dr-haris-chirakkal

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറക്കലിന്റെ മുറിയിൽ നിന്ന് ഉപകരണം കണ്ടെത്തിയെന്നും സമീപത്തെ പെട്ടിയിൽ ചില ബില്ലുകളുണ്ടായിരുന്നുവെന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ‌ഡോ.പി കെ ജബ്ബാർ. ഡോ.ഹാരിസിന്റെ മുറിയിൽ നിന്ന് പെട്ടി കണ്ടെത്തിയതിൽ അസ്വാഭാവികതയുണ്ട്. ഇക്കാര്യം വിശദമായി പരിശോധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് ഡോ.ജബ്ബാർ ഇക്കാര്യം അറിയിച്ചത്. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.സുനിൽ കുമാറും വാർ‌ത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

തന്റെ മുറി വേറൊരു താഴിട്ട് പൂട്ടിയെന്നും തന്നെ കുടുക്കാനും വ്യക്തിപരമായി ആക്രമിക്കാനും ബോധപൂർവ്വം ശ്രമിക്കുകയാണെന്നുമുള്ള ഡോ. ഹാരിസിന്റെ ആരോപണത്തിന് മറുപടിയുമായാണ് ‌ഡോ.ജബ്ബാർ വാർത്താസമ്മേളനം വിളിച്ചുചേർത്തത്. സൂപ്രണ്ടിനെ ആരോ ഫോണിൽ വിളിച്ച് നിർ‌ദേശിച്ചതിനെത്തുടർന്ന് അന്വേഷണ റിപ്പോർട്ട് മുഴുവൻ വായിക്കാൻ അദ്ദേഹം ഡോ.ജബ്ബാറിനോട് ആവശ്യപ്പെട്ടു. തുടർന്നാണ് ഉപകരണം കാണാനില്ലെന്ന് വിദഗ്ദ്ധ സമിതി കണ്ടെത്തിയെന്നും ഡോ.ഹാരിസ് ഇത് സമ്മതിച്ചുവെന്നും അന്വേഷണ റിപ്പോർട്ടിൽ നിന്ന് പ്രിൻസിപ്പൽ മാദ്ധ്യമങ്ങളെ അറിയിച്ചത്.

അതേസമയം, കാണാതായ ഉപകരണത്തിന്റെ ഫോട്ടോയിൽ ഉള്ളതല്ല ഹാരിസിന്റെ മുറിയിൽ നിന്ന് കണ്ടെത്തിയ ഉപകരണമെന്നാണ് സൂപ്രണ്ട് വ്യക്തമാക്കിയത്. ഹാരിസിന്റെ മുറിയിൽ ഒരാൾ കയറുന്നത് സിസിടിവിയിൽ കണ്ടതുകൊണ്ടാണ് പഴയത് മാറ്റി പുതിയ താഴിട്ട് പൂട്ടിയത്. പൂട്ട് പൊളിച്ചിട്ടാണോ, താക്കോൽ ഉപയോഗിച്ചാണോ മുറിയിൽ കടന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിനിടെ സൂപ്രണ്ടിനെ ആരാണ് വിളിച്ചതെന്നും നിയന്ത്രിച്ചതെന്നുമുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്.

ഡോ. ഹാരിസ് ഒരു വിഷയം ഉന്നയിച്ചത് വലിയ വിവാദമായതോടെ അതന്വേഷിക്കാൻ സർക്കാരാണ് സമിതിയെ നിയോഗിച്ചതെന്ന് ഡോ.ജബ്ബാർ പറഞ്ഞു. പ്രഗത്ഭരായ ഡോക്‌ടർമാർ അടങ്ങുന്ന സമിതി വിഷയം അന്വേഷിച്ച് ശുപാർശകൾ നൽകി. യൂറോളജി വിഭാഗത്തിൽ ഒരു ഉപകരണം കാണുന്നില്ലെന്ന് അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ശനിയാഴ്‌ച ഡിഎംഇയുടെ നേതൃത്വത്തിൽ പലയിടത്തും പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. വകുപ്പ് മേധാവിയായ ഡോ.ഹാരിസിന്റെ മുറിയും പരിശോധിക്കണമെന്ന് പറഞ്ഞതനുസരിച്ച് യൂറോളജി വിഭാഗത്തിലെ ഡ‌ോ. ടോണിയുടെ സാന്നിദ്ധ്യത്തിൽ ഞാൻ അവിടെ പരിശോധിച്ചു. ടോണിയിൽ നിന്നാണ് മുറിയുടെ താക്കോൽ വാങ്ങിയത്.

ഒരു പെട്ടിയിൽ മോസിലോസ്‌കോപ്പ് എന്ന ഉപകരണം ഡോ.ടോണി കാട്ടിത്തന്നു. വിശദ പരിശോധന വേണമെന്ന് തോന്നിയതിനാൽ ഇന്നലെ വീണ്ടും ഡോ.ഹാരിസിന്റെ ഓഫീസിലെത്തി. ഡിഎംഇ അടക്കുമുള്ളവർ ഒപ്പമുണ്ടായിരുന്നു. തലേന്ന് കണ്ട ചെറിയ പെട്ടിക്കൊപ്പം ഒരു വലിയ പെട്ടിയും അവിടെയുണ്ടായിരുന്നു. തലേദിവസം അതുണ്ടായിരുന്നില്ല. അതിൽ ചില ബില്ലുകളുമുണ്ടായിരുന്നു. ഓഗസ്റ്റ് രണ്ടിന് മോസിലോസ്‌കോപ്പ് വാങ്ങിയതിന്റെ ബില്ലായിരുന്നു അത്. മറ്റൊരു പെട്ടിയിൽ നെഫ്രോസ്‌കോപ്പ് എന്ന ഉപകരണവും കണ്ടു. അസ്വാഭാവികത തോന്നിയതിനാലാണ് കൂടുതൽ പരിശോധിച്ച് സർക്കാരിന് റിപ്പോർ‌ട്ട് നൽകാൻ തീരുമാനിച്ചതെന്നും ഡോ.ജബ്ബാർ വ്യക്തമാക്കി. അതേസമയം, പരിശോധന നടന്ന ദിവസങ്ങളിൽ ഡോക്‌ടർ ഹാരിസ് അവധിയിലായിരുന്നു.