fish

കൊച്ചി: ട്രോളിംഗ് നിരോധനത്തിന് ശേഷം കടലില്‍ പോയ ബോട്ടുകള്‍ തിരികെയെത്തിയപ്പോള്‍ പ്രധാനമായും ലഭിച്ചത് ഒരു മീന്‍. എറണാകുളത്ത് മുമ്പം ഹാര്‍ബറിലെ കാര്യം പരിശോധിച്ചാല്‍ ഇവിടെ കടലിലേക്ക് പോയ 30 ബോട്ടുകള്‍ തിരികെയെത്തിപ്പോള്‍ പ്രധാനമായും ലഭിച്ചത് കിളിമീനായിരുന്നു. ഏറെക്കുറേ എല്ലാ ബോട്ടുകളിലും ഇത് തന്നെയായിരുന്നു അവസ്ഥ. അധിക വലുപ്പമില്ലാത്തതും എന്നാല്‍ തീരെ ചെറുതല്ലാത്തതുമായ കിളിമീനാണ് ഭൂരിഭാഗം ബോട്ടുകള്‍ക്കും കിട്ടിയത്.

കിളിമീനുകള്‍ കിട്ടിയത് കിലോഗ്രാമിന് 100 രൂപ മുതല്‍ 120 രൂപ വരെ നിരക്കിലാണ് വിറ്റ് പോയത്. കൂട്ടത്തില്‍ വലുപ്പമുള്ളവ 120 എന്ന നിരക്കിലും ശേഷിച്ചവ 100 രൂപ എന്ന നിലയിലുമായിരുന്നു വില്‍പ്പന. വിദേശത്തേക്ക് കയറ്റി അയക്കുന്ന കണവ വിഭാഗത്തില്‍പ്പെട്ട മീനുകളും വലിയ അളവില്‍ ലഭിച്ചു. കിലോയ്ക്ക് 550 രൂപ വരെയാണ് ഇവയ്ക്ക് ലഭിച്ചത്. കേരളത്തിലെ പ്രാദേശിക മാര്‍ക്കറ്റില്‍ കിളിമീനിനോട് അധികം പ്രിയം ജനങ്ങള്‍ കാണിക്കാറില്ല, അതുതന്നെയാണ് ഇവ കുറഞ്ഞ വിലയ്ക്ക് വിറ്റ് പോകുന്നതിന് കാരണവും.

എറണാകുളത്തെ തന്നെ മറ്റൊരു പ്രധാന ഫിഷിംഗ് ഹാര്‍ബറായ കാളമുക്കില്‍ നിന്ന് പോയ ബോട്ടുകളിലും കിളിമീനാണ് അധികവും കിട്ടിയത്. വരും ദിവസങ്ങളില്‍ ഉള്‍ക്കടലില്‍ നിന്ന് മടങ്ങുന്ന ബോട്ടുകളിലും ഇതേ രീതി തന്നെ തുടരാനാണ് സാദ്ധ്യതയെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ചെറിയ വിലയ്ക്ക് വിറ്റിട്ട് പോലും ലക്ഷങ്ങളുടെ കച്ചവടമാണ് കിളിമീന്‍ വില്‍പ്പനയില്‍ നടന്നത്.