണ് ഞാൻ ശ്രദ്ധിച്ചത്. പക്ഷേ ഈ പുസ്തകം ഒരാൾ വായിക്കുമ്പോൾ ഈ ക്ഷേത്രങ്ങളിൽ പോയി തൊഴുതു മടങ്ങുന്ന അനുഭവമാണ് ഉണ്ടാവുക.
അത്രമേൽ വിശദമായാണ് ക്ഷേത്രങ്ങളുടെ മാഹാത്മ്യം, ഐതിഹ്യം, നിർമ്മിതി, ഗോപുരങ്ങളുടെ പ്രത്യേകത, എണ്ണം, ഉപക്ഷേത്രങ്ങൾ, പൂജകൾ, ആചാരങ്ങൾ, ഉത്സവങ്ങൾ, പൂജാ സമയക്രമം, ക്ഷേത്രത്തിലേക്കുള്ള വഴി തുടങ്ങി യാത്രയുടെ വിശദാംശങ്ങൾ വരെ എഴുതിയിരിക്കുന്നത്.ജംബുകേശ്വര ക്ഷേത്രത്തിലെ അഞ്ച് കോട്ടകൾ, പൂജാരി സ്ത്രീവേഷം ധരിച്ച് ചെയ്യുന്ന പൂജ, ഭസ്മമതിൽ അരുണാചല ക്ഷേത്രത്തിലെ ഗിരിവലം, തീർത്ഥങ്ങൾ, കാർത്തിക ദീപ ഐതിഹ്യം, ക്ഷേത്ര ഐതിഹ്യം, ചിദംബര രഹസ്യം, അതിന്റെ വിശദീകരണവും അവിടത്തെ തന്നെ അഞ്ചുസഭകൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളും അടക്കം സമഗ്രമായ ക്ഷേത്രവിജ്ഞാനമാണ് ഈ പുസ്തകം നല്കുന്നത്. ക്ഷേത്രകാര്യങ്ങളെക്കുറിച്ചു മാത്രമല്ല, തത്വചിന്താപരമായ കാര്യങ്ങളും ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, പുരുഷാർത്ഥ ചതുഷ്ടയ സങ്കല്പത്തെക്കുറിച്ച് മികച്ചൊരു വിവരണവുമുണ്ട്. ചിദംബര ക്ഷേത്രത്തിലെ അഞ്ച് സഭകളെക്കുറിച്ചുള്ള വിവരണത്തിലും തത്വജ്ഞാനം അടങ്ങിയിരിക്കുന്നു.
(യശ:ശരീരനായ കമുകറ പുരുഷോത്തമന്റെ മകളാണ് സംഗീതജ്ഞയായ ഡോ. ശ്രീലേഖ)
ഫോൺ: 8281665242, 8547700253