trump-today

ട്രംപിന്റെ തീരുവ സാമ്പത്തിക തളർച്ച രൂക്ഷമാക്കും

കൊച്ചി: ഇന്ത്യൻ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ 50 ശതമാനമായി ഉയർത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടി സംസ്ഥാനത്തെ സാമ്പത്തിക മേഖലയുടെ നട്ടെല്ലൊടിക്കും. പ്രവാസി മലയാളികളുടെ പണമൊഴുക്ക് കഴിഞ്ഞാൽ സംസ്ഥാനത്തിന് ഏറ്റവുമധികം വരുമാനം നൽകുന്ന കയറ്റുമതി മേഖലയിൽ തീരുവ കനത്ത വെല്ലുവിളിയാകും. സമുദ്രോത്പന്നങ്ങൾ, കശു അണ്ടി, കയർ, സുഗന്ധവ്യഞ്ജന, ടെക്‌സ്‌റ്റയിൽ, തേയില തുടങ്ങിയ ഉത്പന്നങ്ങളാണ് കേരളത്തിൽ നിന്ന് അമേരിക്കയിലേക്ക് കയറ്റി അയക്കുന്നത്. കയറ്റുമതി വിപണിയിലെ കേരളത്തിന്റെ എതിരാളികളായ ഇക്വഡോർ, വിയറ്റ്നാം, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ തീരുവ ഇരുപത് ശതമാനത്തിൽ കുറവായതിനാൽ കേരള ഉത്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ പിടിച്ചുനിൽക്കാനാകാത്ത സാഹചര്യമാണെന്ന് കയറ്റുമതിക്കാർ പറയുന്നു.

ഏപ്രിലിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് പത്ത് ശതമാനം അടിസ്ഥാന തീരുവ ഈടാക്കിയപ്പോൾ കയറ്റുമതിക്കാർ അധിക ബാദ്ധ്യത ഏറ്റെടുത്താണ് കയറ്റുമതി സാദ്ധ്യമാക്കിയത്. എന്നാൽ തീരുവ 50 ശതമാനമാകുന്നതോടെ വ്യാപാരം താളംതെറ്റും.

പിടിച്ചുനിൽക്കാൻ പ്രയാസമാകും

തീരുവ 50 ശതമാനമായി ഉയരുന്നതോടെ അമേരിക്കയിലെ ബയിംഗ് ഹൗസുകൾക്കും കേരളത്തിലെ കയറ്റുമതിക്കാർക്കും ഒരുതരത്തിലും വ്യാപാരം നടത്താൻ കഴിയില്ല. സംസ്ഥാനത്തെ സമുദ്രോത്പന്ന കയറ്റുമതി മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങാനിടയുണ്ട്. അമേരിക്കയുമായി വ്യാപാര കരാർ ഒപ്പുവക്കുന്നതു വരെ കയറ്റുമതി മേഖലയ്ക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ധന സഹായം ലഭ്യമാക്കണം

ഡോ. കെ.എൻ രാഘവൻ

സെക്രട്ടറി ജനറൽ

സീഫുഡ് എക്‌സ്പോർട്ടേഴ്‌സ് അസോസിയേഷൻ

ട്രംപിന്റെ അധിക തീരുവ മൽസ്യം, സുഗന്ധവ്യഞ്‌ജനങ്ങൾ, കയർ, തുണിത്തരങ്ങൾ തുടങ്ങിയവയുടെ കയറ്റുമതിക്ക് തിരിച്ചടിയാകും. പുതിയ സാഹചര്യത്തിൽ ഇന്ത്യയുടെ ജി.ഡി.പി വളർച്ച 6.5 ശതമാനത്തിൽ നിന്നും 6.2 ശതമാനമായി കുറഞ്ഞേക്കും

ഡോ. വി.കെ വിജയകുമാർ

ചീഫ് ഇൻവെസ്‌റ്റ്മെന്റ് സ്ട്രാറ്റജിസ്‌റ്റ്

ജിയോജിത്

ചെമ്മീൻ കയറ്റുമതി പ്രധാന വെല്ലുവിളി

പ്രതിവർഷം 60,000 കോടി രൂപയുടെ സമുദ്രോത്പന്നങ്ങളാണ് ഇന്ത്യ അമേരിക്കയിലേക്ക് കയറ്റി അയക്കുന്നത്. ഇതിൽ 20,400 കോടി രൂപയുടെ വരുമാനവും ചെമ്മീൻ, കൊഞ്ച് എന്നിവയുടെ കയറ്റുമതിയിൽ നിന്നാണ്. കഴിഞ്ഞ വർഷം കേരളത്തിലെ സമുദ്രോത്പങ്ങളുടെ കയറ്റുമതി 7,000 കോടി രൂപയ്ക്കടുത്താണെന്ന് കമ്പനികൾ പറയുന്നു.

ചർച്ച വീണ്ടും ആരംഭിച്ചേക്കും

ട്രംപിന്റെ അധിക തീരുവ നടപ്പിലാകുന്ന ആഗസ്‌റ്റ് 27ന് മുൻപ് ഇന്ത്യയും അമേരിക്കയുമായി സ്വതന്ത്ര വ്യാപാര കരാർ സാദ്ധ്യമാകുമെന്ന പ്രതീക്ഷയാണ് കയറ്റുമതിക്കാർക്കുള്ളത്. ട്രംപിന്റെ തീരുവ നീക്കം അമേരിക്കയിൽ വിലക്കയറ്റം രൂക്ഷമാക്കുമെന്നതിനാൽ വിലപേശൽ തന്ത്രം മാത്രമാണിതെന്നും അവർ പറയുന്നു.

പ്രത്യാഘാതങ്ങൾ

1. പരമ്പരാഗത തൊഴിൽ മേഖലകളായ കയർ, കശു അണ്ടി, കാർഷിക,കൈത്തറി മേഖലകളിൽ തൊഴിൽ നഷ്‌ടം രൂക്ഷമാകും

2. കയറ്റുമതി കുറയുന്നതോടെ മത്സ്യം, കാർഷിക ഉത്പന്നങ്ങൾ, തുണിത്തരങ്ങൾ തുടങ്ങിയവയുടെ വില കുത്തനെ ഇടിഞ്ഞേക്കും

3. കയറ്റുമതിയിലുണ്ടാകുന്ന തളർച്ച ആഭ്യന്തര നികുതി വരുമാനത്തെ ബാധിക്കുമെന്നതിനാൽ സർക്കാരിനും തിരിച്ചടി