mohanlal

ദിവസങ്ങൾക്ക് മുമ്പാണ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ബിഗ് ബോസ് 7 ആരംഭിച്ചത്. ഷോയുടെ ആദ്യ എവിക്ഷൻ വരാൻ പോകുകയാണ്. രേണു സുധിയും അനുമോളും രഞ്ജിത്തും അടക്കം എട്ട് മത്സരാർത്ഥികളാണ് ആദ്യ എവിക്ഷനിലുള്ളത്. ഇതിലാരാകും പുറത്തുപോകുകയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഈ സാഹചര്യത്തിൽ പ്രേക്ഷകർ ബുദ്ധിപൂർവം വേണം വോട്ട് ചെയ്യാനെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഷോയുടെ അവതാരകനായ മോഹൻലാൽ.


'അങ്കം തുടങ്ങിയ സ്ഥിതിക്ക് പറയാനുള്ളത് നിങ്ങളോടാണ്. പാടത്ത് പണി വരമ്പത്ത് കൂലി. അതാണ് ഇത്തവണത്തെ ലൈൻ. കൂലി എന്ന് പറഞ്ഞാൽ നിങ്ങളുടെ ഓരോ വിലപ്പെട്ട വോട്ടും. അത് ബുദ്ധിപൂർവം വിനിയോഗിക്കുക. അല്ലാതെ ആർമികളുടെയും പിആർ ടീമുകളുടെയും വാക്കുകൾ കേട്ട് ജയ് വിളിക്കരുത്.

പച്ചാളം ഭാസികളെയും പിആർ രാജാക്കന്മാരെയും തിരിച്ചറിയാതെ പോകരുത്. സേഫ് ഗെയിമും കളിച്ച് ബിഗ് ബോസ് വീട്ടിൽ വാഴകളായി നിൽക്കാൻ വന്നവരെ കണ്ടംവഴി ഓടിക്കണം. കണ്ടന്റ് തരുന്നവർ മാത്രം മതി ഷോയിൽ. എന്നാലേ എൻഗേജിംഗ് ആകൂ, എന്റർടെയിനിംഗ് ആകൂ. പ്രതികരിക്കുന്നവരെയും നിലപാടുള്ളവരെയും എവിക്ടാക്കി അലസന്മാരെയും അർഹതയില്ലാത്തവരെയും ഷോയിൽ നിർത്തിയാൽ പണി നിങ്ങൾക്കാകും കിട്ടുക. അന്നേരം അയ്യോ ഈ സീസണിൽ അത് ശരിയായില്ല, ഇത് ശരിയായില്ല എന്ന പരാതിയും പൊക്കി വന്നേക്കല്ലേ. ഞങ്ങളുടെ കൂടെ നിങ്ങളും പണിയെടുത്താലേ ഏഴിന്റെ പണിയാകൂ. അതോർമ വേണം. അപ്പോൾ സവാരി ഗിരി ഗിരി.'- മോഹൻലാൽ പറഞ്ഞു.


അതേസമയം, രേണു സുധിയെ മത്സരാർത്ഥികളിലൊരാളായ അക്ബർ ഖാൻ സെപ്റ്റിക് ടാങ്ക് എന്ന് വിളിച്ചത് ബിഗ് ബോസിനകത്തും പുറത്തും വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു. വിഷയത്തിൽ മോഹൻലാലിന്റെ പ്രതികരണം എന്തായിരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയും പ്രേക്ഷകർക്കുണ്ട്.