tvm

തിരുവനന്തപുരം: കേന്ദ്ര ടൂറിസം മന്ത്രാലയവും സ്വച്ഛ് ഭാരത് മിഷനും ഗ്രാമീണമേഖലകളില്‍ മികച്ച ആതിഥേയ സേവനം ലഭ്യമാക്കുന്ന ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, ഹോം സ്റ്റേകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സ്വച്ഛതാ ഗ്രീന്‍ ലീഫ് റേറ്റിംഗ് ജില്ലയില്‍ 38 സ്ഥാപനങ്ങള്‍ക്ക് ലഭിച്ചു. സ്ഥാപനങ്ങള്‍ക്കുള്ള ഗ്രീന്‍ ലീഫ് സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ശൈലജ ബീഗം വിതരണം ചെയ്തു. ആറ് സ്ഥാപങ്ങള്‍ക്ക് ഫൈവ് ലീഫും 19 സ്ഥാപങ്ങള്‍ക്ക് ത്രീ ലീഫും, 13 സ്ഥാപനങ്ങള്‍ വണ്‍ ലീഫും ലഭിച്ചു.

രാജ്യത്തെ ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, ലോഡ്ജുകള്‍ എന്നിവയുടെ ശുചിമുറി മാലിന്യ സംസ്‌കരണ സംവിധാനം, ദ്രവ്യമാലിന്യ സംസ്‌കരണ സംവിധാനം, ഖരമാലിന്യ സംസ്‌കരണം എന്നിവ വിലയിരുത്തി ഫൈവ് ലീഫ് സ്റ്റാറ്റസ്, ത്രീ ലീഫ് സ്റ്റാറ്റസ്, വണ്‍ ലീഫ് സ്റ്റാറ്റസ് എന്നിങ്ങനെ തരംതിരിച്ചാണ് റേറ്റിംഗ് നല്‍കുന്നത്.

പരിസ്ഥിതി ദിനവുമായി അനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ ഭരണകൂടവും ജില്ലാ ശുചിത്വമിഷനും സംയുക്തമായി സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ റീല്‍സ് മത്സരങ്ങളുടെ സമ്മാനദാനവും ചടങ്ങിൽ നടന്നു.കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയിൽ ജില്ലാ കളക്ടര്‍ അനുകുമാരി അധ്യക്ഷത വഹിച്ചു. സബ് കളക്ടര്‍ ആല്‍ഫ്രെഡ് ഒ. വി, ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ അരുണ്‍രാജ് പി. എന്‍ എന്നിവർ പങ്കെടുത്തു.