കോതമംഗലം: പൂയംകുട്ടി, ഇടമലയാർ വനമേഖലകളിൽ നാല് ആനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പൂയംകുട്ടിയിൽ ഒരു കൊമ്പന്റെയും പിടിയാനയുടെയും ഇന്നലെ രാവിലെയും ഇടമലയാറിൽ ഒരു പിടിയാനയുടെയും കുട്ടിയാനയുടെയും ജഡം വൈകിട്ടോടെയുമാണ് കണ്ടെത്തിയത്.
ഇടമലയാർ ഡാമിന് ഏതാനും കിലോമീറ്റർ അകലെ വെൺമുഴി ഭാഗത്ത് ഒരു വെള്ളച്ചാട്ടത്തിന് താഴെയാണ് പിടിയാനയുടെ ജഡം കണ്ടത്. ഇതിന് കുറച്ചകലെയായി ഏകദേശം ആറ് മാസം പ്രായമുള്ള കുട്ടിയാനയുടെ ജഡവും കണ്ടെത്തി. വെള്ളച്ചാട്ടത്തിന് മുകളിലുള്ള അരുവി മുറിച്ചുകടക്കുന്നതിനിടെ അപകടത്തിൽപ്പെട്ടതാവാം എന്നാണ് നിഗമനം. ഇന്ന് ഇവയുടെ പോസ്റ്റ്‌മോർട്ടം നടത്തും.
പൂയംകുട്ടി പുഴയിൽ നിന്ന് കണ്ടെത്തിയ ആനകളുടെ ജഡം വനപാലകർ വടം ഉപയോഗിച്ച് കരക്കെത്തിച്ചു. പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം ആനകളെ സംസ്‌കരിച്ചു.
ഒരു കിലോമീറ്ററിനുള്ളിലാണ് പൂയംകുട്ടി പുഴയിൽ രണ്ട് ജഡങ്ങളുമുണ്ടായിരുന്നത്. കണ്ടൻപാറയിലും മണികണ്ഠൻചാൽ ചപ്പാത്തിന് സമീപത്തുമാണ് ഇവ അടിഞ്ഞത്. ഏകദേശം 15 വയസ് പ്രായമുണ്ട്.