മുംബയ്: ഏഷ്യാ കപ്പിലേക്കും അതിനുശേഷം നടക്കുന്ന വെസ്റ്റ് ഇൻഡീസുമായുള്ള ടെസ്റ്റ് പരമ്പരയിലേക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. ഈ രണ്ട് പരമ്പരയിലും വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ഉണ്ടാകില്ല എന്ന് റിപ്പോർട്ട്. ഇന്ത്യ-ഇംഗ്ളണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിൽ പന്തിന്റെ വലത് കാലിനേറ്റ പരിക്ക് ഭേദമാകാത്തതാണ് കാരണം. മാഞ്ചസ്‌റ്റർ ടെസ്റ്റിൽ ക്രിസ് വോക്‌സിന്റെ യോർക്കർ ബോൾ റിവേഴ്‌സ് സ്വീപ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് പന്തിന് കാലിൽ ഗുരുതര പരിക്കേറ്റത്. തുടർന്ന് റിട്ടയേർഡ് ഹർട്ടായി പ്രത്യേക വാഹനത്തിൽ പന്ത് മടങ്ങി. എന്നാൽ ഇന്ത്യൻ സ്‌കോർ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 314 എന്നെത്തിയ സമയം തിരികെ മടങ്ങിയെത്തിയ പന്ത് അർദ്ധ സെഞ്ച്വറി നേടിയിരുന്നു.
ഈ മത്സരശേഷം അഞ്ചാം ടെസ്റ്റിൽ പന്ത് കളിച്ചിരുന്നില്ല. തുടർന്നുള്ള ഏഷ്യാകപ്പിലും വിൻഡീസ് പരമ്പരയിലും പന്ത് കളിക്കില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അതിനിടെ അഞ്ചാം ടെസ്‌റ്റിൽ പരിക്കേറ്റ ഇംഗ്ളണ്ട് പേസ് ബൗളർ ക്രിസ് വോക്‌സിനെ പിന്തുണയ്‌ക്കുന്ന സമൂഹമാദ്ധ്യമ പോസ്റ്റ് പന്ത് പങ്കുവച്ചിരുന്നു. നിരവധി പ്രതികരണങ്ങളും ഇതിന് ലഭിച്ചു. ഇന്ത്യയുടെ അടുത്ത പരമ്പരയായ ഏഷ്യാ കപ്പ് നടക്കുന്ന വേദികൾ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായും അബുദാബിയുമാണ് ഏഷ്യാകപ്പ് ട്വന്റി20 മത്സരങ്ങൾക്ക് വേദിയാകുക. സെപ്‌തംബർ ഒൻപത് മുതൽ 28 വരെയാണ് മത്സരങ്ങൾ. ദുബായിൽ 11 മത്സരങ്ങളും അബുദാബിയിൽ എട്ട് മത്സരങ്ങളും നടക്കും.
ഗ്രൂപ്പ് എയിൽ പെടുന്ന ഇന്ത്യയ്‌ക്ക് യുഎഇ, പാകിസ്ഥാൻ, ഒമാൻ എന്നിവരുമായാണ് ആദ്യഘട്ടത്തിൽ മത്സരങ്ങൾ. തുടർന്ന് സൂപ്പർ ഫോർ പോരാട്ടത്തിലേക്ക് ഈ ടീമുകളിൽ രണ്ടെണ്ണം എ ഗ്രൂപ്പിൽ നിന്ന് തെരഞ്ഞെടുക്കപ്പെടും. ഗ്രൂപ്പ് ബിയിൽ ബംഗ്ളാദേശ്, ശ്രീലങ്ക, അഫ്‌ഗാനിസ്ഥാൻ, ഹോങ്കോംഗ് എന്നീ ടീമുകളാണുള്ളത്.