temple

തെക്കന്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഇപ്പോള്‍ നിറപുത്തരി ഉത്സവകാലമാണ്. ഐശ്വര്യത്തിന്റെയും കാര്‍ഷിക സമൃദ്ധിയുടെയും പ്രതീകമായ നിറപുത്തരി മലയാളി വീടുകളില്‍ നെല്‍ക്കതിരുകള്‍ തൂക്കി ആഘോഷിക്കുന്നു. കരിക്കകം ശ്രീ ചാമുണ്ഡി ദേവി ക്ഷേത്രവും ഈവര്‍ഷത്തെ നിറപുത്തരി ആഘോഷം ഭക്‌സ്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്നു.

നെല്‍ക്കതിരുകള്‍ മനോഹരമായി കോര്‍ത്തെടുത്തു വിവിധ രൂപത്തിലാക്കി ഒരുക്കിയെടുക്കുന്നു അവ പട്ടില്‍ പൊതിഞ്ഞു മനോഹരമായി തക്കിയിടാന്‍ പാകത്തിന് മിടഞ്ഞെടുക്കുന്നു . അവ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നു നടയില്‍ സമര്‍പ്പിക്കുന്നു. ക്ഷേത്ര മേല്‍ശാന്തിയുടെ നേതൃത്വത്തില്‍ പ്രത്യേക പൂജകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ശേഷം ഈ നെല്‍ക്കതിരുകള്‍ ദേവിക്ക് സമര്‍പ്പിച്ച ശേഷം പ്രധാന ശ്രീകോവിലില്‍ നടയുടെ വശത്തായി തൂക്കിയിടുന്നു. തുടര്‍ന്ന് രക്ത ചാമുണ്ഡി, ബാലചാമുണ്ഡി ദേവി നടകളിലും മറ്റു ഉപദേവതകളുടെ നടകളിലും തൂക്കിയ ശേഷം ക്ഷേത്ര തറവാട്ടിലും നാഗര്‍ കാവിലും, ഗുരു മന്ദിരത്തിലും ക്ഷേത്രത്തിന്റെ മറ്റ് സ്ഥാപനങ്ങളിലും തൂക്കിയ ശേഷം ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്തു. അടുത്ത ഒരു വര്‍ഷം മുഴുവന്‍ ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ഭക്തര്‍ ഇത് വീടുകളിലേക്ക് കൊണ്ടുപോയി സൂക്ഷിക്കും.

കരിക്കകം ക്ഷേത്രത്തിന്റെ ചുറ്റിലും ഒരുകാലത്തു സമൃദ്ധമായ നെല്‍പ്പാടങ്ങള്‍ ഉണ്ടായിരുന്നു. ക്ഷേത്രത്തിലെ ഓരോ ഉത്സവത്തിനും പ്രത്തേകം പ്രത്തേകം പാടങ്ങളില്‍ കൃഷി ചെയ്തിരുന്ന ഒരു കാലം ഉണ്ടായിരുന്നെന്ന് ക്ഷേത്രം ചെയര്മാന്‍ രാധാകൃഷ്ണന്‍ നായര്‍ ഓര്‍ത്തെടുക്കുന്നു . ഇപ്രാവശ്യം തമിഴ്‌നാട്ടിലെ ഒരു പാടം നേരത്തെ തന്നെ തിരഞ്ഞെടുത്തു അവിടെത്തെ മുഴുവന്‍ നെല്ലും ക്ഷേത്രത്തിലേക്ക് എത്തിച്ചെന്നു സെക്രട്ടറി അശോക് കുമാര്‍ പറഞ്ഞു. ക്ഷേത്രത്തില്‍ കൊണ്ടുവരുന്ന നെല്‍ക്കതിരുകള്‍ വൃത്തിയാക്കി ക്ഷേത്ര ജീവനക്കാര്‍ ശ്രദ്ധയോടെയും, ഭക്തിയോടെയും മനോഹരമായി കോര്‍ത്തെടുത്താണ് ആഘോഷത്തിനായുള്ള കതിര്‍ക്കുലകള്‍ തയ്യാറാക്കുന്നതെന്ന് ക്ഷേത്ര ട്രസ്റ്റ് മാനേജര്‍ ബിജു പറഞ്ഞു.

