ന്യൂഡല്‍ഹി: സെപ്തംബര്‍ ഒന്ന് മുതല്‍ വെള്ളി ആഭരണങ്ങള്‍ക്കും പരീക്ഷണാടിസ്ഥാനത്തില്‍ ഹാള്‍ മാര്‍ക്കിംഗ് മുദ്ര പതിക്കും. ആറ് മാസത്തിന് ശേഷം ഹാള്‍ മാര്‍ക്കിംഗ് നിര്‍ബന്ധമാക്കും. പരിശുദ്ധിയുടെ അടിസ്ഥാനത്തില്‍ 99, 97, 92.5, 90, 83.5, 80 എന്നീ ഗ്രേഡുകളിലാവും വെള്ളി ആഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്കിംഗ്.
സ്വര്‍ണാഭരണങ്ങള്‍ ഹാള്‍മാര്‍ക്ക് ചെയ്യുമ്പോള്‍ തൂക്കവും ഫോട്ടോയും ഉള്‍പ്പെടുത്താനും ബ്യൂറോ ഒഫ് ഇന്ത്യന്‍ സ്റ്റാര്‍ന്റേര്‍ഡ്‌സ്(ബി.ഐ.എസ്) തീരുമാനിച്ചു. ബി.ഐ.എസ് വെബ്സൈറ്റില്‍ ഓരോ ആഭരണത്തിന്റെയും യൂണിക് ഹാള്‍മാര്‍ക്കിംഗ് നമ്പര്‍ ഉപയോഗിച്ച് ട്രാക്ക് ചെയ്യുമ്പോള്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കാനാണിത്.
കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് 9 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയതായി ബി.ഐ.എസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ചിത്രഗുപ്ത സ്വര്‍ണ്ണാഭരണ അസോസിയേഷനുകളുടെ യോഗത്തില്‍ അറിയിച്ചൂ.
സ്വര്‍ണ നാണയങ്ങള്‍, ബുള്ളിയനുകള്‍ എന്നിവ ഹാള്‍മാര്‍ക്ക് ചെയ്യാനുള്ള അവകാശം റിഫൈനറികള്‍ക്ക് മാത്രമായി നല്‍കിയത് അംഗീകരിക്കാനാകില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത വ്യാപാരികള്‍ പറഞ്ഞു. സ്വര്‍ണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കുന്ന ബി.ഐ.എസ് നിയമങ്ങള്‍ കേരളമാണ് ആദ്യം നടപ്പാക്കിയതെന്ന് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുല്‍ നാസര്‍ യോഗത്തില്‍ പറഞ്ഞു.