d

യു.എസ് ബൊട്ടാണിക്കൽ ഗാ‌ർഡനിൽ അപൂർ‌വ്വ പുഷ്പമായ അമോർഫലാസ് ടൈറ്റാനം അഥവാ സുമാത്രൻ ടൈറ്റാനം വീണ്ടും വിരിഞ്ഞു. ശവപുഷ്നം (CORPS FLOWER) എന്നും ഇതറിയപ്പെടുന്നു. വംശനാശ ഭീഷണി നേരിടുന്ന ടൈറ്റാനം എന്ന ഈ പുഷ്പം സസ്യലോകത്തെ ഏറ്റവും ഉയരമുള്ള പുഷ്പമായാണ് കണക്കാക്കുന്നത്. ഒരു വർഷത്തിന് ശേഷമാണ് ബൊട്ടാണിക്കൽ ഗാ‌ർഡനിൽ പൂവ് വിരിഞ്ഞത്. നിരവധി പേരാണ് പൂവ് കാണാൻ ഇവിടെ എത്തുന്നത്. രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ 2-3 ദിവസം മാത്രമാണ് ഈ സസ്യം പൂവിടുന്നത്. പൂവിന് 9 അടി ഉയരത്തിൽ വളരാൻ കഴിയും

പൂവിടുമ്പോൾ പരാഗണകാരികളെ ആകർഷിക്കുന്നതിനായി അഴുകിയ മാംസത്തിന് സമാനമായ ദുർഗന്ധമാണിതിന്,​ രസകരമായ മറ്റൊരു പേരും ഇതിനുണ്ട്. പുരുഷ ലിംഗത്തിനോട് സാദൃശ്യമുള്ളതിനാൽ പെനിസ് ഫ്ലവർ എന്നും ഇതറിയപ്പെടുന്നു. 2025 ആഗസ്റ്റ് ഒന്നിന് 80 ഇഞ്ച് ഉയരത്തിൽ വിടർന്ന പൂവ് ആഗസ്റ്റ് 4--6 തീയതികളിൽ പൂർണമായി വിരിഞ്ഞു. 2017ലും 2021ലും ഇത് പൂവിട്ടിരുന്നു. രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ പൂവ് കൊഴിയുമെങ്കിലും സന്ദർശകർക്കായി ഡസൻ കണക്കിന് ചെടികൾ പൂക്കാനായി ഗാ‌ർഡനിൽ വളർന്ന് നിൽപ്പുണ്ട്.

അസഹ്യമായ ദുർഗന്ധമുള്ള പൂവ് ഇന്തൊനീഷ്യയിലെ സുമാത്രൻ ദ്വീപുകളിലുള്ള മഴക്കാടുകളിൽ മാത്രമാണു സാധാരണ കാണപ്പെടുന്നത്. പത്തു മീറ്റർ വരെ ഇതിന്റെ പൂവിനു ഉയരം വയ്ക്കും. ലോകത്തിലെ ഏറ്റവും വലിയ പൂവായ, സുമാത്രയിൽ നിന്നുള്ള റഫ്ലേഷിയയുമായി പലപ്പോഴും ഇത് ഉപമിക്കപ്പെടാറുണ്ട്. മാംസം അഴുകിയ ഗന്ധം റഫ്ലേഷ്യയ്ക്കുമുള്ളതിനാലാണ് ഈ ഉപമ. എന്നാൽ രണ്ടു പൂക്കളും തമ്മിൽ വലിയ വ്യത്യാസമുണ്ട്.

റഫ്ലേഷ്യയെപ്പോലെ തന്നെ പരാഗണത്തിനായി പ്രാണികളെ ആകർഷിക്കാനായാണ് ഈ പൂവ് ദുർഗന്ധം പുറപ്പെടുവിക്കുന്നത്. മാംസഭോജികളായ ചില വിട്ടിലുകൾ, മാംസം തിന്നുന്ന ഈച്ചകൾ തുടങ്ങിയവയാണ് ഇവയിൽ പ്രധാനമായി പരാഗണം നടത്തുന്നത്.രാസവസ്തുവായ ഡൈമീഥൈൽ ട്രൈ സൾഫൈഡ് പുറന്തള്ളുന്നതു മൂലമാണ് ഈ ഗന്ധം പൂവിൽ നിന്നുയരുന്നത്. ഇത് പ്രാണികളെ പൂവിലേക്ക് ആനയിക്കും. വലിയ ഒരൊറ്റ ഇതൾ ഈ പൂവിലുണ്ടാകും. പരാഗണത്തിനു ശേഷം ഓറഞ്ച് അല്ലെങ്കിൽ ചുവപ്പു നിറമുള്ള കായകൾ ഇതിൽ പിടിക്കും. ഈ കായ ഭക്ഷിക്കുന്ന ചിലയിനം വേഴാമ്പലുകളിൽ നിന്ന് ഇവയുടെ വിത്തുകൾ വീണ്ടും മണ്ണിലെത്തുകയും പുതിയ ചെടി വളരുകയും ചെയ്യും

ആദ്യകാലത്ത് വംശനാശത്തിൽ നിന്ന് ഇവയെ സംരക്ഷിക്കാനായാണ് യൂറോപ്പിലെ ബൊട്ടാണിക്കൽ ഉദ്യാനങ്ങളിലേക്ക് ഇവയെ എത്തിച്ചത്. യൂറോപ്പിലെ ആദ്യ പുഷ്പം ലണ്ടനിലെ റോയൽ ബൊട്ടാണിക്കൽ ഗാർഡനിൽ 1889 ൽ വിരിഞ്ഞു. സുമാത്രയ്ക്കു പുറത്ത് ഈ പുഷ്പം വിരിയുന്നതും അന്നാദ്യമായിരുന്നു.