k-chandran

പാലക്കാട്: വൃക്ക രോഗത്തിന് ചികിത്സിക്കാൻ പണമില്ലാതിരുന്ന ദേവസ്വം ബോർഡ് ജീവനക്കാരൻ മരിച്ചു. പാലക്കാട് പള്ളിക്കുറുപ്പ് മഹാവിഷ്‌ണു ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരനായിരുന്ന കെ ചന്ദ്രൻ (57) ആണ് മരിച്ചത്. മലബാർ ദേവസ്വം ബോർഡ് ജീവനക്കാരനായിരുന്നു. ശമ്പള കുടിശികയായി നാലുലക്ഷം രൂപയാണ് ചന്ദ്രന് ലഭിക്കാനുണ്ടായിരുന്നത്. ചന്ദ്രന് ചികിത്സയ്ക്കും നിത്യവൃത്തിക്കും പണമില്ലാതെ വന്നതോടെ ദേവസ്വം അധികൃതരെ സമീപിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.

1996 മുതൽ മലബാർ ദേവസ്വം ബോർഡിന് കീഴിലെ ജീവനക്കാരനായിരുന്നു ചന്ദ്രൻ. 2010 മുതൽ 2015വരെ മൂന്നുലക്ഷം രൂപയും സാങ്കേതിക കാരണങ്ങളാൽ പിടിച്ചുവച്ച ഒരുലക്ഷം രൂപയുമാണ് കുടിശിക ഇനത്തിൽ ചന്ദ്രന് ലഭിക്കാനുണ്ടായിരുന്നത്. 2024ൽ രോഗം മൂർച്ഛിച്ചതോടെ സ്വയം വിരമിക്കലിന് അപേക്ഷിച്ചിട്ടും ദേവസ്വം ബോർഡ് പരിഗണിച്ചില്ലെന്നും കുടുംബം ആരോപിച്ചു.

അതേസമയം, ശമ്പള കുടിശികയിൽ ഉത്തരവാദിത്തമില്ലെന്നാണ് മലബാർ ദേവസ്വം ബോർഡിന്റെ വാദം. മലബാർ ദേവസ്വം ബോർഡിനോട് അപേക്ഷിച്ചിട്ടും ഫണ്ട് ലഭിച്ചിരുന്നില്ലെന്നും അതിനാലാണ് ശമ്പളകുടിശിക വന്നതെന്നുമാണ് ക്ഷേത്രത്തിന്റെ എക്‌സിക്യൂട്ടീവ് ഓഫീസർ വ്യക്തമാക്കിയത്. ചട്ടപ്രകാരം വരുമാനമുള്ള അമ്പലങ്ങൾ ജീവനക്കാർക്ക് സ്വയം ശമ്പളം കണ്ടെത്തണമെന്നാണ് ചട്ടം. ചന്ദ്രനുൾപ്പെടെയുള്ളവർക്ക് ശമ്പളം നൽകേണ്ടത് ക്ഷേത്രമാണെന്നുമാണ് മലബാർ ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം. പള്ളിക്കുറുപ്പ് മഹാവിഷ്‌ണു ക്ഷേത്രത്തിന് ചട്ടപ്രകാരം സർക്കാർ ഗ്രാന്റിന് അഹർത ഇല്ലെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.