radhika-apte

ഗർഭിണിയായതിന്റെ ആദ്യ നാളുകളിൽ താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി രാധിക ആപ്‌തെ. ഗർഭകാലത്ത് ഒരു ബോളിവുഡ് സിനിമയുടെ ചിത്രീകരണ വേളയിൽ നേരിട്ട മോശം അനുഭവമാണ് താരം പങ്കുവച്ചത്. നേഹ ധൂപിയയുടെ ഫ്രീഡം ടു ഫീഡ് ലൈവ് സെഷനിൽ സംസാരിക്കുകയായിരുന്നു രാധിക. "ഗർഭിണിയാണെന്ന വാർത്ത കേട്ടപ്പോൾ ഷൂട്ട് നടന്നുകൊണ്ടിരുന്ന ബോളിവുഡ് നിർമ്മാതാവിന് അത്ര ഇഷ്ടപ്പെട്ടില്ല. തണുപ്പൻ പ്രതികരണമാണ് അദ്ദേഹം നടത്തിയത്. എന്റെ അസ്വസ്ഥതയും വീർത്ത വയറും വകവയ്ക്കാതെ ഇറുകിയ വസ്ത്രങ്ങൾ ധരിക്കണമെന്ന് നിർബന്ധിച്ചു.

ആദ്യ മൂന്ന് മാസമായതിനാൽ ധാരാളം ഭക്ഷണം കഴിക്കേണ്ടതുണ്ട്. പതിവ് ശാരീരിക മാറ്റങ്ങളിലൂടെ കടന്നുപോകുകയായിരുന്നു. സെറ്റിൽ വച്ച് വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടപ്പോൾ ഡോക്ടറെ കാണാൻ പോലും അനുവദിച്ചില്ല. എന്നെ അത് ശരിക്കും വിഷമിപ്പിച്ചു. എന്റെ അവസ്ഥകളെ മനസിലാക്കുന്നതിനുപകരം നിർവികാരത നിറഞ്ഞ പെരുമാറ്റമാണ് ആ നിർമ്മാതാവിൽ നിന്ന് നേരിട്ടത്."- രാധിക ആപ്തെ പറഞ്ഞു.

എന്നാൽ ഇതേ സമയത്ത് താൻ വർക്ക് ചെയ്തിരുന്ന ഒരു ഹോളിവുഡ് സിനിമയിലെ വ്യത്യസ്തമായ അനുഭവത്തെക്കുറിച്ചും താരം പറയുന്നു. "സിനിമയുടെ നിർമ്മാതാവ് എന്റെ ഗർഭകാലത്ത് വളരെയധികം പിന്തുണ നൽകിയിട്ടുണ്ട്. പതിവിലും കൂടുതൽ ഭക്ഷണം കഴിക്കുന്നുണ്ടെന്നും ഷൂട്ടിംഗ് അവസാനിക്കുമ്പോഴേക്കും തികച്ചും വ്യത്യസ്തമായ ഒരാളായി കാണപ്പെടുമെന്നും ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞത് ഇന്നും ഓർക്കുന്നു.

വിഷമിക്കേണ്ട, സിനിമയുടെ ചിത്രീകരണം അവസാനിക്കുന്നതോടെ നിങ്ങൾ മറ്റൊരാളായി മാറിയാലും സാരമില്ല. കാരണം നിങ്ങൾ ഗർഭിണിയാണ്.' എനിക്ക് ധൈര്യം പകർന്ന അദ്ദേഹത്തിെന്റെ വാക്കുകൾ എന്റെ മനസു നിറച്ചു."- താരം കൂട്ടിച്ചേർത്തു.