തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എംആർ അജിത് കുമാറിന് വിജിലൻസ് നൽകിയ ക്ലീൻ ചിറ്റ് അംഗീകരിക്കുന്നതിൽ കോടതി ഇന്ന് തീരുമാനം എടുക്കും. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് ഉത്തരവ് പറയുക. കേസ് ഡയറി, അന്വേഷണ റിപ്പോർട്ട് എന്നിവ ഉൾപ്പെടെയുളള രേഖകൾ കോടതി വിളിച്ചുവരുത്തിയിരുന്നു. അന്വേഷണത്തിൽ ഗുരുതര പിഴവുകളുണ്ടായെന്നും എഡിജിപിയുടെ സ്വത്ത് വിവര കണക്കുകൾ പോലും അന്വേഷിച്ചില്ല എന്നാണ് പരാതിക്കാരന്റെ വാദം.ക്ലീൻ ചിറ്റ് സർക്കാരും നേരത്തേ അംഗീകരിച്ചിരുന്നു.
പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളിലായിരുന്നു അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടന്നത്. തുടർന്ന് അജിത് കുമാറിന് അനധികൃത സ്വത്ത് സമ്പാദനം ഇല്ലെന്ന് വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകുകയായിരുന്നു..
നേരത്തേ സായുധ പൊലീസ് ബറ്റാലിയൻ മേധാവിയായിരുന്ന അജിത് കുമാറിനെ കഴിഞ്ഞമാസം അവസാനമാണ് എക്സൈസ് കമ്മിഷണറായി നിയമിച്ചത്. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ശബരിമല സന്നിധാനത്തേക്ക് ട്രാക്ടറിൽ യാത്ര ചെയ്ത അജിത് കുമാറിനെതിരെ നടപടിയെടുക്കണമെന്ന് കാട്ടി ഡിജിപി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഹൈക്കോടതിയും അജിത്‌കുമാറിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ചിരുന്നു.ഇതിനെ തുടർന്നാണ് അജിത് കുമാറിനെ പൊലീസിൽ നിന്നും മാറ്റാൻ തീരുമാനിച്ചത്. കഴിഞ്ഞ മേയിൽ അജിത്തിനെ എക്സൈസ് കമ്മിഷണറായി നിയമിച്ചെങ്കിലും ജീവനക്കാരുടെ സംഘടനകളുടെ അടക്കം എതിർപ്പിനെത്തുടർന്ന് നിയമനം റദ്ദാക്കിയിരുന്നു.