പ്രാചീനകാലം മുതലേ തുടര്‍ന്നുവരുന്ന കാര്‍ഷിക ഉത്സവമാണ് നിറപുത്തരിയുന്നു കരിക്കകം ക്ഷേത്രം പ്രസിഡണ്ട് കെ പ്രതാപചന്ദ്രന്‍ അഭിപ്രായപ്പെട്ടു. പ്രാചീനകാലമുതലെ കര്‍ഷകര്‍ ദേവിയുടെ അനുഗ്രഹം കൊണ്ടാണ് സമൃദ്ധമായ അന്നം ലഭിക്കുന്നതെന്നും അതുകൊണ്ടുതന്നെ വിളവെടുക്കുന്ന ആദ്യത്തെ നെല്‍ക്കതിര്‍ ദേവിക്ക് സമര്‍പ്പിച്ചു പൂജിച്ചു വീടുകളിലെ സൂക്ഷിച്ചാല്‍ ആ വര്‍ഷം മുഴുവന്‍ദേവിയുടെ അനുഗ്രഹം ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് ഈ ആചാരം അനേകം നൂറ്റാണ്ടുകളായി നമ്മുടെ നാട്ടില്‍ നിലനിന്നിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരിക്കകം ക്ഷേത്രത്തില്‍ കുടികൊള്ളുന്ന ദേവിയെ വടക്കുഭാഗത്തുനിന്നും മന്ത്രമൂര്‍ത്തിയും അന്നത്തെ കാരണവരും കൂടി കൊണ്ടുവന്നു പച്ചപ്പന്തല്‍കെട്ടി കുടിയിരുത്തി എന്നാണ് സങ്കല്പമെന്നു ട്രസ്‌ററ് ട്രഷറര്‍ ഗോപകുമാര്‍ പറഞ്ഞു. ഒരു ദേവീസങ്കല്പത്തെ മഹാചാമുണ്ഡി, രക്തചാമുണ്ഡി, ബാലചാമുണ്ഡി മൂന്നു ഭാവങ്ങളിലാക്കിയാണ് ഇവിടെ കുടിയിരുത്തിയിരിക്കുന്നതെന്നു ക്ഷേത്രം വൈസ് പ്രസിഡണ്ട് ഓംപ്രകാശ് അഭിപ്രായപ്പെട്ടു. പൂജകള്‍ക്കും നിവേദ്യം നിവേദിക്കാനും മാത്രം നടതുറക്കുന്ന രക്തചാമുണ്ഡി ദേവിയുടെയും ബാല ചാമുണ്ഡി ദേവിയുടെയും നടകള്‍ തുറന്നു പ്രതേക പ്രാര്‍ത്ഥന നടത്തുന്നതാണ് ഇവിടെത്തെ പ്രധാന വഴിപ്പാട് . ഭക്തര്‍ക്കു പ്രാര്‍ത്ഥന നടത്തുവാന്‍ ഒരുചെറിയ തുക പിഴയടച്ചു വേണം പ്രാര്‍ത്ഥനക്കു നടകള്‍ തുറക്കുവാനെന്നു മേല്‍ശാന്തി ശ്രീജേഷ് നാരായണ്‍ അറിയിച്ചു.

സ്വന്തം നെല്‍പ്പാടങ്ങളില്‍ വിളവെടുക്കുന്ന നെല്‍ക്കതിരുകള്‍ ആദ്യം ഈശ്വരന് സമര്‍പ്പിക്കുന്നത് കാര്‍ഷിക സമൃദ്ധി അടുത്ത വര്ഷം മുഴുവനും തുടരാന്‍ ഇടയാക്കുമെന്ന വിശ്വാസനാളില്‍ നിന്നാണ് നിറപുത്തരി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. നെല്‍കൃഷി വ്യാപകമായിരുന്ന ഒരു കാലഘട്ടത്തെയും വിളവെടുപ്പ് ആഘോഷിച്ചിരുന്ന രീതികളെയും ഈ ആചാരങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. തങ്ങളുടെ ആദ്യ വിളവ് കര്‍ഷകര്‍ ക്ഷേത്രങ്ങള്‍ക്ക് സമര്‍പ്പിച്ചിരുന്നത് ഈ അനുഷ്ഠാനത്തിലൂടെയായിരുന്നു. വിളവെടുത്ത നെല്‍ക്കതിരുകള്‍ ക്ഷേത്രങ്ങളില്‍ കൊണ്ടുവരികയും ഈശ്വരന് സമര്‍പ്പിച്ചു പ്രത്യേക പൂജകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ശഷം തിരികെ വീടുകളില്‍ കൊണ്ടുപോയി ഭക്തിയോടെ സൂക്ഷിക്കുകയും ചെയ്യുന്നതാണ് ഈ ആചാരം.

