mi17

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ധരാളിയിൽ ചൊവ്വാഴ്‌ചയുണ്ടായ മിന്നൽ പ്രളയത്തിൽ അകപ്പെട്ടവരുടെ രക്ഷാപ്രവർത്തനവും കാണാതായവർക്കുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. ഹർസിൽ-ധരാളി താഴ്‌വരയിൽ ദുരന്തമുണ്ടായയുടൻ സൈന്യം രക്ഷാപ്രവർത്തനത്തിന് എത്തിയിരുന്നു. വ്യോമസേനയുടെ മികവാർന്ന രക്ഷാവിമാനങ്ങളും ഹെലികോപ്റ്ററുകളും രക്ഷപ്പെടുത്തിയത് 226ഓളം സാധാരണക്കാരെയാണ്. ഇതിനായി 130ഓളം എൻഡിആർ‌എഫ്, എസ്‌ഡിആർ‌എഫ്, കരസേന അംഗങ്ങളെ ദുരന്തബാധിത സ്ഥലത്ത് എത്തിക്കാൻ വ്യോമസേനക്കായി. 20 ടൺ ദുരിതാശ്വാസ സഹായത്തിനായി ആവശ്യമായ വസ്‌തുക്കൾ എത്തിക്കാനും സേനയ്‌ക്കായി. രക്ഷാദൗത്യത്തിൽ പങ്കെടുത്തത് വ്യോമസേനയുടെ ഈ വിമാനങ്ങളും ഹെലികോപ്റ്ററുകളുമാണ്.

എംഐ-17വി ഹെലികോപ്റ്ററുകൾ

എംഐ-8/17 ഹെലികോപ്റ്റർ കുടുംബത്തിൽ പെട്ട മറ്റൊരു വേരിയന്റാണ് എംഐ-17വി ഹെലികോപ്റ്ററുകൾ. റഷ്യൻ നിർമ്മിതമായ മിലിട്ടറി ട്രാൻസ്‌പോർട് ഹെലികോപ്റ്ററുകളായ ഇവ സൈനികരെയും കാർഗോയും എത്തിക്കാൻ ഒരുപോലെ ഉപയോഗിക്കുന്നവയാണ്. ശക്തമായ എഞ്ചിനും, ഫുൾഗ്ളാസ് കോക്‌പിറ്റും കാലാവസ്ഥാ റഡാറും ഉള്ള ഇവ ഏത്ര ഉയരത്തിലുള്ള വിഷമകരമായ ദൗത്യത്തിനും ഉപയോഗത്തിന് സഹായിക്കുന്നു. രാത്രികാല ഓപ്പറേഷനും ഇവ അനുയോജ്യമാണ്.

chinook

ചിനൂക്ക് ഹെലികോപ്റ്ററുകൾ

ലോകത്തിലേറ്റവും കരുത്താ‌ർന്ന ഹെലികോപ്‌റ്ററുകളിൽ ഒന്നാണ് ചിനൂക്ക് ഹെലികോപ്റ്ററുകൾ. 1962ൽ നിർമ്മാണം ആരംഭിച്ചവയാണ് ഇവ. അമേരിക്കൻ നിർമ്മിതമായ ചിനൂക്ക്, റോഡ് മുഖാന്തരം സൈനിക വാഹനങ്ങളടക്കം എത്തിക്കാൻ പ്രയാസമുള്ള ഭാഗങ്ങളിൽ ദൗത്യത്തിന് ചിനൂക്ക് ഉപയോഗിക്കുന്നു. യുദ്ധ ടാങ്കുകളടക്കം 12 ടൺ വരെ ഭാരം എളുപ്പം ചുമന്ന് വളരെ ഉയരത്തിൽ പറക്കാൻ കഴിയും. ഒരുസമയം 55 പേരെ വഹിക്കാനും സാധിക്കും.

aircraft

സി-295, എഎൻ-32 വിമാനങ്ങൾ

രക്ഷാദൗത്യങ്ങൾക്ക് ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്ന വിമാനങ്ങളാണ് എഎൻ-32ഉം സി-295ഉം. ഏഴര ടൺ ഭാരം വഹിക്കാൻ ശേഷിയുള്ളവയാണ് എഎൻ-32 വിമാനങ്ങൾ. എന്നാൽ ഒൻപത് ടൺ വരെ ഭാരം വഹിക്കുന്നവയാണ് സി-295 വിമാനങ്ങൾ. മീഡിയം ടാക്‌ടിക്കൽ ട്രാൻസ്‌പോർട് എയർ‌ക്രാഫ്‌റ്റ് ആണ് സി-295. നിലവിൽ ഇന്ത്യയ്‌ക്ക് ഇത്തരത്തിൽ 56 വിമാനങ്ങളുണ്ട്.

സത്‌ലജ് എന്ന പേരിൽ ഇന്ത്യൻ എയർഫോഴ്‌സിൽ വിളിക്കപ്പെടുന്ന എഎൻ-32 വിമാനങ്ങൾ ഒരു ട്വിൻ എൻജിൻ ടർബോറൂഫ് എയർക്രാഫ്‌റ്റ് ആണ്. ആളുകളെയും കാർഗോയും മറ്റും പ്രധാനയിടങ്ങളിൽ എത്തിക്കാൻ ഇവ ഉപയോഗിക്കുന്നു. വൈകാതെ ഇവയ്‌ക്ക് പകരം സേന സി-295 വിമാനങ്ങളെ ഉപയോഗിക്കും എന്നാണ് വിവരം.