ഒരുകാലത്ത് വയലേലകള്‍ നിറഞ്ഞതും നെല്‍ക്കതിരുകള്‍ സമൃദ്ധമായി വിളഞ്ഞിരുന്നതുമായ നമ്മുടെ നാട് ഇന്ന് നിറപുത്തരി ആഘോഷത്തിനായി നെല്‍കതിരുകള്‍ തേടി അന്യ സംസ്ഥാനങ്ങളെയും നെല്ല് ഗവേഷണ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് കാര്‍ഷിക മേഖലയിലെ മാറ്റങ്ങളുടെ നേര്‍ക്കാഴ്ചയാവുന്നു. നെല്‍കൃഷിയും അതുമായി ബന്ധപ്പെട്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്ന ഒരു കാലഘട്ടത്തില്‍ നിന്ന് കാര്‍ഷിക സംസ്‌കൃതിയുടെ വേരുകള്‍ മാഞ്ഞുപോകുന്നതിനെക്കുറിച്ചുള്ള ആശങ്കകളാണ് ഈ സാഹചര്യം ഉയര്‍ത്തുന്നത്.

നെല്‍കൃഷി കേവലം ഒരു വിള എന്നതിലുപരി ഒരു കാര്‍ഷിക സംസ്‌കാരത്തിന്റെ സുവര്‍ണ്ണ മുദ്രയായിരുന്നു. കൊയ്ത്തും മെതിയും പുന്നെല്ലിന്റെ ഗന്ധവുമെല്ലാം ജീവശ്വാസമായിരുന്ന ഒരു ജനതയുടെ ഓര്‍മ്മപ്പെടുത്തലാണ് നിറപുത്തരി ആഘോഷം. കാര്‍ഷിക സമൃദ്ധിക്കും ഐശ്വര്യത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥനയുടെയും സമര്‍പ്പണത്തിന്റെയും പ്രതീകമായ ഈ ആഘോഷം എല്ലാ വര്‍ഷവും ഭക്തിനിര്‍ഭരമായി നടക്കുന്നു.

കേരള ചരിത്രത്തില്‍ ഈ ആചാരത്തിന് ഒരു പ്രധാന പങ്കുണ്ടായിരുന്നു. ഒരുകാലത്തു തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനം നെല്‍കൃഷിയാല്‍ നിറഞ്ഞിരുന്നു. 18-ാം നൂറ്റാണ്ട് മുതല്‍ തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരി ചടങ്ങിനായി പുത്തരിക്കണ്ടത്തില്‍ നിന്നാണ് നെല്ല് ശേഖരിച്ചിരുന്നത് എന്ന് നിരവധി ചരിത്ര ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ശബരിമല, ഗുരുവായൂര്‍, ആറ്റുകാല്‍, ശ്രീപത്മനാഭസ്വാമി ക്ഷേത്രം, കരിക്കകം ശ്രീ ചാമുണ്ഡി ദേവി ക്ഷേത്രം, അമ്പലപ്പുഴ തുടങ്ങി കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം നിറപുത്തരി ചടങ്ങുകള്‍ ഇപ്പോഴും അനുഷ്ഠാനപൂര്‍വ്വം നടന്നുവരുന്നു. പരമ്പരാഗതമായി തിരുവിതാംകൂര്‍ രാജകുടുംബവും നിറപുത്തരി ദിവസം ആചരിക്കുന്നു. നെല്ലിന്റെയും നെല്‍കൃഷിയുടെയും വിശുദ്ധിക്കും പ്രാമാണികതയ്ക്കും ഉദാത്തമായ സാക്ഷ്യമാണ് ഈ ആഘോഷം.

ആചാരങ്ങളും അനുഷ്ഠാനങ്ങളും ആരാധനാക്രമങ്ങളും ഒരു പരിധി വരെ ഈ കാര്‍ഷിക പാരമ്പര്യത്തിന്റെ നിഴലുകളായി ഇന്നും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, നെല്‍കൃഷി കുറയുന്ന സാഹചര്യത്തില്‍, ഈ ആചാരങ്ങളുടെ ഭാവി എങ്ങനെയാകുമെന്ന ചോദ്യം പ്രസക്തമാവുകയാണ്. നമ്മുടെ കാര്‍ഷിക പൈതൃകം വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ അവസ്ഥ വിരല്‍ ചൂണ്ടുന്നത്.